തലച്ചോറിനെ കാർന്ന് തിന്നുന്ന രോ​ഗം പടർത്തുന്ന ഒച്ച് ; സംസ്ഥാനത്ത് 3 പേർക്ക് രോ​ഗബാധ ; ജാ​ഗ്രത

തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂർവ മെനിഞ്ചൈറ്റിസ് രോഗം കോട്ടയത്ത് മധ്യവയസ്കനിൽ സ്ഥിരീകരിച്ചു. ഒച്ചിൽ നിന്നാണ് രോഗം
മനുഷ്യരിലേക്ക് പടരുന്നതെന്നാണ് റിപ്പോർട്ട്. ഒച്ചിന്റെ ശരീരത്തിലെ വിരകൾ മനുഷ്യശരീരത്തിൽ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിതെന്ന് ഡോ. സുജിത് ചന്ദ്രൻ വ്യക്തമാക്കി. അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് ഇപ്പോൾ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യസമയത്ത് തന്നെ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഇതിനു മുൻപ് 2 പേരിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടർമാർ പറയുന്നു.ഒച്ചിന്റെ ശരീരത്തിൽ കാണുന്ന സൂക്ഷ്മമായ വിരവർഗത്തിൽപെട്ട (ആൻജിയോസ്ട്രോൻജൈലസ്‌ കന്റൊനെൻസിസ് ) ജീവി ആണ് ഇസ്നോഫിലിക്ക്‌ മെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. എലികളിൽ നിന്നാണ് ഈ വിരകൾ ഒച്ചുകളിൽ എത്തുന്നത്. ഒച്ച് ഇഴഞ്ഞ് പോകുന്നതോ, ഒച്ച് വീണതോ ആയ ജലത്തിൽ ഇത്തരം വിരകളുടെ സാന്നിധ്യമുണ്ടാകും. ഈ വെള്ളം
ഉപയോഗിക്കുന്നതിലൂടെ വിരകൾ മനുഷ്യരിലേക്ക് പ്രവേശിക്കും.

വെള്ളത്തിലൂടെ ശരീരത്തിൽ എത്തുന്ന വിരകൾ രക്തത്തിൽ പ്രവേശിക്കുകയും പിന്നീട് ഇവ തലച്ചോറിനുള്ളിലെ ആവരണത്തിൽ എത്തി അണുബാധ ഉണ്ടാക്കുകയുമാണ് ചെയ്യുക. അതിരമ്പുഴ സ്വദേശിയുടെ വീട്ടിൽ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. ഇത്തരത്തിൽ വെള്ളം ഉപയോഗിച്ചത് വഴിയാകാം ഇയാൾക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. കടുത്ത തലവേദനയോടെയാണ് രോഗി ചികിത്സ തേടിയത്. പനി ഇല്ലാതെ ഉണ്ടായ തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു സിടി സ്കാൻ, എംആർഐ, എആർവി സ്കാൻ പരിശോധനകൾ നടത്തിയെങ്കിലും രോഗനിർണയം സാധ്യമായില്ല. തുടർന്നു നട്ടെല്ല് കുത്തി സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ഇസ്‌നോഫിലിയ 70 ശതമാനം ആണെന്നു കണ്ടെത്തുകയായിരുന്നു.

Related posts

Leave a Comment