‘ഇതിഹാസം : ഉമ്മന്‍ ചാണ്ടി നിയമസഭയിലെ അര നൂറ്റാണ്ട് പുസ്തക പ്രകാശനം ഇന്ന്

തിരുവനന്തപുരം: നിയമസഭയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി വര്‍ക്കിങ് കമ്മിറ്റി അംഗവും ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വീക്ഷണം പുറത്തിറക്കുന്ന കോഫി ടേബിള്‍ ബുക്ക് ‘ഇതിഹാസം’ ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന് നല്‍കി പ്രകാശനം ചെയ്യും. വീക്ഷണം ചെയര്‍മാനും കെ.പി.സി.സി പ്രസിഡന്റുമായ കെ സുധാകരന്‍ എം.പി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്, സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍, മുന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, എം.പിമാര്‍, എം.എല്‍.എമാര്‍, എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രധാന നേതാക്കള്‍, സാമൂഹ്യസാംസ്‌കാരിക സാഹിത്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാസ്‌കാരിക, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരുള്‍പ്പെടെ നാനാതുറകളിലെ നൂറിലേറെപ്പേര്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള അവരുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നുവെന്ന് വീക്ഷണം മാനേജിങ് ഡയറക്ടര്‍ ജയ്‌സണ്‍ ജോസഫ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ അരനൂറ്റാണ്ടിലേറെയുള്ള ചരിത്രമായി പുസ്തകം വിലയിരുത്തപ്പെടും. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ പൊതുസ്വത്താകുന്ന നേതാവ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം മാധ്യമരംഗത്തും ചരിത്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദേശങ്ങളും അനുഭവക്കുറിപ്പുകളും നല്‍കി സോണിയ ഗാന്ധി മുതല്‍ പിണറായി വിജയന്‍ വരെ വിവിധ മേഖലകളിലെ പ്രമുഖര്‍ പുസ്തകം പുറത്തിറക്കുന്നതിന് നിര്‍ലോഭമായ സഹകരണം നല്‍കിയെന്നും എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നവെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു.

Related posts

Leave a Comment