ഭാരതപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം : ഭാരതപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പേരശ്ശനൂര്‍ എടച്ചലം പന്നിക്കഴായില്‍ അബ്ദുല്‍കരീമിന്റെ മകന്‍ സഹദി(24) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്.ഒഴുക്കില്‍പ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപ്പെടുത്തുന്നതിനിടെയാണ് സഹദ് ഒഴുക്കില്‍ പെട്ടത്. പൊന്നാനി, തിരൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ സ്‌കൂബാ ഡൈവിങ് വിദഗ്ധരും പരിശോധന നടത്തി. കൂടാതെ, പൊന്നാനി കോസ്റ്റല്‍ പോലീസും ഇരിമ്പിളിയത്തുനിന്നുള്ള മുങ്ങല്‍വിദഗ്ധരും കൂട്ടായിയില്‍നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ സംഘവും പരിശോധന നടത്തി.പോലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. മിനിപമ്പയിലെ രക്ഷാപ്രവര്‍ത്തകരും ട്രോമാകെയര്‍ വിഭാഗവും പുഴയില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. രാത്രിയോടെ നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെ ആരംഭിച്ചപ്പോഴാണ് ലഭിച്ചത്.സഹോദരന്‍ സാബിത്ത്, ബന്ധുവായ ഷാഹുല്‍ഹമീദ് എന്നിവരോടൊപ്പമാണ് സഹദ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ട സാബിത്തിനെയും ഷാഹുല്‍ഹമീദിനെയും രക്ഷിക്കുന്നതിനിടെയാണ് സഹദ് കയത്തിലെ ഒഴുക്കില്‍പ്പെട്ടത്. ഇരുവരും കയത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും സഹദ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു

Related posts

Leave a Comment