‘കേരളവും കുറച്ചു……എന്ത്..?’ ; ക്യാപ്‌സ്യൂളൊരുക്കിയ ദേശാഭിമാനി ലേഖകന്റെ ഗവേഷണസാമർത്ഥ്യം ചെറുതൊന്നുമല്ല

പി സജിത്ത് കുമാർ

പാർട്ടി മുഖപത്രമെന്നാൽ ദേ ഇതാണ്. ദേശാഭിമാനി..വാർത്തകൾ വ്യത്യസ്തമാകണമെന്ന് ദേശാഭിമാനിക്ക് നിർബന്ധമുണ്ട്. മറ്റു പത്രങ്ങളിൽ വരുന്നതിൽ നിന്നു വ്യത്യസ്തമാകണം. അതല്ലെങ്കിൽ ബൂർഷ്വാഗണത്തിൽ പെടും.ഇന്നലെ എല്ലാ പത്രങ്ങളും കേരളം നികുതി കുറക്കില്ല എന്ന സംസ്ഥാന ധനമന്ത്രിയുടെ പ്രസ്താവന പ്രധാന വാർത്തയായി നൽകി. നികുതി കുറക്കില്ലെന്ന് കേരളത്തിന്റെ ധനമന്ത്രി പറയുന്നത് ദേശാഭിമാനിക്ക് അത്ര ശരിയായി തോന്നിയില്ല. പെട്രോൾ – ഡീസൽ വില കേരളവും കുറച്ചു എന്നാണ് ദേശാഭിമാനി ഇന്നലെ തലക്കെട്ടു നൽകിയത്. ഈ നാട്ടിൽ സകലരും ഒരേ സ്വരത്തിൽ സർക്കാരിനോട് ആവശ്യപ്പെടുന്നൊരു കാര്യമാണ് ദേശാഭിമാനി സാധിച്ചു കൊടുത്തത്. രാവിലെ ദേശാഭിമാനി വായിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും അതിശയപ്പെട്ടു കാണണം. നികുതി കുറയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ധനമന്ത്രി കണക്കുകൾ നിരത്തി വ്യക്തമാക്കിയപ്പോൾ അതിനെ വെല്ലുന്നൊരു കണക്കുണ്ടാക്കി ക്യാപ്‌സ്യൂളൊരുക്കിയ ദേശാഭിമാനി ലേഖകന്റെ ആ ഗവേഷണസാമർത്ഥ്യം ചെറുതൊന്നുമല്ല. പാർട്ടി കോൺഗ്രസിൽ പ്രത്യേകംഒരാദരവ് നൽകുക തന്നെ വേണം.

നികുതിയൂറ്റിന്റെ കാര്യത്തിൽ കേരളത്തിൽ ഒരിളവും നൽകേണ്ടെന്ന് സിപിഎം തീരുമാനിച്ചതാണ്. മന്ത്രി പറഞ്ഞത് പാർട്ടിയുടെ നിലപാടാണ്. കേന്ദ്രം കുറച്ചപ്പോൾ കേരളത്തിനും നികുതിയിനത്തിൽ ആനുപാതികമായി ചെറിയൊരു ഇടിവ് തട്ടി. അത് പിണറായി സർക്കാരിന്റെ ഔദാര്യമാണെന്നു വരുത്തിത്തീർക്കുകയായിരുന്നു സിപിഎം മുഖപത്രം.ഡീസലിന് 2 രൂപ 30 പൈസയും പെട്രോളിന് ഒരു രൂപ 56 പൈസയും സംസ്ഥാനത്തിന് നികുതിയിനത്തിൽ കുറവു വന്നിട്ടുണ്ടെന്നാണ് ദേശാഭിമാനി പറയുന്നത്. ശരിയാണ്, കേന്ദ്രം നികുതി കുറച്ചപ്പോൾ സംസ്ഥാനത്തിനും സ്വാഭാവിക വരുമാനക്കുറവുണ്ടാകും. അത് പരിഹരിക്കണമെങ്കിൽ നികുതി വീണ്ടും കൂട്ടണം. 110 കടന്ന പെട്രോളിന് 104 രൂപയായപ്പോൾ സ്വാഭാവികമായും നികുതിയിനത്തിൽ ഉണ്ടാകുന്ന കുറവവും പരിഹരിക്കാൻ നികുതി വർധിപ്പിക്കാതിരുന്നതിനെയാണ് കേരളവും വില കുറച്ചു എന്ന പച്ചക്കള്ളമായി തലക്കെട്ടു നൽകി ദേശാഭിമാനി വായനക്കാരെ പൊട്ടന്മാരാക്കിയത്. ദേശാഭിമാനി വായിക്കുന്നവർക്ക് അത്രയൊക്കെയേ വിവരമുള്ളൂവെന്നും പാർട്ടി മുഖപത്രത്തിലെ ഗവേഷകർ വിലയിരുത്തിക്കാണും.

ഇനി ധനമന്ത്രി ബാലഗോപാലനിലേക്ക്. അദ്ദേഹം പറഞ്ഞത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 തവണ പെട്രോളിന്റേയും ഡീസലിന്റേയും നികുതി കൂട്ടിയിട്ടുണ്ടെന്നാണ്. കേന്ദ്രം കൂട്ടുമ്പോഴൊക്കെ അധികനികുതി വരുമാനം വേണ്ടെന്നു വെച്ച് കേരളത്തിൽ ഇളവു വരുത്തിയ ഉമ്മൻചാണ്ടി സർക്കാരിന്റെ നടപടികളെ മറന്നു കൊണ്ടാണ് ഈ കണക്ക് ‘ബാൽഗോപാൽ’ അവതരിപ്പിച്ചത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്രൂഡ് ഓയിൽ വില ബാരലിന് 141 ഡോളർ കടന്നിട്ടും എണ്ണവില 70 രൂപ കടന്നിട്ടില്ല എന്ന കാര്യം ധനമന്ത്രിക്ക് അറിയാത്തതൊന്നുമല്ല. അന്ന് യുപിഎ സർക്കാരായിരുന്നു കേന്ദ്രത്തിൽ. അവർ അധികനികുതിക്കൊള്ള നടത്തിയിരുന്നുമില്ല.
ഇനി ധനമന്ത്രി ബാലഗോപാൽ പറഞ്ഞതു പ്രകാരം യുഡിഎഫ് സർക്കാർ യാതൊരു തത്വദീക്ഷയുമില്ലാതെ നികുതി കൂട്ടിയിട്ടുണ്ടെങ്കിൽ അത് കുറക്കാൻ പിന്നീടു വന്ന പിണറായി സർക്കാരിന് എന്തേ മനസു വന്നില്ല..? അതും കഴിഞ്ഞ് തുടർഭരണവും കിട്ടി. എന്നിട്ടും യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂട്ടിയതിൽ ഇളവു വരുത്തിയോ..? അപ്പോഴീ കവലപ്രസംഗം മന്ത്രി നടത്തുന്നതിന്റെ അർത്ഥമെന്താണ്..? ദേശാഭിമാനി ചെയ്യുന്നതു പോലെ കേട്ടു നിൽക്കുന്നവരെ പൊട്ടന്മാരാക്കുക- അത്രതന്നെ.
കേന്ദ്രം പേരിനെങ്കിലും നികുതി കുറച്ചു. സംസ്ഥാനം നികുതി കുറച്ചതേയില്ല. എന്നിട്ടും ഇന്നലെ ഡിവൈഎഫ്‌ഐ മാർച്ച് നടത്തിയത് കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ്. അവരും ഒരു പക്ഷേ ഇന്നലെ ദേശാഭിമാനി വായിച്ച് ആവേശം കൊണ്ടതാകാം.

Related posts

Leave a Comment