പാഴ്‌വസ്തുക്കള്‍ വിറ്റ് സഹപാഠിക്ക് വീടൊരുക്കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

കല്‍പ്പറ്റ: സ്വന്തം വീടുകളിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ട് ഒരു വീടുണ്ടാക്കാമെന്ന് പ്രവര്‍ത്തിയിലൂടെ കാണിച്ചു തരികയാണ് വയനാട് ജില്ലയിലെ ഹയര്‍ സെക്കന്ററി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍. പഴയ പാത്രങ്ങള്‍, പത്രങ്ങള്‍, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയവയെല്ലാം ശേഖരിച്ച് വിറ്റ് 54 എന്‍ എസ് എസ് യൂണിറ്റുകള്‍ സമാഹരിച്ചത് സഹപാഠിക്ക് ഒരു വീടുണ്ടാക്കാനുള്ള തുകയാണ്. പുത്തുമലയില്‍ കാടരികില്‍ ഒരു ബന്ധുവിന്റെ ഒറ്റമുറി കൂരയില്‍ താമസിക്കുന്ന സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഒരു ആറംഗ കുടുംബത്തിനാണ് എന്‍ എസ് എസ് സ്‌നേഹഭവനം ഒരുക്കിയത്. അഞ്ച് മാസങ്ങള്‍ക്കു മുമ്പ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഷാജു കെ കെ, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോഡിനേറ്റര്‍ ശ്യാല്‍ കെ.എസ് എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടല്‍ നടത്തിയ ഗൃഹനിര്‍മാണം കോവിഡ് പ്രതിസന്ധികളും പ്രതികൂല കാലാവസ്ഥയും മറികടന്ന് പൂര്‍ത്തിയായിരിക്കുകയാണ്.ജില്ലയിലെ 5 ക്ലസ്റ്റര്‍ കണ്‍വീനര്‍മാരുടെയും 54 പ്രോഗ്രാം ഓഫീസര്‍മാരുടെയും വൊളണ്ടിയര്‍മാരുടെയും നിരന്തര ഇടപെടലുകള്‍ ഗൃഹനിര്‍മാണത്തിന് ഊര്‍ജ്ജമായി. അഭ്യുദയകാംക്ഷികളായ ഒരു കൂട്ടം ആളുകള്‍ സാമ്പത്തിക സമാഹരണം നടത്തി മേപ്പാടി ചെമ്പോത്തറയില്‍ വാങ്ങി നല്‍കിയ 5 സെന്റ് സ്ഥലത്താണ് 600 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടു നിര്‍മ്മിച്ചത്. മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠിക്കും ആറംഗ കുടുംബത്തിനുമായി മൂന്നു മുറികളും, അടുക്കളയും പൂമുഖവും അടങ്ങുന്ന വീടിന്റെ ഔപചാരികമായ താക്കോല്‍ കൈമാറല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 3 മണിക്ക് ഓണ്‍ ലൈനായി നിര്‍വഹിക്കും. വിദ്യാര്‍ത്ഥികളില്‍ സമൂഹ സേവനവും, വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്‌കീം അതിന്റെ പ്രവര്‍ത്തന പദ്ധതികളിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള പദ്ധതിയായി വിഭാവനം ചെയ്യുന്നത് നിരാലംബരുടെ ആവശ്യാര്‍ത്ഥമുള്ള ഗൃഹനിര്‍മാണത്തിനാണ്. വയനാട്ടിലെ കൗമാരക്കാരായ പുതു തലമുറയ്ക്ക് എന്നും അഭിമാനിക്കാവുന്നതും ഓര്‍ത്തു വയ്ക്കാവുന്നതുമായ ഈ പദ്ധതിയുടെ ഗുണഭോക്താവ് ഒരു സഹപാഠിയാണെന്നതും ശ്രദ്ധേയമാണ്.

Related posts

Leave a Comment