മഹാരാജാസിലെ മഹേശ്വരൻ യാത്രയാകുന്നു ഇനി ഉമ തനിച്ച് ; കുറിപ്പ്

പ്രവീൺ ആറ്റുകാൽ

എറണാകുളത്തെ പ്രശസ്തമായ മഹാരാജാസ് കോളേജിന്റെ മുന്നിലൂടെ പി.ടി കടന്നു പോകും പതിവ് കൈയുയർത്തിയുള്ള അഭിവാദ്യങ്ങളില്ലാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ…
മഹാരാജാസ് എന്ന പേരിനു പി.ടിയുമായുള്ളത് പൊക്കിൾ കൊടി ബന്ധം പോലെ പവിത്രമായ ഒരാത്മ ബന്ധമാണു, പിടിയ്ക്ക് എന്നും പ്രിയപ്പെട്ട ജീവിത സഖിയെ കണ്ടുമുട്ടിയതും ആദ്യമായി സംസാരിച്ചതും അനുരാഗം മുളച്ചതും ഒടുവിൽ ജീവിതസഖിയാക്കി കൂടെ കൂട്ടിയതുമൊക്കെ ഈ കലാലയമുത്തശിയുടെ മുറ്റത്ത് നിന്നാണു. മുപ്പത്തിനാലു വർഷങ്ങൾക്കിപ്പുറവും പി.ടി അവസാനയാത്രയ്ക്കയോരുങ്ങൊരുമ്പോഴും പഴയ പ്രണയ ജോടികളെ പോലെ പി.ടിയുടെ നിഴലായി നിലാവായി ഉമയെന്ന ഉമചേച്ചി കൂടെയുണ്ട്. പ്രതിസന്ധികൾ ഒരുപാടൊരുപാട് നേരിട്ട പി.ടിയുടെ ജീവിതയാത്രയിൽ 1980 ലെ ആ പഴയ കലാലയ വിദ്യാർത്ഥിയായി പി.ടിയുടെ പ്രസംഗവും പുഞ്ചിരിയും സംസാരരീതിയുമൊക്കെ അല്ഭുതത്തോടെ കാണുന്ന പി.ടിയുടെ സ്വന്തം ഉമ.
പാർട്ടി പി.ടിയ്ക്ക് ജീവവായുവാണു, ആഹാരവും വെള്ളവും ഉപേക്ഷിച്ച് പി.ടി ദീർഘനേരം ജീവിക്കും എന്നാൽ പാർട്ടി പരിപാടികളിൽ സജീവമാകാതെയിരിക്കാൻ പി.ടിയ്ക്ക് കഴിയില്ല, രാത്രി ഒരുപാട് വൈകിയെത്തുന്ന പി.ടിയെ ഉമ ചേച്ചി ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും, പി.ടിയുടെ ചെറിയൊരു കാലൊച്ചകേട്ടാൽ മതി അല്ലെങ്കിൽ വീട്ടിൽ കടക്കുന്നതിനു മുമ്പേയുള്ള പി.ടിയുടെ ഉമേയെന്ന നീട്ടിയ വിളി കേട്ടാൽ മതി പി.ടിയുടെ ആവശ്യങ്ങളറിഞ്ഞ് ഉമ കൂടെയുണ്ടാകും.
ചെറുപ്പത്തിലെ പ്രണയം കാലങ്ങൾ കഴിയുമ്പോൾ തേഞ്ഞില്ലാതാകുമെന്നൊക്കെ പറയുന്നത് വെറുതെയാണു പി.ടിയും ഉമചേച്ചിയുമൊക്കെ ഇപ്പഴും പ്രണയിക്കുകയായിരുന്നു, പി.ടിയുടെ നോട്ടം, ചിരി, പ്രസംഗം, വാക്കുകൾ പി.ടിയെ പറ്റി പറയുമ്പോൾ നൂറുനാവാണു ഉമ ചേച്ചിയ്ക്ക്, അടുത്തറിയാവുന്നവരൊക്കെ ചോദിക്കും പ്രണയം അവസാനിച്ചിട്ടില്ല അപ്പോഴൊക്കെ ഉമ ചേച്ചിയുടെ മറുപടി എനിക്കിപ്പഴും ആരാധനയാണു പി.ടിയോട് 1980-1985 കാലഘട്ടത്തിൽ കെ.എസ്.യു സജീവപ്രവർത്തകയായി എത്തുമ്പോഴും, 1981 ൽ വനിതാ പ്രതിനിധിയായി മൽസരിക്കുമ്പോഴും, 1983 കോളേജ് യൂണിയൻ വൈസ് പ്രസിഡന്റായി മൽസരിച്ച് വിജയിക്കുമ്പോഴുമൊക്കെ പി.ടിയോടുള്ള അതേ ആരാധാന ഇപ്പോഴുമുണ്ടെന്നാണു.
ഉമേയെന്ന് നീട്ടി വിളിച്ച് കയറിവരാൻ ഇനി പി.ടിയുണ്ടാവില്ല, പി.ടിയുടെ ഒരോ നിശ്വാസവും ആത്മാവിലേയ്ക്കാവാഹിച്ച് സ്നേഹിക്കാൻ ഇനി പി.ടിയുടെ ഉമ മാത്രം ബാക്കി.പി.ടിയുടെ വിയോഗം താങ്ങാനുള്ള കരുത്ത് പി.ടിയെ ഒരു വട്ടം പോലും കണ്ടിട്ടില്ലാത്ത പി.ടിയെ വായിച്ചുമാത്രമറിഞ്ഞ പലരും പങ്കുവയ്ക്കുമ്പോൾ പി.ടിയുടെ പ്രിയ ഉമ എങ്ങനെയാണു സഹിക്കുക, കാലങ്ങൾ മായ്ക്കാത്ത മുറിപ്പാടുകൾ ഇല്ല കാലം എല്ലാം സഹിക്കാനുള്ള കരുത്ത് നല്കട്ടെയെന്ന് പ്രാർത്ഥിക്കാം.
അവസാനയാത്രയ്ക്ക് ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം പാടണമെന്ന പി.ടിയുടെ അന്ത്യാഭിലാഷം ഇനിയുമൊരു ജന്മം കൂടി പി.ടിയെ സ്നേഹിച്ച പി.ടി സ്നേഹിച്ച ഈ മണ്ണിൽ കൊടുക്കാൻ സർവ്വേശ്വരൻ കനിയുമായിരിക്കും കാരണം പി.ടിയെപോലെയൊരാൾ ഇവിടെ വീണ്ടും ജനിക്കണം, നാടിനെയും പ്രകൃതിയെയും സ്നേഹിച്ച്, സഹജീവികളെ സ്നേഹിച്ച്, കർക്കശമായ വാക്കുകളും തളരാത്ത നിലപാടുമായൊരാൾ ഈ നാടിനു വേണം

Related posts

Leave a Comment