എൺപതിന്റെ നിറവിൽ പാലക്കാടിന്റെ സ്വന്തം വി എസ് വിജയരാഘവൻ ; എൺപതാം പിറന്നാൾ ആഘോഷിച്ചു

പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം പിയും 25 വർഷക്കാലം പാലക്കാട് ഡി സി സി പ്രസിഡന്റുമായിരുന്ന വി എസ് വിജയരാഘവന്റെ എൺപതാം പിറന്നാൾ ആഘോഷിച്ചു. ചന്ദ്രനഗർ പാർവ്വതി കല്യാണമണ്ഡപത്തിൽ നടന്ന പിറന്നാൾ ആഘോഷപരിപാടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.നിയമസഭാ സ്പീക്കർ എം ബി രാജേഷ് കേക്ക് മുറിച്ചു. എം എൽ എമാർ, എം പിമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ പിറന്നാൾ ആഘോഷചടങ്ങിൽ പങ്കെടുത്തു.
കെ ബാബു എം എൽ എ, മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ, എം പിമാരായ വി കെ ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, കെ പി സി സി ജനറൽ സെക്രട്ടറിമാരായ സി ചന്ദ്രൻ, പ്രൊഫ. കെ എ തുളസി, കെ പി സി സി നിർവാഹക സമിതിയംഗം സി വി ബാലചന്ദ്രൻ, മുൻ എം പി കെ വി തോമസ്, ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ, വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, പി ഹരിഗോവിന്ദൻ, പി വി രാജേഷ്, ഡി സി സി ഭാരവാഹികൾ ഉൾപ്പടെയുള്ളവർ ആശംസകൾ നേർന്നു.
കഴിഞ്ഞദിവസം മുൻ മന്ത്രി എ കെ ബാലനും സി എം പി നേതാവ് സി പി ജോണും വി എസിന്റെ വസതിയിലെത്തി ആശംസകൾ അർപ്പിച്ചിരുന്നു.
ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവാണ് വി എസ് വിജയരാഘവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാളിന് അയച്ച ആശംസാസന്ദേശത്തിൽ പറഞ്ഞു. പാർലമെന്റേറിയൻ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പാർലമെന്റിൽ സംസ്ഥാന താൽപര്യ ഉയർത്തിപ്പിടിക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. സഹകരണ രംഗത്തും മികച്ച സംഭാവനകൾ നൽകി. കയർബോർഡ് ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് പറഞ്ഞ അദ്ദേഹം കക്ഷി രാഷ്ട്രീയത്തിനതീതമായി ഏവരോടും മികച്ച വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment