ഇനി കോണ്‍ഗ്രസിന്റെ ഉദയം; കേരള സര്‍ക്കാര്‍ പരാജയമെന്ന് സച്ചിന്‍ പൈലറ്റ്

ജയ്പൂർ: രാജസ്ഥാനിൽ വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിൻ പൈലറ്റ്. രാജസ്ഥാൻ കോൺഗ്രസിലെ ഭിന്നത സംബന്ധിച്ച വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും, നിലവിലെ മന്ത്രിസഭാ പുനസംഘടനയിൽ സന്തോഷമുണ്ടെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

മന്ത്രിസഭാ പുനസംഘടന ഏറെ കാത്തിരുന്നതാണ്. നാല് ദളിത് പ്രാതിനിധ്യം ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്താൻ സാധിച്ചു. 22 മാസങ്ങൾക്കുശേഷം രാജസ്ഥാനിൽ ജനങ്ങളുടെ മനസ് ജയിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വലിയ പ്രതീക്ഷയാണ് കോൺഗ്രസിനുള്ളതെന്നും സച്ചിൻ അറിയിച്ചു.

ഉത്തർപ്രദേശിലടക്കം ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജോതിരാദിത്യ സിന്ധ്യയടക്കം കോൺഗ്രസ് വിട്ട നടപടിയിൽ, ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്ന് സച്ചിൻ പറഞ്ഞു. പക്ഷേ തെരഞ്ഞെടുത്ത ജനങ്ങളോട് ഉത്തരവാദിത്തമാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ പ്രശ്നമാണ് കോൺഗ്രസ് പ്ലാറ്റ്ഫോമിൽ നിന്ന് തങ്ങളെപ്പോലുള്ളവർ ഉയർത്തുന്നത്. സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇടത് അസ്തമയമായെന്ന് വിമർശിച്ച സച്ചിൻ, പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇക്കാര്യം വ്യക്തമാണെന്നും പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ ഇടത് രാഷ്ട്രീയം കുറഞ്ഞുവരികയാണ്. ഈ വീക്ഷണം തന്റേത് മാത്രമാണ്. ജനക്ഷേമം ഉറപ്പുവരുത്തുന്നതിൽ കേരളം പരാജയമാണ്. ഇന്ധനവിലയിൽ ഇളവ് നൽകാത്ത ഏക സംസ്ഥാനം കേരളമാണെന്നും സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി.

Related posts

Leave a Comment