റോഷി അഗസ്റ്റിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. നിയമസഭാ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 154 പ്രകാരം താഴെപറയുന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.
മുല്ലപ്പെരിയാറിന്റെ ബേബിഡാമിന് സമീപത്തുനിന്ന് മരം മുറിയ്ക്കുന്നതിന് തമിഴ്‌നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി പ്രമേയ നോട്ടീസ് സഭ പരിഗണിച്ച സന്ദർഭത്തിൽ മന്ത്രി തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ചേംബറിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് 5.11.2021 ന് ഉത്തരവ് ഇറക്കിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ പരാമർശിച്ചിരുന്നു. ഇക്കാര്യം പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചിരുന്നു. 01.11.2021 ന് മേൽപറഞ്ഞ യോഗം ചേർന്നിരുന്നുവെന്ന് വനം വകുപ്പുമന്ത്രി സമ്മതിക്കുകയും യോഗത്തിന്റെ മിനിട്‌സ് ഉദ്ധരിച്ചുകൊണ്ട് സഭയിൽ മറുപടി നൽകുകയും ചെയ്തിട്ടുള്ളതാണ്.
എന്നാൽ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ചേംബറിൽ 1.11.2021 ന് യോഗം ചേർന്നില്ല എന്നാണ് ജലവിഭവ വകുപ്പ് മന്ത്രി 10.11.2021 ന് മാധ്യമങ്ങളോട് പറഞ്ഞത്. യോഗം നടന്നുവെന്ന് സഭയിൽ വനം മന്ത്രി അംഗീകരിക്കുകയും മിനിട്‌സ് ഉദ്ധരിക്കുകയും ചെയ്തതിനു ശേഷം സഭയ്ക്ക് പുറത്ത് അതേ മന്ത്രിസഭയിലെ അംഗവും ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ റോഷി അഗസ്റ്റിൻ മന:പൂർവ്വം ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് അപ്രകാരമൊരു യോഗം നടന്നിട്ടില്ല എന്ന് തെറ്റായ പ്രസ്താവന നടത്തിയത് നിയമസഭയോടുള്ള കടുത്ത അനാദരവും സഭാംഗമെന്ന നിലയിലുള്ള പെരുമാറ്റചട്ടങ്ങളുടെ ലംഘനവുമാണ്. ഈ നടപടിയിലൂടെ സഭംഗങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ ലംഘിക്കപ്പെട്ടിരിക്കുന്നതിനാൽ ചട്ടം 154 പ്രകാരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment