ഉത്തരേന്ത്യ വെന്തുരുകുന്നു; വൈദ്യുതി പ്രതിസന്ധിയും രൂക്ഷം


ന്യൂഡൽഹി: അത്യുഷ്ണത്തിലും തീക്കാറ്റിലും വെന്തുരുകി ഉത്തരേന്ത്യ. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലെ താപനില റെക്കോഡ് ഭേദിച്ചതായാണ് റിപോർട്ട്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്. 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. 122 വർഷത്തിനിടയിലെ ഏറ്റവും ചൂടുള്ള മാർച്ച് മാസമാണ് ഇക്കുറി കടന്നുപോയത്. ഒരു വ്യാഴവട്ടത്തിനിടയിൽ ഏപ്രിലിലെ കനത്ത ചൂടാണ് ഡൽഹിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഡൽഹിയുടെ പലഭാഗങ്ങളിലും താപനില 46 ഡിഗ്രി സെൽഷ്യസിലെത്തി. മേയ് അഞ്ചു വരെ അത്യുഷ്ണം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഹരിയാനയും ഡൽഹിയും പടിഞ്ഞാറൻ യു.പിയും മധ്യപ്രദേശുമുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെല്ലാം കൊടുംചൂടിന്റെ ദുരിതം ഒുപോലെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊടുംതാപത്തിൽ വിളകൾക്ക് നാശം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. കടുത്ത ചൂട് വിളവെടുപ്പിനെയും ബാധിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഭക്ഷ്യപ്രതിസന്ധി ആശങ്കയുമുയർന്നു. മഹാരാഷ്ട്രയിൽ സൂര്യാതപ മരണമുണ്ടായതായും റിപോർട്ടുണ്ട്.
ഉഷ്ണതരംഗത്തിനിടയിൽ കൽക്കരിക്ഷാമം കൂടി രൂക്ഷമായതോടെ രാജ്യത്ത് ഊർജപ്രതിസന്ധിയും ഉടലെടുത്തു. നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെ പവർകട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണഗതിയിൽ ഒരു മാസത്തേക്കുള്ള കൽക്കരി സ്റ്റോക്ക് ഉണ്ടാകാറുള്ള ഡൽഹിയിലെ താപനിലയങ്ങൾക്ക് ഇത്തവണ ഒരു ദിവസത്തേക്കുള്ള ശേഖരം മാത്രമാണ് അവശേഷിക്കുന്നത്.

ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കും ഉത്തരവാദി ജവഹർലാൽ നെഹ്റുവാണോയെന്ന് രാഹുൽ
ന്യൂഡൽഹി: രാജ്യം കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കും ഉത്തരവാദി ജവഹർലാൽ നെഹ്റുവാണോയെന്ന് രാഹുൽ പരിഹാസരൂപേണ ചോദിച്ചു.
‘പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശവും തമ്മിൽ ഒരിക്കലും ഒരു ബന്ധവുമില്ല. മോദിജി, ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം ആരുടെ തലയിലിടും? നെഹ്റുജിയുടെയോ സംസ്ഥാനങ്ങളുടെയോ അതോ ജനങ്ങളുടെയോ?’ -രാഹുൽ ട്വീറ്റിൽ ചോദിച്ചു.
നരേന്ദ്ര മോദിയുടെ മുൻകാല പ്രസംഗത്തിന്‍റെ വിഡിയോയും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി 2015ൽ പ്രസംഗിച്ചതിന്‍റെയും, വൈദ്യുതി പ്രതിസന്ധിയെ കുറിച്ചോ കൽക്കരി ക്ഷാമത്തെ കുറിച്ചോ ഇനി തലക്കെട്ടുകൾ കാണാനാവില്ല എന്ന് 2017ൽ പ്രസംഗിച്ചതിന്‍റെയും വിഡിയോയാണ് രാഹുൽ പങ്കുവെച്ചത്.

Related posts

Leave a Comment