നോൺ ഹലാൽ ബോർഡ് വച്ചതിന് ആക്രമണമെന്ന പരാതി വ്യാജം ; ഉദ്ദേശം മാധ്യമശ്രദ്ധ പിടിച്ചുപറ്റൽ

കാക്കനാട്: നോൺ ഹലാൽ ബോർഡ് വച്ചതിന് വനിതസംരംഭകയായ തുഷാര നന്ദുവിനെ ആക്രമിച്ചെന്ന വാർത്ത വ്യാജമെന്ന് ഇൻഫോപാർക്ക് പൊലീസ്. മാധ്യമശ്രദ്ധ നേടാൻ തുഷാരതന്നെ കെട്ടിച്ചമച്ചതാണെന്ന്​ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇൻഫോപാർക്കിനടുത്ത് നിലംപതിഞ്ഞിമുകളിൽ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് നേരെ തുഷാരയും ഭർത്താവും സുഹൃത്തും ചേർന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.

നിലംപതിഞ്ഞിമുകൾ ഭാഗത്തെ ഫുഡ് കോർട്ടിൽ ബോംബേ ചാട്ട്, ബേൽപൂരി എന്നിവ വിൽക്കുന്ന നകുൽ എന്ന യുവാവിന്റെ പാനിപൂരി സ്​റ്റാൾ തുഷാരയും ഭർത്താവ് അജിത്തും മറ്റ് രണ്ടുപേരുംകൂടി പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോർജിനെയും ആക്രമിച്ച്‌ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചു. തുടർന്ന് നകുലും സുഹൃത്തും ചേർന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി കേസ് നൽകി.

ഇൻഫോപാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയും ഭർത്താവ് അജിത്തും കൂട്ടാളികളും ചേർന്ന് നടത്തിയ സംഘടിത ആക്രമണമാണ് ഇതെന്ന് കണ്ടെത്തി. ഫുഡ് കോർട്ടിലെ കടയിൽ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്​. എന്നാൽ, ഫുഡ് കോർട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച്‌ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ബിനോജ് ജോർജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.

തുഷാരയുടെ ഭർത്താവ് അജിത് ചേരാനല്ലൂർ പൊലീസ് രജിസ്​റ്റർ ചെയ്ത കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം, നോൺ ഹലാൽ ബോർഡ്​ വെച്ച ഹോട്ടലുടമക്കെതിരെ കേരളത്തിൽ ആക്രമണം എന്ന തരത്തിൽ ദേശീയ മാധ്യമങ്ങളിൽ വൻ പ്രചരണമാണ്​ നടക്കുന്നത്​. ജിഹാദികളെ സംരക്ഷിക്കുന്ന ഭരണകൂടവും പൊലീസും തന്നെ പോയെുള്ള ഹിന്ദുക്കളെ തകർക്കുകയാണ്​, ഒാരോ ഹിന്ദുവും ഇത്​ തിരിച്ചറിയണം തുടങ്ങിയ വിദ്വേഷ പ്രസ്​താവനകളുമായി തുഷാര നന്ദുവിൻറെ വിഡിയോ സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​.

Related posts

Leave a Comment