പ്രവർത്തിക്കാത്ത ജി പി എസിനും പതിനായിരം വേണം; ദുരിതകാലത്തും വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി നീട്ടാതെ സർക്കാറിൻ്റെ പിടിവാശി

അജ്നാസ് റഹ്മാൻ

കളമശേരി: കോവിഡ് പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ ടാക്സി മേഖലയെ കൈ പിടിച്ച് ഉയർത്തുന്നതിന് പകരം തീരാ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് സർക്കാറും മോട്ടോർ വാഹന വകുപ്പും. ടാക്സി വാഹനങ്ങളുടെ നീട്ടിയ ഫിറ്റ്നസ് കാലാവധി ഈ മാസം അവസാനിക്കുന്നതോടെ എന്തു ചെയ്യണമെന്നറിയാതെ ഉടമകളും ഡ്രൈവർമാരും നെട്ടോട്ടത്തിലാണ്. ഫിറ്റ്നസ് പരിശോധനക്കുള്ള തുക പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണമെന്നുള്ള നിർബന്ധമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജി.പി.എസ് സംവിധാനം ഇതുവരെ പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാവാത്ത സാഹചര്യത്തിലാണ് സർക്കാറിൻ്റെ ഈ പിടിവാശി.

ഫിറ്റ്നസ് പരിശോധനക്കായി കാറുകൾക്ക് പോലും പെയിൻ്റിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി ചുരുങ്ങിയത് 20000 രൂപയെങ്കിലും ചിലവാക്കണം. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനമാണെങ്കിൽ അതിന് മാത്രമായി ശരാശരി പതിനായിരം രൂപ കൂടി വേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി 2022 മാർച്ച് 31 വരെയെങ്കിലും നീട്ടിയാലെ ഒന്ന് നടു നിവർത്താനെങ്കിലും കഴിയൂ എന്ന സ്ഥിതിയിലാണ് തൊഴിലാളികൾ. ടൂറിസം മേഖലയെ ആശ്രയിക്കുന്ന ബസുകളും കാറുകളുമുൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ട് തന്നെ മാസങ്ങളായി.

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും ഉയർന്നു നിൽക്കുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും സഞ്ചാരികൾ എത്തുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കിട്ടി ടൂറിസം രംഗത്ത് ഉണർവ്വ് വന്നാൽ മാത്രമേ ടാക്സി മേഖലയ്ക്ക് നിലവിലെ അവസ്ഥയിൽ നിന്ന് പതുക്കെ കരകയറാനാകൂ.

ശബരിമല മണ്ഡലകാല യാത്രങ്ങൾ, വിവാഹം, തീർത്ഥാടക കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ, കമ്പനികളിലെ ട്രിപ്പുകൾ തുടങ്ങിയവയെല്ലാം കൊവിഡ് മൂലം നഷ്ടമായി. വാഹന വായ്പ പോലും മാസങ്ങളായി അടക്കാനാവാതെ കടം വാങ്ങിയും മറ്റു ജോലികൾ ചെയ്തും ജീവിതം തള്ളി നീക്കുന്ന തങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്നാണ് ടാക്സി ഉടമകൾക്ക് സർക്കാറിനോട് പറയാനുള്ളത്. കെ എസ് ആർ ടി സി ബസുകളുടെ ഫിറ്റ്നസ് കാലാവധി സർക്കാർ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഗതാഗത വകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോര്‍പ്പറേഷൻ നടപ്പിലാക്കിയിട്ടില്ല. ഇതിനും സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ സമാന സാഹചര്യത്തിൽ കടക്കെണിയിലും പ്രതിസന്ധിയിലുമായ ടാക്സി വാഹന ഉടമകളോട് സർക്കാർ കാട്ടുന്നത് അനീതിയാണ്. ഫിറ്റ്നസ് കാലാവധി നീട്ടി നൽകണമെന്നും ജിപിഎസ് നിർബന്ധമാക്കരുതെന്നും ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും മൗനം തുടരുകയാണ്.

Related posts

Leave a Comment