കേരളം നികുതി കുറയ്ക്കില്ല, ബാല​ഗോപാൽ, കേന്ദ്രം ഇനിയും കുറയ്ക്കട്ടെഃ രാജീവ്

തിരുവനന്തപുരം: കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നു ഇന്ധന നി​കുതി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ മാതൃകയിൽ കേരളവും അധിക നികുതി കുറയ്ക്കണമെന്ന കോൺ​ഗ്രസ്-യൂത്ത് കോൺ​ഗ്രസ് ആവശ്യം സംസ്ഥാന ധനമന്ത്രി കെ.എൻ ബാല​ഗോപാൽ തള്ളി. കേരളം വില കുറയ്ക്കാൻ ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചപ്പോൾ, കേരളത്തിൽ വില്പന നികുതി വേണ്ടെന്നു വച്ച മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ മാതൃക ആവർത്തിക്കണമെന്ന ജനവികാരമാണ് മന്ത്രി ബാല​ഗോപാൽ നിരസിച്ചത്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി വർധിപ്പിച്ചെന്ന പച്ചക്കള്ളവും മന്ത്രി വാർത്താസമ്മേളനത്തിൽ തട്ടിവിട്ടു.

കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുന്നുവെന്നാണ് ബാലഗോപാലിന്റെ വാദം.
സ്പെഷ്യൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്.ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ഉപതെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. 2018ൽ ക്രൂഡ് ഓയിലിന്‍റെ വില 80.08 ആയിരുന്നു അപ്പോൾ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡ് ഓയിലിന്‍റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടി. പക്ഷേ കഴിഞ്ഞ ആറ് വർഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല.
ഒരു തവണ പിണറായി സർക്കാർ ഇന്ധന നികുതി കുറക്കുകയും ചെയ്തെന്ന് ബാലഗോപാൽ പറയുന്നു. 


കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളെല്ലാം ഇന്ധന വില കുറച്ചപ്പോഴാണ് കേരളം പിടിവാശി കാണിക്കുന്നത്. തമ്ഴ്നാട്ടിൽ സംസ്ഥാന സർക്കാർ പെട്രോളിന് മൂന്നു രൂപയാണു കുറച്ചത്. കേന്ദ്ര സർക്കാർ നികുതി കുറച്ചതോടെ പെട്രോളിനു പത്തു രൂപയോളം അവിടെ കുറവാണ്. കർണാടകത്തിലുംപെട്രോൾ ലിറ്ററിന് പത്തുരൂപയിലധികം കുറച്ചു. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അധിക നികുതി കുറയ്ക്കുന്ന കാര്യം പരി​ഗണനയിലാണ്. വൈകാതെ ഇതു സംബന്ധിച്ച തീരുമാനംമുണ്ടാകും. കേരളത്തിന്റെ അതിർത്തികളിൽ ഒരു ലിറ്റർ പെട്രോളിന് നൂറു രൂപയ്ക്കു വളരെ അടുത്തു ലഭിക്കുമ്പോവും കേരളത്തിൽ 105 രൂപയ്ക്കു മുകളിലാണു വില.
അതേ സമയം, കേന്ദ്ര സർക്കാരാണു നികുതി കുറയ്ക്കേണ്ടതെന്നും സംസ്ഥാനങ്ങൾ കുറയ്ക്കേണ്ട കാര്യമില്ലെന്നും വ്യവസായ മന്ത്രി പി. രാജീവ് ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപംഃ
നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല.
അപ്പോൾ ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിൻ്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർദ്ധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു.
കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിൻ്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിൻ്റെ പൊതു ആവശ്യവും
കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം.

Related posts

Leave a Comment