അച്ചടക്കം ലംഘിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല: സുധാകരന്‍

  • കെപി അനില്‍ കുമാറിനെ പുറത്താക്കിയതിനു വിശദീകരണം

തിരുവനന്തപുരം: ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. കെ.പി. അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് അനില്‍കുമാറിന് നിരാശാബോധം ബാധിച്ചിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പദവി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം ഒരു ആവശ്യം പാര്‍ട്ടി ഘടകങ്ങളില്‍ നിന്നോ, നേതാക്കളില്‍ നിന്നോ ഉയര്‍ന്ന് വന്നില്ല.

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് അനില്‍കുമാര്‍. ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ ബാധ്യതപ്പെട്ട കെപി അനില്‍കുമാറിനെപ്പോലുള്ള നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. അദ്ദേഹത്തെ പുറത്താക്കാനിരുന്നപ്പോഴാണ് രാജിവച്ചത്.

സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാട് തന്നെയാണ് തന്റേതെന്നും ഇക്കാര്യം എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേയെറിയുന്നത് പോലെയാണ് എ.പി അനിൽകുമാറിൻ്റെ പാർട്ടി വിടൽ നടപടിയെന്ന് പി.ടി തോമസ് എം എൽ എ. കുറ്റപ്പെടുത്തി. അനിൽകുമാറിനോട് പാർട്ടി ചോദിച്ച വിശദീകരണത്തിനുള്ള മറുപടി തൃപ്തികരമായിരുന്നില്ലെന്നാണ് താൻ അറിഞ്ഞത്. നടപടി മുന്നിൽ കണ്ടുള്ള ചാട്ടം മാത്രമാണ് അനിൽകുമാറിൻ്റേതെന്നും പി ടി തോമസ് പറഞ്ഞു.

പാർട്ടിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയ വ്യക്തി അധികാരത്തിൻ്റെ ശീതളഛായ തേടി പോയാൽ അവരെ പറ്റി മറ്റൊന്നും പറയാൻ ഇല്ല. കഷ്ട് കാല സമയത്തും പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് ആവശ്യം. വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാർട്ടി വിട്ട് ഓടിയതെന്നും തോമസ് വിശദീകരിച്ചു..

Related posts

Leave a Comment