ഇന്ധന നികുതി കുറയ്ക്കില്ല ; സംസ്ഥാന സർക്കാർ ധാർഷ്ട്യം തുടരുന്നു

തിരുവനന്തപുരം: കോൺഗ്രസ് രാജ്യമെമ്പാടും നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ നേരിയ തോതിലെങ്കിലും ഇന്ധന നികുതി കുറച്ചിട്ടും പേരിനു പോലും ഇളവ് നൽകില്ലെന്ന് പ്രഖ്യാപിച്ച് കേരളം. അധിക നികുതിയിൽ ഇളവു വരുത്തുന്നത് വഴിയുള്ള വരുമാന നഷ്ടം സഹിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് കേരളം ജനങ്ങളെ കൊള്ളയടിക്കുന്നത്. കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടിയപ്പോൾ സംസ്ഥാന സർക്കാർ അങ്ങനെ ചെയ്തില്ലെന്നും അതിനാൽ ഇന്ധന വിലയിൽ ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കുന്നതിനായി നികുതി കുറയ്ക്കുകയെന്ന തീരുമാനം നടപ്പാക്കാൻ കഴിയില്ലെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
അതേസമയം, കേന്ദ്ര സർക്കാർ കുറച്ച എക്സൈസ് തീരുവയുടെ ശതമാനകണക്കിൽ കേരളം വാറ്റ് നികുതി കുറച്ചാൽ, ഡീസലിന് അഞ്ച് രൂപയും പെട്രോളിന് 3 രൂപ 20 പൈസയും കുറയുമെന്നിരിക്കെ അതിന് തയാറാകാത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്. കഴിഞ്ഞ ദിവസം വരെ ഡീസലിന്റെ എക്സൈസ് തീരുവ 31 രൂപ 80 പൈസ ആയിരുന്നു. അതിൽ നിന്നാണ് കേന്ദ്രം പത്ത് രൂപ കുറച്ചത്. പെട്രോളിൻ്റെ തീരുവ 32 രൂപ 90 പൈസ. ഇതിൽ തന്നെ വിവിധ സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറച്ചത് പല രീതിയിലാണ്. എന്നാൽ, കേരളത്തിൽ ആകെയുണ്ടായത്, ആനുപാതികമായ കുറവ് മാത്രം. ഡീസലിന് രണ്ട് രൂപ 27 പൈസയും പെട്രോളിന് 1 രൂപ 30 പൈസയുമാണ് കേരളത്തിൽ കുറഞ്ഞത്. സംസ്ഥാനം ഇളവ് നൽകില്ലെന്ന് തീരുമാനിച്ചതോടെ യഥാർത്ഥ ഗുണഫലം മലയാളികൾക്ക് ലഭിക്കില്ലെന്ന് ഉറപ്പ്. 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ കേരളത്തിന്‍റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയര്‍ന്നത്. നികുതി വരുമാനം കുറയുമെന്ന കാരണം ചൂണ്ടിക്കാട്ടി പെട്രോളിനെയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിർത്തപ്പോൾ തന്നെ കേരളത്തിന്റെ ജനവിരുദ്ധ നിലപാട് വ്യക്തമായിരുന്നു.
കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തിലും ഇന്ധന വില കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിൽ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ഒരു ലീറ്റർ പെട്രോളിന് 32.9 രൂപയാണ് നികുതി. ഡീസലിന് 31.8 രൂപ. കേരളത്തിൽ 30.08 ശതമാനം ആണ് പെട്രോളിന്റെ നികുതി ഘടന. ഡീസലിന് 22.76 ശതമാനം. കേന്ദ്രത്തിൽ വിലകൂടുമ്പോൾ നികുതി കൂടുകയും കുറയുമ്പോൾ നികുതി കുറയുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി.  ഇതനുസരിച്ച് 2.30 രൂപ ഡീസലിനും 1.60 രൂപ പെട്രോളിനും സംസ്ഥാനത്ത് കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിലനിര്‍ണയ അധികാരം (ഡീ റെഗുലേഷന്‍) എണ്ണകമ്പനികള്‍ക്ക് നല്‍കിയതാണ് വിലക്കയറ്റത്തിനു കാരണമെന്ന ന്യായവാദം ഉന്നയിച്ച് കെ.എൻ ബാലഗോപാൽ ബിജെപി സർക്കാരിനെ വെള്ളപൂശാനും ശ്രമിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്ക്ക് ആനുപാതികമായി പെട്രോളും ഡീസലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് യുപിഎ സർക്കാർ ഡി റെഗുലേഷന്‍ നടപ്പാക്കിയതെന്ന വസ്തുത മറച്ചുവെച്ചായിരുന്നു മന്ത്രിയുടെ വാക്കുകൾ.

Related posts

Leave a Comment