ശമ്പള വർധനവില്ല, ആനൂകൂല്യങ്ങളും; ഡോക്ടർമാർ വഞ്ചനാദിനമാചരിക്കും

തിരുവനന്തപുരം : കോവിഡ് മഹാമാരിക്കിടയിലും സ്വന്തം ആരോഗ്യം വകവെയ്ക്കാതെ ജോലി ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകരോട് സർക്കാർ കാട്ടുന്ന വഞ്ചനയ്ക്കെതിരെ ഡോക്ടർമാർ വഞ്ചനാദിനം ആചരിക്കും. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ 2016ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ നാലു വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല.  പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടുമില്ല. സർക്കാരിന്റെ ഇത്തരം സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് ശമ്പള പരിഷ്കരണ ഉത്തരവിറങ്ങിയിട്ട് ഒരു വർഷം തികയുന്ന സെപ്റ്റംബർ 11 ന് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഇ-പ്രൊട്ടസ്റ്റ് ദിനമായി ആചരിക്കുന്നത്.
ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന ഇ-പ്രൊട്ടസ്റ്റ്  രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രതിഷേധമാണ്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം. എല്ലാ അദ്ധ്യാപകർക്കും എത്രയും വേഗത്തിൽ പേ സ്ലിപ് ലഭ്യമാക്കുക, പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, വിവിധ തസ്തികകളിൽ ഉള്ള സ്ഥാനക്കയറ്റത്തിന് വേണ്ട കാലയളവുകൾ പുനഃക്രമീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. തികച്ചും ന്യായവും അധ്യാപകർക്ക് അവകാശപ്പെട്ടതുമായ ഇക്കാര്യങ്ങളിൽ സമയബന്ധിതവും അനുഭാവപൂർണ്ണവുമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷമായ സമരമാർഗങ്ങളിൽ ഏർപ്പെടാൻ സംഘടന നിർബന്ധിതരാകുമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ബിനോയ്, സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്ക്കർ എന്നിവർ അറിയിച്ചു. 

Related posts

Leave a Comment