കെഎസ്ആർടിസിയിൽ മദ്യശാല വേണ്ട ; മുഖ്യമന്ത്രിക്ക് വി.എം സുധീരൻ കത്തയച്ചു

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്‌സുകളിൽ വിദേശമദ്യ വിൽപനശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ധനമന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് കത്തയച്ചു. കഴിഞ്ഞ രണ്ടുനിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ മദ്യ ലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുമെന്നാണ് പറഞ്ഞിരുന്നത്. മദ്യ വർജനത്തെ പ്രോത്സാഹിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ജനങ്ങൾക്ക് നൽകിയ ഉറപ്പിന് തീർത്തും വിരുദ്ധമായി മദ്യവ്യാപന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കത്തിൽ സുധീരൻ ചൂണ്ടിക്കാട്ടി.
കത്തിന്റെ പൂർണരൂപം:
കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്‌സുകളിൽ വിദേശ മദ്യവില്പനശാലകൾ ആരംഭിക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം അപലപനീയമാണ്, പ്രതിഷേധാർഹവുമാണ്.
നിശബ്ദ കൊലയാളിയായി പ്രവർത്തിച്ച് മനുഷ്യസമൂഹത്തിന് വൻ ഭീഷണിയുയർത്തുന്ന മദ്യവിപത്ത് വ്യാപകമാക്കാനേ ഇത്തരം നടപടി ഉപകരിക്കൂ.
മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചു കൊണ്ടുവരേണ്ട അനിവാര്യത ലോകാരോഗ്യ സംഘടന കൃത്യമായും വ്യക്തമാക്കിയിട്ടുള്ളതാണ്.
മദ്യ ഉപയോഗവും വിപണനവും മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി വിധിയിലും പറയുന്നുണ്ട്.
തന്നെയുമല്ല ഇടതുപക്ഷ ജനാധിപത്യമുന്നണി പോയ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടുള്ള പ്രകടനപത്രികയിലും മദ്യ ലഭ്യതയും ഉപയോഗവും കുറച്ചു കൊണ്ടു വരികയാണ് സർക്കാർ നയമെന്നും മദ്യവർജ്ജനത്തെ പ്രോത്സാഹിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. (2016ൽ പ്രകടനപത്രിക, പാര: 552, 2021ൽ പാര: 883).
നിർഭാഗ്യവശാൽ ജനങ്ങൾക്ക് നൽകിയ ഉറപ്പിന് തീർത്തും വിരുദ്ധമായി മദ്യവ്യാപന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. ഇത് തികച്ചും ജനവഞ്ചനയാണ്.
സമ്പൂർണ മദ്യനിരോധനം നിലവിലുണ്ടായിരുന്ന 64 ദിവസത്തെ ലോക്ക് ഡൗൺ കാലത്ത് മദ്യലഭ്യത ഇല്ലാതായതിനെ തുടർന്ന് കുറ്റകൃത്യങ്ങളിൽ ഉണ്ടായ ഗണ്യമായ കുറവും മദ്യം ഉപയോഗിച്ചിരുന്നവർ അതില്ലാതായതിനെ തുടർന്ന് അവരുടെ കുടുംബങ്ങളിൽ ഉണ്ടായ സമ്പാദ്യവും ശ്രദ്ധേയമായിരുന്നു.
മദ്യം ഇല്ലെങ്കിലും മനുഷ്യജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടും ജനങ്ങളെ മദ്യം കുടിപ്പിച്ചേ തീരൂ എന്ന ഒരുതരം പിടിവാശിയിൽ സർക്കാർ മുന്നോട്ടു പോകുന്ന ഈ ദുസ്ഥിതി ജനങ്ങളോട് കാണിക്കുന്ന കടുത്ത ദ്രോഹമാണ്. മദ്യശാലകൾ തുറന്നു വെച്ചത് കോവിഡ് വർദ്ധനവിന് ഇട വരുത്തിയെന്ന യാഥാർത്ഥ്യവും സർക്കാർ കണക്കിലെടുക്കാതെയാണ് ഇതെല്ലാം ചെയ്യുന്നത്.
ഇതിനെല്ലാം പുറമേ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും പെരുകി വരുന്ന മറ്റ് ക്രിമിനൽ കുറ്റങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും മദ്യമുൾപ്പടെയുള്ള ലഹരിയുടെ ഉപയോഗം കാരണമാകുന്നു എന്ന സത്യം ഉൾക്കൊള്ളാതെയാണ് സർക്കാരിന്റെ ഈ പോക്ക്.
വേണ്ടരീതിയിൽ വസ്തുതകൾ വിലയിരുത്താതെ ബഹു.ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള ചില പരാമർശങ്ങൾ ഇതിനെല്ലാം ഇപ്പോൾ ഒരു മറയാക്കികൊണ്ടാണ് സർക്കാരിന്റെ ഇത്തരം ചെയ്തികൾ.
അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തെറ്റായ മദ്യനയം ജനതാല്പര്യത്തെ മുൻനിർത്തി തിരുത്താനും കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്‌സുകളിൽ മദ്യശാലകൾ തുറക്കാനുള്ള ഇപ്പോഴത്തെ നീക്കത്തിൽ നിന്നും പിന്തിരിയാനും സർക്കാർ തയ്യാറാകണം എന്നാണ് എന്റെ അഭ്യർത്ഥന.

Related posts

Leave a Comment