കൊച്ചിയിൽ ലൈസൻസില്ലാത്ത 18 തോക്കുകൾ പിടിച്ചെടുത്തു

കൊച്ചി: കാശ്മീരിൽ നിന്നും കൊച്ചിയിൽ എത്തിച്ച ലൈസൻസ് ഇല്ലാത്ത തോക്കുകൾ പിടികൂടി. എടിഎമ്മിൽ പണം നിറക്കുന്നതിന് സുരക്ഷാ നൽകുന്നവരുടെ 18 തോക്കുകൾ ആണ് കൊച്ചി പോലീസ് പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജൻസികളുടെ സുരക്ഷാ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ കണ്ടെടുത്തത്. ലൈസൻസില്ലാത്ത തോക്കുകൾ കൈവശം വച്ചിരിക്കുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തോക്കുകൾ കസ്റ്റഡിയിലെടുത്തത്. തോക്കുകൾ കാശ്മീരിൽ നിന്നാണ് കൊണ്ടുവന്നത് എന്ന് പോലീസ് വ്യക്തമാക്കി. സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരുടെ കൈവശമുള്ള തോക്കുകളുടെ ലൈസൻസ് പരിശോധിക്കുമെന്ന് കേരള പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് അവയുടെ ലൈസൻസ് വ്യാജമല്ലെന്ന് ഉറപ്പാക്കുമെന്ന് പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മതിയായ രേഖകളില്ലാത്ത തോക്കുകളുമായി എത്തുന്നവരെ ധനകാര്യസ്ഥാപനങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്ത് ആകമാനമുള്ള ഇത്തരം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകളുടെ ലൈസൻസ് പരിശോധിക്കാനായി പ്രത്യേക പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് കുറിപ്പിൽ പറയുന്നു

Related posts

Leave a Comment