കൂട്ടുത്തരവാദിത്വം ഇല്ലാത്ത മന്ത്രിമാർ കേരളത്തിന്‌ ബാധ്യത : വി. ഡി.സതീശൻ

തിരുവനന്തപുരം : പ്രവർത്തനസ്വാതന്ത്ര്യമില്ലാത്ത മന്ത്രിമാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ഒന്നൊന്നായി ജനങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ തങ്ങൾ ഇതൊന്നും അറിയുന്നില്ല എന്ന മന്ത്രിമാരുടെ സമീപനം ജനങ്ങളെ കബളിപ്പിക്കാനാണ്. മരംമുറിയെക്കുറിച്ച് ചോദിക്കുമ്പോൾ കേരളത്തിലെ വനം വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നു. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിമാരെ നയിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നീചവൈറസ് ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചും ധർണയും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ, കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി രവിമൈനാഗപ്പള്ളി തുടങ്ങിയവർ സമീപം.)

മുഖ്യമന്ത്രി അറിഞ്ഞാണ് എല്ലാ തട്ടിപ്പുകളും നടക്കുന്നതെന്ന് പറയാൻ ധൈര്യമില്ലാത്ത മന്ത്രിമാർ കുറ്റങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മുട്ടിൽ തുടങ്ങി മരംമുറിയിലൂടെ എങ്ങനെയൊക്കെ അഴിമതി നടത്താമെന്ന ഗവേഷണമാണ് കുറച്ചുനാളായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത്. കേരള ബാങ്ക് രൂപീകരിച്ചപ്പോൾ ജീവനക്കാരുമായി ചർച്ച ചെയ്തു ശമ്പള പരിഷ്കരണ നടപടികൾ ഉടൻ നടപ്പാക്കുമെന്നും, പ്രൊമോഷൻ അടക്കമുള്ള ജീവനക്കാരുടെ വിഷയങ്ങളിൽ നീതിയുക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു നൽകിയ സർക്കാർ തുടർ ഭരണം ലഭിച്ചപ്പോൾ എല്ലാം മറന്നു. അതുസംബന്ധിച്ച് ചോദിക്കുമ്പോൾ സഹകരണ വകുപ്പ് മന്ത്രിക്ക് ഒന്നും അറിയില്ല എന്ന മറുപടിയാണുള്ളതെന്നും വി.ഡി. സതീശൻ പറഞ്ഞു.

സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര-കേരള സർക്കാരുകളുടെ ശ്രമത്തെ കോൺഗ്രസ് പാർട്ടി ശക്തമായി ചെറുക്കുമെന്ന് സമരത്തിൽ അധ്യക്ഷതവഹിച്ച യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. ലോകത്തിനു തന്നെ മാതൃകയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ. ഒന്നേകാൽ ലക്ഷത്തിലധികം ജീവനക്കാർ പണിയെടുക്കുന്ന ഈ ജനകീയ പ്രസ്ഥാനത്തിന്റെ ജനാധിപത്യമുഖം നഷ്ടപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് ഇടതു സർക്കാർ നടത്തുന്നതെന്നും ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു.

ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ.അബ്ദുൽ റഹ്മാൻ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് തമ്പാനൂർ രവി, കൊല്ലം ഡി സി സി ജനറൽ സെക്രട്ടറിമാരായ രവിമൈനാഗപ്പള്ളി, ഇഞ്ചക്കാട് നന്ദകുമാർ, കോൺഗ്രസ് നേതാക്കളായസി വി. ആർ. പ്രതാപൻ, സുരേഷ്, ശ്യംകുമാർ എന്നിവർ പ്രസംഗിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലാ കമ്മറ്റികളിൽ നിന്നും നൂറുകണക്കിന് ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്.

Related posts

Leave a Comment