ഞുണങ്ങാർ താൽക്കാലിക പാലം നിർമ്മാണം അന്തിമഘട്ടത്തിൽ

പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ സ്ട്രക്ചർ പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ മുതൽ തെങ്ങിൻ കുറ്റികൾ അടിക്കുന്ന പ്രവൃത്തി നടത്താനാണ് ഉദ്ദേശിക്കുന്നത്.
പഴയ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ സ്ഥാനത്ത് പുതിയ പാലം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവനുസരിച്ച് പത്ത് ദിവസമാണ് ജലസേചന വകുപ്പിന് അനുവദിച്ചിരുന്നത്. ഇത് പ്രകാരം ശനിയാഴ്ച വരെയാണ് സമയമുള്ളത്. എന്നാൽ, കാലവസ്ഥ പ്രതികൂലമല്ലെങ്കിൽ വെള്ളിയാഴ്ച വൈകീട്ട് പണി പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ജലസേചന വകുപ്പ് പ്രതീക്ഷിക്കുന്നത്.
20 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 10 മുതൽ 15 വരെ ടൺ സംഭരണ ശേഷിയുള്ള ട്രാക്ടറുകൾ കടന്നുപോകാൻ പാകത്തിലാണ് നിർമ്മിതി.
പുഴയിലെ വെള്ളം കടന്നുപോകാൻ രണ്ട് പാളികളായാണ് 24 പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. താഴെ ഏഴും മുകളിൽ അഞ്ചുമായി 12 വെൻറുകളാണുള്ളത്. ഇതിന് രണ്ട് വശത്തും ഉരുക്കുവലയ്ക്കകത്ത് കല്ലുകൾ അടുക്കി ഗാബിയോൺ സ്ട്രക്ചറിലാണ് നിർമ്മാണം.
പാലത്തിന് മുകളിൽ ഒരു പാളി ജിഎസ്ബി (ഗ്രാന്യുലാർ സബ് ബേസ്) ഇട്ട് അതിന് മുകളിലൂടെ വാഹനം കടന്നുപോകാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പാലത്തിന്റെ രണ്ട് വശത്തും 60ഓളം തെങ്ങിൻ കുറ്റി പൈൽ ചെയ്ത്, വെള്ളപ്പാച്ചിലിൽ പാലം മറിഞ്ഞുപോകാത്ത വിധം പാലം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Related posts

Leave a Comment