‘ഞാറ്റുവേല’- അരുൺ ഗാന്ധിഗ്രാം ; കവിത വായിക്കാം

എഴുത്ത്കാരനെ പരിയപ്പെടാം

അരുൺ ഗാന്ധിഗ്രാം

ഇരിങ്ങാലക്കുട സ്വദേശി. എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ സെക്രട്ടറിയാണ്. മടിച്ചി എന്ന കവിതാ സമാഹാരം (2014). 2013 – 2015 വർഷങ്ങളിൽ സംസ്ഥാന കേരളോത്സവത്തിൽ കവിതാരചനാമത്സര വിജയി.

ഞാറ്റുവേല

നിശ്ശബ്ദമൊറ്റയ്ക്കിരിക്കുമ്പോൾ വാതിലിൽ
തട്ടിവിളിച്ചൂ മഴക്കിലുക്കം
കെട്ടകാലത്തിന്റെ തീവെയിൽ കത്തിച്ച-
തൊക്കെ ജലാമൃതത്താലുണർത്താൻ

എത്ര കിളച്ചുകളഞ്ഞിട്ടുമോർമ്മതൻ
മുറ്റത്തു വീണ്ടും മുളച്ചുപൊങ്ങും
നഷ്ടസ്വപ്നത്തിന്നിളം പച്ചകൾപോലെ-
യെത്തുന്നു വീണ്ടുമീ ഞാറ്റുവേല

നിസ്വാർത്ഥ സ്നേഹത്തിനിന്ധനം വറ്റിയോ –
രാരോ കരിച്ചുകളഞ്ഞ പെൺപൂ
വീണതിന്നോർമ്മകൾ ജൂൺമഴപ്പെയ്ത്തിനാ-
ലപ്പാടെ മായ്ക്കുന്നു ഞാറ്റുവേല

അപ്പൊഴോ, ലിച്ചിപ്പഴം തിന്നു പാതി –
വയർ നിറച്ചെത്തുന്നു കുഞ്ഞുങ്ങൾ
കാരുണ്യമെന്ന തേന്മാവിലൊരൂഞ്ഞാലു
കെട്ടിക്കൊടുക്കുന്നു ഞാറ്റുവേല

ക്രൂരം ഒരോഗസ്റ്റിൽ, കുത്തൊഴുക്കിൽ,
മഷി മാഞ്ഞു വിളർത്ത മൺക്യാൻവാസിൽ
നൂറായിരം തരം പച്ചകളാൽ പുതു –
ചിത്രം വരയ്ക്കുന്നു ഞാറ്റുവേല

ഏപ്രിലിൽ, മെയ്യിൽ കടുത്ത താപത്തിനാൽ
പൊള്ളിത്തിണർപ്പു പടർന്ന തൈയ്യിൽ
പുത്തൻ പൊടിപ്പു പിടിപ്പിച്ച് തോളത്തു
തട്ടി വളർത്തുന്നു ഞാറ്റുവേല

അങ്ങു വടക്കു നിന്നെത്തി വേനൽക്കിളി
പച്ചപ്പു കൊത്തി മറഞ്ഞപ്പോൾ
മുണ്ടു മടക്കിയുടുത്ത് വിരൽ പത്തു
കുത്തി മുളപ്പിച്ചു ഞാറ്റുവേല

ഇപ്പോൾ നോക്കൂ, നാം മുളപ്പിച്ചതൊക്കെ –
ക്കവർന്നവർ പോകുന്ന കപ്പൽ കണ്ടും
മഞ്ഞവെയിൽക്കരെ, മാമാങ്കഭൂമിയിൽ
ഗൂഢം ചിരിക്കുന്നു ഞാറ്റുവേല.

Related posts

Leave a Comment