34 ബില്ലുകൾ നിയമമാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 21 ദിവസം നീണ്ടു നിന്ന മൂന്നാം സമ്മേളനം നടപടികൾ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ധന നികുതി കുറയ്ക്കില്ലെന്ന പിടിവാശിയിൽ പ്രതിഷേധിച്ച് ഇന്നലെ സഭ ബഹിഷ്കരിച്ചതൊഴിച്ചാൽ  ബാക്കിയുള്ള 20 ദിവസവും സഭാ നടപടികളോട് സഹകരിച്ച് പ്രതിപക്ഷം നിയമ നിർമാണ പ്രക്രിയയിൽ സജീവ പങ്കാളിത്തം വഹിച്ചു. സമ്മേളനത്തില്‍ അവതരിപ്പിച്ച ഓരോ ബില്ലിന്റെയും ചര്‍ച്ചകളില്‍ കൃയാത്മകമായി ഇടപെട്ട പ്രതിപക്ഷ നേതാവിന്റേത് അനുകരണീയ മാതൃകയാണെന്ന് മുഖ്യമന്ത്രി നന്ദി പ്രമേയ ചർച്ചയിൽ ചൂണ്ടിക്കാട്ടി. എല്ലാ ബില്ലുകളിലും സഭയില്‍ കാര്യക്ഷമമായ ചര്‍ച്ചയാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒക്‌ടോബര്‍ നാലിന് ആരംഭിച്ച സമ്മേളനം 24 ദിനങ്ങള്‍ സമ്മേളിക്കുവാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത പേമാരിയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുംമൂലം മൂന്നു ദിവസത്തെ സഭാ നടപടികള്‍ ഒഴിവാക്കിയിരുന്നു. നിയമ നിര്‍മാണത്തിനു വേണ്ടി മാത്രമായി ചേർന്ന സഭാ സമ്മേളനത്തില്‍ 35 ബില്ലുകളാണ് പരിഗണിച്ചത്. 34 ബില്ലുകള്‍ നിയമമാക്കി സഭ പുതു ചരിത്രം സൃഷ്ടിച്ചു.  പൊതുപ്രാധാന്യമുള്ള 2021ലെ കേരള പൊതുജനാരോഗ്യബില്‍ വിശദമായ പരിശോധനയ്ക്കും പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പിനുമായി 15 അംഗങ്ങളടങ്ങുന്ന ഒരു സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കും അയച്ചു.
ഈ സമ്മേളന കാലയളവില്‍ ആകെ 19 അടിയന്തര പ്രമേയ നോട്ടീസുകളാണ് പരിഗണനയ്ക്ക് വന്നത്. ഭരണപ്രതിപക്ഷാംഗങ്ങള്‍ നോട്ടീസ് നല്‍കിയതും പൊതു പ്രാധാന്യമുള്ളതുമായ 39 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസുകളും 199 സബ്മിഷനുകളും സഭയിലെത്തി. 478 രേഖകളാണ് ഈ സമ്മേളനകാലത്ത് സഭയുടെ മേശപ്പുറത്ത് വയ്ക്കപ്പെട്ടത്. 34 സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ വിവിധ നിയമസഭാ കമ്മിറ്റികളുടെ 49 റിപ്പോര്‍ട്ടുകളും ഇക്കാലയളവില്‍ സഭയില്‍ സമര്‍പ്പിക്കപ്പെട്ടു.
അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി ഒരു വെള്ളിയാഴ്ച മാത്രമാണ് ഈ സമ്മേളന കാലയളവില്‍ ലഭ്യമായത്. അന്നേദിവസം അഞ്ചു പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ ആകെ എട്ടു സ്വകാര്യ ബില്ലുകള്‍ സഭ പരിഗണിക്കുകയും തുടര്‍ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു.
20 ദിവസമാണ് ചോദ്യോത്തരവേള ഉണ്ടായിരുന്നത്. ഈ ദിവസങ്ങളില്‍ നക്ഷത്ര ചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 7,561 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 134 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 57 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 600 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 6,770 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 7,370 ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നക്ഷത്ര ചിഹ്നമിട്ട മുഴുവന്‍ ചോദ്യങ്ങള്‍ക്കും നക്ഷത്ര ചിഹ്നമിടാത്ത 6,620 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഉത്തരം നല്‍കി. ചോദ്യോത്തര വേളകളില്‍ 63 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചു. 606 അവസരങ്ങളിലായി 665 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഈ സമ്മേളന കാലയളവില്‍ ഒരു അടിയന്തര ചോദ്യവും ഉണ്ടായിരുന്നു.

Related posts

Leave a Comment