നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ മന്ത്രിക്ക് മറുപടി എഴുതി നൽകിയ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഇക്കാര്യം വനം മന്ത്രി എകെ ശശീന്ദ്രൻ തന്നെയാണ് നിയമസഭയിൽ അറിയിച്ചത്. ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത മറുപടി അതേപടി വായിച്ച് മന്ത്രി കുരുക്കിലായ പശ്ചാത്തലത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തത്. കഴിഞ്ഞമാസം ആറിനാണ് മന്ത്രി നിയമസഭയിൽ തെറ്റായ വിവരം അവതരിപ്പിച്ചത്.
കേരളത്തിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാർ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കേന്ദ്രത്തി‌ന് കത്തയച്ചിരുന്നു. എന്നാൽ, കാട്ടുപന്നി ശല്യം നേരിടാൻ പഞ്ചായത്തുകൾക്ക് അധികാരം കൊടുത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക എന്ന നിർദേശം നൽകി കഴിഞ്ഞ വർഷം ഡിസംബറിൽ കേരളത്തിന്റെ അപേക്ഷ തള്ളിക്കൊണ്ട് കേന്ദ്ര സർക്കാർ കേരളത്തിന് കത്തയച്ചു. ആറു മാസങ്ങൾക്കുശേഷം 2021 ജൂൺ 17ന് കേരളം കേന്ദ്രത്തിലേക്ക് വീണ്ടും കത്തെഴുതി. അതിൽ പറഞ്ഞത് 2011 മുതൽ കേരളം കാട്ടുപന്നി പ്രശ്നത്തെ നേരിടാൻ പഞ്ചായത്തുകൾ വഴി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ പറ്റാത്തതുകൊണ്ടാണ് വീണ്ടും കേന്ദ്രത്തിലേക്കു കത്തയയ്ക്കുന്നത് എന്നുമാണ്.  ഈ കത്തിനുള്ള മറുപടി ജൂലൈ എട്ടിന് കേന്ദ്രം നൽകിയിരുന്നു. 2011 മുതൽ പഞ്ചായത്തുകൾ മുഖേന കാട്ടു പന്നികളെ നശിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട്‌ നൽകുക എന്നതാണ് കേന്ദ്ര മറുപടിയിലുള്ളത്. എന്നാൽ, ഇങ്ങനൊരു കത്ത് വന്നിട്ടില്ലെന്നായിരുന്നു വനം മന്ത്രി കഴിഞ്ഞ മാസം ആറിന് നിയമസഭയെ അറിയിച്ചത്.

Related posts

Leave a Comment