അഞ്ച് ബില്ലുകള്‍ നിയമസഭ പാസാക്കി.തൊഴിലാളികള്‍ 55 കിലോ ചുമന്നാല്‍ മതി

തിരുവനന്തപുരം: ചുമട്ടുതൊഴിലാളികള്‍ വഹിക്കേണ്ട ഭാരം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള അഞ്ച് ബില്ലുകള്‍ നിയമസഭ പാസാക്കി.സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്ത അഞ്ച് ബില്ലുകളാണ് സഭ ഇന്നലെ പാസാക്കിയത്. 2021-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ഭേദഗതി, 2021-ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും തൊഴിലാളി ക്ഷേമനിധി ഭേദഗതി, 2021-ലെ കേരളചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ഭേദഗതി,2021-ലെ കേരളകടകളും വാണിജ്യസ്ഥാപനങ്ങളും ഭേദഗതി, 2021-ലെ കേരള ചുമട്ടുതൊഴിലാളി ഭേദഗതി, 2021-ലെ കേരളചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ഭേദഗതി എന്നീ ബില്ലുകളാണ് സഭ പാസാക്കിയത്. ക്ഷേമനിധിയിലേക്കുള്ള അംശദായം ഉയര്‍ത്തുന്ന കാര്യം വ്യവസ്ഥ ചെയ്യുന്നതാണ് മൂന്ന് ബില്ലുകള്‍. തൊഴിലാളി ക്ഷേമനിധികളുടെ വരുമാനം കുറവായതിനാലും ആനൂകുല്യങ്ങള്‍ നല്‍കുന്നതിലെ ചെലവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ക്ഷേമനിധിയിലെ അംശദായം വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് ബില്ലുകളുടെ ചര്‍ച്ചക്ക് മറുപടി നല്‍കിയ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ബില്ലുകളുടെ ഉദ്ദേശ്യശുദ്ധിയെ അനുകൂലിച്ച പ്രതിപക്ഷം ചില വ്യവസ്ഥകളോട് വിയോജിപ്പും രേഖപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങളായ അന്‍വര്‍ സാദത്ത് എ കെ എം അഷറഫ് എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.അംശദായത്തിന് ആനുപാതികമായി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് അന്‍വര്‍ സാദത്തും എ കെ എം അഷറഫും പറഞ്ഞു.  തൊഴിലാളികള്‍ വഹിക്കേണ്ട ഭാരം പരിമിതപ്പെടുത്തുന്നതാണ്  കേരള ചുമട്ടു തൊഴിലാളി ഭേദഗതി ബില്‍. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ കണക്കനുസരിച്ച് ഒരു തൊഴിലാളി വഹിക്കേണ്ട ഭാരം 75 കിലോഗ്രാമെന്നത് 55 കിലോഗ്രാമായി ഭേദഗതിയിലൂടെ കുറച്ചു. സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ചുമട്ടുതൊഴിലാളികളും പരമാവധി ചുമക്കേണ്ട ഭാരം 35 കിലോഗ്രാം ആയി പരിമിതപ്പെടുത്തി. ക്ഷേമനിധി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള സേവന വ്യവസ്ഥകള്‍ സംബന്ധിച്ച് ചട്ടം ഉണ്ടാക്കുന്നതിനും സര്‍ക്കാറിനെ ചുമതലപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 2008ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബില്ലില്‍ വരുത്തിയ ഭേദഗതിക്കാണ് നിയമസഭ സാധൂകരണം നല്‍കിയത്. ചെറുകിട തോട്ടം തൊഴിലാളി ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് ഓരോ ആറുമാസവും നല്‍കേണ്ട അംശദായം പുതിയ ഭേദഗതിയിലൂടെ 120 രൂപയില്‍ നിന്ന് 180 രൂപയായി വര്‍ധിപ്പിച്ചു. ഒരു തൊഴിലാളിക്ക് 180 രൂപ വീതം തൊഴിലുടമയും ഇതേ കാലയളവില്‍ അംശദായം നല്‍കണം. നിലവില്‍ ഇത് 120 രൂപയാണ്. സ്വയം തൊഴില്‍ ചെയ്യുന്ന ഓരോ അംഗവും ഓരോ ആറുമാസവും ക്ഷേമനിധിയിലേക്ക് കൊടുക്കേണ്ട അംശദായം 240 രൂപയില്‍നിന്ന്  360 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.  2021 ലെ കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ഭേദഗതിബില്ലിലും സമാനമായ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേമനിധിയിലേക്ക് ഓരോ തൊഴിലാളിയും തൊഴിലുടമയും ഉല്‍പാദകനും അടക്കേണ്ട വിഹിതം 7 രൂപയില്‍ നിന്നും പ്രതിമാസം  15 രൂപയായി വര്‍ദ്ധിപ്പിച്ചു. നിധിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്‍ഡ് ആയി നല്‍കുന്ന തുക തൊഴിലാളികളുടെ അംശദായത്തിന്റെ 75 ശതമാനമായി കുറയ്ക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയിട്ടുണ്ട്. കടകളും വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്‍ പ്രകാരം ക്ഷേമനിധി അംശദായം സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം മൂലം മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കാനാകും. കടകളും വാണിജ്യസ്ഥാപനങ്ങളും തുടങ്ങുന്നതിന് ലേബര്‍ കമ്മീഷണറേറ്റിലൂടെ ഓട്ടോമേഷന്‍ സിസ്റ്റം മുഖേനെ ഓണ്‍ലൈനായി റജിസ്‌ട്രേഷന്‍ നല്‍കുന്നതാണ്  കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ഭേദഗതിബില്‍.

Related posts

Leave a Comment