തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണെന്ന നീതി ആയോഗിന്റെ റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നീതി ആയോഗ് പുറത്തു വിട്ടത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനകീയ പരിപാടികളുടെ പ്രതിഫലനമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും നടപടികളും ലോക ശ്രദ്ധ നേടി. എന്നാൽ ഇന്ന് ഇതാണോ സ്ഥിതിയെന്ന് സംശയിക്കേണ്ടതാണ്. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് ഇപ്പോഴത്തെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
നീതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്സിലാണ് കേരളത്തിന് നേട്ടം ലഭിച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് 2015-16 കാലത്ത് മുന്നിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍.