നിഷിന് മികച്ച സർക്കാർ അസിസ്റ്റീവ് ടെക്നോളജി ഇനിഷ്യേറ്റീവ് അവാർഡ്

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം വർദ്ധിപ്പിക്കുന്നതിന് സഹായകമായ സാങ്കേതികവിദ്യകൾക്ക് ഊന്നൽ നൽകി നിഷിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്) പ്രവർത്തിക്കുന്ന സെൻറർ ഫോർ അസിസ്റ്റീവ് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (സിഎറ്റിഐ)  മികച്ച സർക്കാർ അസിസ്റ്റീവ് ടെക്നോളജി ഇനിഷ്യേറ്റീവ് അവാർഡ് സ്വന്തമാക്കി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ പ്രഥമ അസിസ്റ്റീവ് ടെക്നോളജി ഇന്നൊവേഷനായ അസിസ്ടെക് ഫൗണ്ടേഷൻറെ  (എടിഎഫ്) അവാർഡാണ് നിഷിന് ലഭിച്ചത്.
ഭിന്നശേഷിക്കാർക്കാവശ്യമായ സഹായക സാങ്കേതികവിദ്യകളെക്കുറിച്ച്  അവബോധം സൃഷ്ടിച്ചതിലും സുസ്ഥിര പ്രതികരണം ഉളവാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയതിലുമാണ് നിഷിൻറെ ഭാഗമായി 2015 ൽ ആരംഭിച്ച സിഎറ്റിഐ അവാർഡിന് അർഹമായത്.
കാൽ നൂറ്റാണ്ടോളമായി ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും പഠനത്തിനുമായി നിഷ് നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് നിഷിലെ സിഎറ്റിഐ ഡയറക്ടർ പ്രൊഫ. കെ ജി സതീഷ് കുമാർ പറഞ്ഞു.   അസിസ്റ്റീവ് ടെക്നോളജിക്കായുള്ള സമർപ്പിത കേന്ദ്രവും അസിസ്റ്റീവ് ടെക്നോളജിയിലൂന്നി രാജ്യത്ത്  ആദ്യമായി തുടങ്ങിയ അക്കാദമിക കോഴ്സുമാണ് ഇതിൽ സുപ്രധാനം. രാജ്യം 2016 ലെ ഭിന്നശേഷിക്കാർക്കുള്ള നിയമത്തിലെ  വ്യവസ്ഥകൾ നടപ്പിലാക്കാൻ ശ്രമിക്കുകയും പ്രൊഫഷണൽ മാർഗനിർദേശം തേടുകയും ചെയ്യുന്ന ഈ സമയത്ത് സിഎടിഐ അസിസ്റ്റീവ് ടെക്നോളജിയിലും അക്സസിബിലിറ്റി കൺസൾട്ടിങ്ങിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ഇത്തരത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിഷ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരോടൊപ്പം വിവിധ വിഭാഗത്തിലുള്ള എൻജിനീയർമാരും റീഹാബിലിറ്റേഷൻ പ്രൊഫഷണലുകളും ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് വിപണിയിൽ നിലവിലുള്ള പ്രതിവിധികൾ തിരഞ്ഞെടുക്കുകയോ അനുയോജ്യമായ സാങ്കേതിക പ്രതിവിധികൾ വികസിപ്പിക്കയോ ചെയ്യുന്നത്. തുടർന്ന് പരിശീലനവും ലഭ്യമാക്കുന്നുണ്ട്. അസിസ്റ്റീവ് ടെക്നോളജി സൊലൂഷൻസിൽ ആറുമാസത്തെ പാർട്ടൈം കോഴ്സ് സിഎറ്റിഐ നടത്തുന്നുണ്ട്.  രാജ്യാന്തര  തലത്തിലുളള വിഗദ്ധരാണ് ഇതിന് നേതൃത്വം നൽകുന്നത്. ലോകത്താകമാനമുളളവരിൽ നിന്നും  മികച്ച സ്വീകാര്യത കോഴ്സിന് ലഭിച്ചിട്ടുണ്ട്. 

Related posts

Leave a Comment