Kerala
അവസരത്തിലും അനവസരത്തിലും
ഒരു ആശുപത്രിചിന്ത
- നിരീക്ഷകൻ
- ഗോപിനാഥ് മഠത്തിൽ
ആരോഗ്യം എന്നത് ഇപ്പോൾ വലിയ വിപണനസാധ്യതയുള്ള മേഖലയാണ്. ദശകങ്ങളായി പലതരത്തിലുള്ള അഴിമതി നിറഞ്ഞ സാഹചര്യം ഇവിടെ നിലനിൽക്കുന്നു. മനുഷ്യൻറെ ജീവനും ജീവിതവുമായി ബന്ധപ്പെട്ട ഒരുരംഗമായതുകൊണ്ട് പലസത്യങ്ങളും അനുഭവങ്ങളും ജനങ്ങൾക്ക് തുറന്നുപറയണമെന്നുണ്ടെങ്കിൽത്തന്നെ അത് പരസ്പരമുള്ള അടക്കംപറച്ചിലുകളായി ഒതുങ്ങിപ്പോകുന്നു. ഇന്ന് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളിലും ഫൈവ്സ്റ്റാർ ഹോസ്പിറ്റലുകൾ പൊന്തിവരുന്നത് പൊതുചികിത്സാമേഖലയിലെ പാളിച്ചകൾ മൂലമാണെന്ന് പറയാൻ കഴിയില്ല. മുന്തിയ ഇനം ചികിത്സാസംവിധാനങ്ങൾ ഇപ്പോൾ സർക്കാർ ആശുപത്രികളിലുണ്ട്. നൂതനമായ സങ്കേതിക സംവിധാനങ്ങളിലൂടെ അസുഖത്തിൻറെ ആരംഭം കണ്ടെത്താനും കൃത്യമായ പ്രതിവിധികൾ കണ്ടെത്താനും പൊതുചികിത്സാകേന്ദ്രങ്ങൾക്ക് കഴിയുന്നുണ്ട്. എന്നാലും എവിടെയോ എന്തൊക്കെയോ ചില പോരായ്മകൾ ആരോഗ്യരംഗത്തെ സർക്കാർ ഹോസ്പിറ്റലുകൾക്കുണ്ട്. അത് സർക്കാർ എന്ന വാക്ക് ജനങ്ങളിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന കൃത്യവിലോപത്തിൻറെ ഭാഗമാണോ എന്നറിയില്ല. മികച്ച രോഗനിർണ്ണയ ഉപകരണങ്ങൾ സർക്കാർ ആശുപത്രികളിൽ ഉണ്ടെങ്കിലും യഥാസമയം പ്രവർത്തനക്ഷമമാകാത്ത അവസ്ഥ പല ഹോസ്പിറ്റലുകളിലും ഉണ്ട്. പിന്നൊന്ന് മാന്യമായ സമീപനത്തിൻറെ അഭാവമാണ്. ഒരു സർക്കാർ ആശുപത്രിയെ കൂടുതലും സമീപിക്കുന്നത് സമൂഹത്തിൻറെ താഴേക്കിടയിലുള്ള ജനങ്ങളാണ്. അവരുടെ രോഗത്തെക്കുറിച്ചുള്ള അജ്ഞതയും അത് സൃഷ്ടിക്കുന്ന അകാരണഭയങ്ങളും അവരെ സമ്മർദ്ദത്തിലാഴ്ത്തി പ്രകോപനം സൃഷ്ടിക്കാറുണ്ട്. ആ പ്രകോപനങ്ങൾ അക്രമത്തിലേയ്ക്ക് വഴുതിപ്പോയ കുറെ സംഭവങ്ങൾക്ക് കേരളം സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. മാനസിക വൈകല്യം സംഭവിച്ച ഒരാൾ യാതൊരു കാരണവും കൂടാതെ ഒരു പാവം ആതുരശുശ്രൂഷകയെ നിർദ്ദയം മരണത്തിലേയ്ക്ക് നയിച്ചതിനും ഗതികേടുകൊണ്ട് സാക്ഷികളാകേണ്ടിവന്നവരാണ് നമ്മൾ. ഈ സംഭവം ഒഴിവാക്കി ചിന്തിച്ചാൽ സർക്കാർ പ്രതിനിധി എന്ന അമിത ഹുങ്ക് മാറ്റിവച്ച് രോഗികളോട് കാരുണ്യപൂർവ്വം ഇടപെടാൻ ഭിഷഗ്വരനും രോഗികളോടൊത്ത് ആശുപത്രിയിൽ വരുന്നവർ അക്രമധാർഷ്ട്യം മാറ്റിവച്ച് മാന്യതയും ആദരവും സമാധാനവും പ്രകടിപ്പിച്ചാൽ ഒരു ആശുപത്രിയും സംഘർഷത്തിൻറെ ഇടമാകില്ലെന്ന് നാം അറിയണം. ആശുപത്രിയിൽ രോഗിയുമായി എത്തുന്ന ആളുകൾക്ക് അവരുടെ രോഗിയുടെമാത്രം പ്രത്യേകവും കൃത്യവുമായ പരിചരണമാണ് ആവശ്യം. അതാണ് ഏതൊരു രോഗിയുടെ ആൾക്കാരുടെയും പ്രഥമ ലക്ഷ്യം. ഇത്തരം രോഗികളെയും ആൾക്കാരെയും ദൈനംദിനം അഭിമുഖീകരിക്കുന്ന ഡോക്ടർമാരുടെ ആവർത്തനമടുപ്പും ഓരോ രോഗിക്കും മേലുള്ള സ്വന്തം ആൾക്കാരുടെ പ്രത്യേക പരിചരണശ്രദ്ധയും കരുതലും പൊരുത്തപ്പെടാതെയാകുമ്പോഴാണ് സംഘർഷത്തിന് കാരണമാകുന്ന ആദ്യഭർത്സനവാക്കിൻറെ പുറപ്പെടൽ.
സർക്കാർ ആശുപത്രികൾ ഏതൊരുവിഭാഗം ജനത്തിൻറെയും ആതുര ആശ്രയ കേന്ദ്രമാണ്. അതിൻറെ പ്രവർത്തനത്തിൽ താൻകൂടി ഉൾപ്പെടുന്നു എന്ന അവബോധവും അത്തരം അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. ഇതേ അവസരത്തിൽ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം നീതിയുക്തമാണോ എന്നുചിന്തിച്ചാൽ നിഷേധ ഉത്തരമാകും ഉണ്ടാവുക. പല സ്വകാര്യ ആശുപത്രികളും ഗില്ലറ്റിൻ യന്ത്രങ്ങൾ തന്നെയാണ്. കാലിൽ മുറിവുമായി എത്തുന്നവൻറെ തല സ്കാൻ ചെയ്യാനും, ഇ.സി.ജി. എടുക്കാനും പറഞ്ഞുവിടുന്നത് ചിരിക്കാൻ വകനൽകുന്ന കാര്യങ്ങളാണെങ്കിലും അവിടങ്ങളിലെ ചികിത്സാനിരക്കുകളിലെ അമിതവർദ്ധനകളിലേക്കാണ് ആ തമാശകൾ സന്ധിക്കുന്നത്. ആദ്യം ഒറ്റനിരയിൽ ആകാശത്തേക്ക് കമ്പികൾ എറിഞ്ഞ് പ്രവർത്തനം ആരംഭിക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കമ്പികളെ അപ്രത്യക്ഷമാക്കി ബഹുനിലയിൽ സമുച്ചയം പൂർത്തീകരിക്കണമെങ്കിൽ ഏതുരോഗിയോടും അവിടങ്ങളിലെ യന്ത്രസംവിധാനങ്ങളിലൂടെ കയറ്റിയിറക്കി പണം പിടുങ്ങിയേ മതിയാകൂ. ഇത് ബോധ്യമുള്ള ജനങ്ങളാണ് തങ്ങളുടെ സ്വന്തം രോഗിയേയുംകൊണ്ട് സർക്കാർ ആശുപത്രിയിലേക്ക് പായുന്നത്. അവിടെ ചെല്ലുമ്പോൾ സർക്കാർ അഹംഭാവവും അലംഭാവവും സംക്രമിച്ച് ജീവനക്കാരുടെ നിസ്സാരീകരണഭാവവും ചേർന്ന് ത്രിവേണി സംഗമസ്ഥാനം പോലെ ആശുപത്രികൾ മാറുന്നു. കൂടാതെ ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗക്കുറിപ്പുകളും ബ്രാൻറഡ് മരുന്നുകളുടെ കുറിപ്പുകളും അടപടലെ രോഗികൾക്ക് കൈച്ചീട്ടായി അവിടെ നിന്നും ലഭിക്കുന്നു. രോഗത്തിനുള്ള അവശ്യമരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണെങ്കിലും അതൊന്നും കൂടാതെ പുറത്തുനിന്നും മരുന്നുകുറിക്കുന്നത് അപൂർവ്വം ഡോക്ടർമാരുടെ കൗതുകമായിരിക്കുന്നു. അതിനെ നിരീക്ഷിക്കാൻ എല്ലാ സർക്കാർ ആശുപത്രികളിലും പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത് നല്ലകാര്യം. പക്ഷെ അതിൽ നിന്നും സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയതിനു പിന്നിലെ കാര്യങ്ങൾ വ്യക്തമല്ല. അതുപോലെ ആശുപത്രികളിൽ സമാധാന അന്തരീക്ഷം പുലരാൻ പല കമ്മിറ്റികളും നിലവിലുണ്ടെങ്കിലും അവ നിർജ്ജീവമാകാതെ സചേതനമാക്കാൻ സർക്കാരിന് കഴിയണം. ഒരു പ്രശ്നം ഉണ്ടായിട്ട് ചർച്ച ചെയ്തിട്ട് കാര്യമില്ല. ഉണ്ടാകാതെ നോക്കുന്നതിലാണു കാര്യം.
വാൽക്കഷ്ണം
ഈ പത്രക്കാരക്കൊണ്ടു തോറ്റു എന്ന് ഇപ്പോൾ പറഞ്ഞത് യശ്ശഃശരീരനായ സദ്ധിക്ക് ചിത്രത്തിലെ കഥാപാത്രമല്ല. സി.പി.എം നേതാക്കളായ എ.കെ. ബാലനും എം.വി ഗോവിന്ദനുമാണ്. വീണാ വിജയൻ വിവാദത്തെത്തുടർന്നാണ് ബാലനും ഗോവിന്ദനും ഒരുപോലെ വീണ്ടും മാധ്യമങ്ങൾക്കു നേരെ പടപ്പുറപ്പാട് നടത്തിയിരുന്നത്. മാനം മര്യാദയായിട്ട് മാർക്സിസ്റ്റ് കുടുംബത്തിൽ ആർക്കെങ്കിലും പത്തു കാശു കിട്ടുന്ന കാര്യം വരുമ്പോൾ ഇവന്മാർക്ക് കുരുചാടുന്നതിൻറെ കാര്യമെന്താണെന്നാണ് ഇരട്ടകളായ ഈ സയാമീസുകൾക്ക് മനസ്സിലാവാത്തത്. എന്തുചെയ്യാം മാഷന്മാരെ, ഞങ്ങളെ എല്ലാവരും വിളിക്കുന്നത് ജനാധിപത്യത്തിൻറെ നാലാം തൂണെന്നല്ലേ. നിങ്ങൾ ഭരണം കിട്ടിയനാൾ മുതൽ മുക്കാലിൽ നിൽക്കുന്നെന്നു കരുതി ഞങ്ങളും അങ്ങനെ ആകണോ?
**
Kerala
മൗനംവെടിഞ്ഞ് മുഖ്യമന്ത്രി, ആർഎസ്എസ്- എഡിജിപി വിവാദ കൂടിക്കാഴ്ചയിൽ മിണ്ടാട്ടമില്ല
തിരുവനന്തപുരം: ആർഎസ്എസ്- എഡിജിപി വിവാദ കൂടിക്കാഴ്ചയിൽ ഒടുവിൽ മുഖ്യമന്ത്രി മൗനംവെടിഞ്ഞു. പക്ഷേ താനും സർക്കാരും പാർട്ടിയും പ്രതിക്കൂട്ടിൽ നിൽക്കുന്ന വിഷയങ്ങളിൽ ഒരക്ഷരം മിണ്ടിയില്ലാ എന്നുമാത്രം. എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ മുഖ്യമന്ത്രി ഒന്നും തന്നെ പറഞ്ഞില്ല. അജിത്കുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട വിവാദം ആരംഭിച്ച ശേഷം ഇതുവരെയും മൗനം തുടർന്ന അദ്ദേഹം സിപിഎം വേദിയിൽ ഇന്ന് സംസാരിച്ചത് പാർട്ടിയുടെ ആർഎസ്എസ് വിരുദ്ധ ചരിത്രം പറയാൻ വേണ്ടി മാത്രമായിരുന്നു. തൃശ്ശൂർ പൂരത്തിനിടയിലുണ്ടായ സംഭവങ്ങളിലടക്കം ഈ കൂടിക്കാഴ്ചചകൾക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ്, മാധ്യമങ്ങളെയടക്കം കുറ്റപ്പെടുത്തിക്കൊണ്ട് മാത്രം മുഖ്യമന്ത്രി സംസാരിച്ചത്.
സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നുമായിരുന്നുമുഖ്യമന്ത്രിയുടെ വാദങ്ങൾ. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതെ സമയം എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയയെ കണ്ടും റാം മാധവിനെ കണ്ടതുമായി ബന്ധപ്പെട്ട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അതിനകത്ത് യാതൊരു നടപടിയും മുഖ്യമന്ത്രി കൈക്കൊണ്ടിരുന്നില്ല. വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുകയും സഖ്യകക്ഷികളിൽ നിന്നടക്കം വിമർശനം ഉയരുകയും ചെയ്തിട്ടും ഈ സംഭവത്തിൽ പ്രതികരിക്കാതെയാണ് ഇന്ന് കോവളത്തെ സിപിഎം വേദിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത്.
Alappuzha
വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം, കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു
ആലപ്പുഴ: കോർത്തുശേരിയിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. തീർഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പോലീസ്. സെപ്റ്റംബർ നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകൻ രാധാകൃഷ്‌ണൻ പോലീസിന് പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കി യിരുന്നെന്നും അതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.
Featured
സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ആര്‍.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ ബാന്ധവമുണ്ടെന്നും സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം പറഞ്ഞു.
ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതും ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂര്‍ പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.
മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീര്‍ വിവാദത്തിലൂടെ സി.പി.എം ശ്രമിച്ചത്. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന സന്ദേശമാണ് എ.ഡി.ജി.പി വഴി മുഖ്യമന്ത്രി ആര്‍.എസ്.എസിന് കൈമാറിയത്. ഇതിന്റെ തുടര്‍ച്ചയായി ബി.ജെ.പിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. വിശ്വാസത്തെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പറഞ്ഞ ബി.ജെ.പിയാണ് ഉത്സവം കലക്കിയത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കപട നിലപാടുകള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.
പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും മിണ്ടുന്നില്ല. പഴയ സി.പി.എം ആയിരുന്നെങ്കില്‍ ഇങ്ങനെയാണോ പറയുന്നത് തെറ്റാണെന്നു പറയാന്‍ പോലും പറ്റുന്നില്ല. അതാണ് സി.പി.എമ്മിലെ ജീര്‍ണതയുടെ ഏറ്റവും വലിയ അടയാളം.സ്വര്‍ണക്കള്ളക്കടത്തും കൊടകര കുഴല്‍പ്പണ കേസും ആവിയായതു പോലെ ഇപ്പോഴത്തെ ആരോപണങ്ങളിലെ അന്വേഷണങ്ങളും ആവിയായി പോയാല്‍ പ്രതിപക്ഷ അതിനെ നിയമപരമായി നേരിടും. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു തവണ ജയിലിലായി.
സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കലും കൊലപാതകങ്ങളും കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാന്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login