Connect with us
inner ad

Kerala

ഭ…പ്പുല്ലേ എന്നു വിളിക്കേണ്ട സന്ദര്‍ഭം
പോലീസ് കളഞ്ഞുകുളിച്ചു

Avatar

Published

on

  • നിരീക്ഷകന്‍
    ഗോപിനാഥ് മഠത്തില്‍

എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ ഗുണ്ടാസംഘടന നടത്തുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും മാനസിക പീഡനങ്ങളുടെയും ശൃംഖലയിലെ അവസാനത്തെ കണ്ണിയും ഇരയുമായിരിക്കുന്നു വയനാട് പൂക്കോട് ഗവണ്‍മെന്‍റ് വെറ്ററിനറി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ്. അവസാനം എന്ന് ഇവിടെ ഉദ്ദേശിച്ചത് ഇതുവരെ കേട്ട വാര്‍ത്തയുടെ അവസാനം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. ഭരണത്തിന്‍റെ തണലും മുഷ്ക്കും കൈമുതലായുള്ള എസ്എഫ്ഐ നടത്തിയിട്ടുള്ള അക്രമത്തുടര്‍ച്ചയുടെ മൃഗീയതയുടെ ഓര്‍മ്മകള്‍ മങ്ങാതെ ഒരുപിടി സംഭവങ്ങള്‍ക്കിടയില്‍ സിദ്ധാര്‍ത്ഥിന്‍റെ മരണം ഇടം നേടിയിരിക്കുന്നു. സംഘടനകള്‍ രൂപം കൊള്ളുന്നത് അനീതിക്കെതിരെ ശബ്ദമുയര്‍ത്താനാണ്. പക്ഷെ ഇന്ന് എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് ആ സംഘടന അറിയാതെ ചില തീവ്രസ്വഭാവവും നടപടികളും കൈക്കൊള്ളുന്നു എന്ന യാഥാര്‍ത്ഥ്യമാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ സമയോജിതമായി ഇടപെട്ട് അവയ്ക്ക് സത്വരമായ പരിഹാരം കാണാന്‍ എന്നും സമരമുഖത്ത് മുന്‍പന്തിയില്‍ നിന്നിട്ടുള്ള എസ്എഫ്ഐ ഇടതുപക്ഷ ഭരണസാഹചര്യങ്ങളില്‍ ചേട്ടന്‍പാര്‍ട്ടിയുടെ കുഴലൂത്തുകാരായി മാറുകയാണ് ചെയ്യുന്നത്. അവര്‍ നിര്‍ദ്ദേശിക്കുന്ന സകല വൃത്തികേടുകള്‍ക്കും കൂട്ടുനിന്ന് റാന്‍ മൂളി ചിന്താശേഷിയും സ്വതന്ത്രബുദ്ധിയും ഉപയോഗിക്കാതെ കേരളത്തിലെ തെരുവോരങ്ങളില്‍ ഗവര്‍ണറെ തടഞ്ഞ് പ്രീതി നേടുകയായിരുന്നു അടുത്തകാലം വരെ എസ്എഫ്ഐ ചെയ്ത പാര്‍ട്ടി നന്മ. അതിനേതാനും വര്‍ഷം മുമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പ്രധാനകാരണം എസ്എഫ്ഐക്കാര്‍ പഠനത്തിന് വിഘാതം സൃഷ്ടിച്ചു എന്നതായിരുന്നു. അതിനു പിന്നാലെയാണ് അതേ കോളേജിലെ എസ്എഫ്ഐ സഹയാത്രികനെ എസ്എഫ്ഐക്കാര്‍ തന്നെ കുത്തിപ്പരുക്കേല്‍പ്പിച്ച് ജനങ്ങളില്‍ കൗതുകവും ആകാംക്ഷയും ഒരുപോലെ വര്‍ദ്ധിപ്പിച്ചത്. അതിനെക്കാള്‍ അത്ഭുതം കുത്തിയ എസ്എഫ്ഐക്കാരൊക്കെ പരീക്ഷ പോലും എഴുതാതെ പോലീസ് റാങ്ക്ലിസ്റ്റില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിച്ചു എന്നതാണ്. ചേട്ടന്‍ പാര്‍ട്ടി എന്തെങ്കിലും പറഞ്ഞാല്‍ അതും അതിനപ്പുറവും ചെയ്യുന്ന എസ്എഫ്ഐക്കാര്‍ വെറുതെ ഇരുന്ന് കൈത്തരിപ്പ് വര്‍ദ്ധിക്കുമ്പോള്‍ സ്വന്തം സംഘടനയില്‍പ്പെട്ടവനെയെങ്കിലും പിടിച്ചു രണ്ടുപൊട്ടിച്ച് വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. അങ്ങനെ പാര്‍ട്ടി പാണനാന്മാര്‍ പാടുന്നു എസ്എഫ്ഐ അക്രമഅപദാനങ്ങളില്‍ സിദ്ധാര്‍ത്ഥിന്‍റെ മരണവും വരി ചേര്‍ക്കപ്പെടുന്നു; കേരളത്തിന്‍റെ കണ്ണീരുപ്പുണിയുന്നു. യഥാര്‍ത്ഥത്തില്‍ സിദ്ധാര്‍ത്ഥന്‍റ മരണം സിപിഎമ്മിനോ എസ്എഫ്ഐക്കോ യാതൊരു പശ്ചാത്താപവും നല്‍കുന്നില്ല. അതിനു വ്യക്തമായ തെളിവാണ് സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ മജിസ്ട്രേറ്റിന്‍റെ വസതിയില്‍ ഹാജരാക്കിയപ്പോഴുണ്ടായ ജില്ലയിലെ ഉന്നത സിപിഎം നേതാവിന്‍റെ സാന്നിദ്ധ്യം. മജിസ്ട്രേറ്റ് നില്‍ക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച അയാളെ പിന്നെ കോടതി ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടെങ്കിലും അവരെയും വകവയ്ക്കാതെ മജിസ്ട്രേറ്റ് നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് അയാള്‍ എത്തപ്പെടുകയും ചെയ്തു. കോടതി നടപടികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ അയാള്‍ വഴിയില്‍ കണ്ട കല്‍പ്പറ്റ ഡിവൈഎസ്പിയെയും ഒന്നു കുടഞ്ഞു. നിങ്ങളല്ലേ എസ്എഫ്ഐക്കെതിരെ ചാനലില്‍ സംസാരിച്ചത് എന്നതായിരുന്നു നേതാവിന്‍റെ ചോദ്യം. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ പാഴാങ്കം. സത്യം പറഞ്ഞാല്‍ ഈ സന്ദര്‍ഭത്തിലാണ് ഷാജി കൈലാസ് ചിത്രങ്ങളിലെ മമ്മൂക്കായുടെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങളെ നമിച്ചുപോകുന്നത്. രഞ്ജിപണിക്കരുടെ കല്ലന്‍ ഡയലോഗുകള്‍ കാച്ചിയുള്ള അത്തരം പോലീസ് വേഷങ്ങള്‍ സിനിമയില്‍ നിന്നിറങ്ങി യാഥാര്‍ത്ഥ്യമായി ഭവിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ച സന്ദര്‍ഭം. (ഒരുപക്ഷേ അങ്ങനെ പത്തുവര്‍ത്തമാനം പറയണമെന്ന് അപ്പോള്‍ ഡിവൈഎസ്പിക്ക് തോന്നിയിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ പിണറായി വിജയന്‍ ഉദിച്ചത് പെട്ടെന്നാണ്. അദ്ദേഹത്തിന്‍റെ വകുപ്പാണല്ലോ ആഭ്യന്തരം.) എന്തായാലും ഒരുകാര്യം പച്ചയായി സമ്മതിച്ചേ മതിയാവൂ. കുട്ടി പോക്കിരിതരത്തിന് വളം വച്ചുകൊടുക്കുന്ന സംരക്ഷണം കൊടുക്കുന്ന വലിയ പോക്കിരിമാര്‍ പാര്‍ട്ടിയില്‍ ഉള്ളിടത്തോളം കാലം എസ്എഫ്ഐ നന്നാകില്ല. അവര്‍ സിദ്ധാര്‍ത്ഥുമാരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
നമുക്കു ഇനി നെടുമങ്ങാട്ടെ സിദ്ധാര്‍ത്ഥിന്‍റെ വീട്ടിനടുത്തേക്ക് ചെല്ലാം. അവിടെ മുതലക്കണ്ണീരിന്‍റെ വലിയൊരു ഫ്ളക്സ് ബോര്‍ഡ് സിപിഎമ്മും ഡിവൈഎഫ്ഐയും ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനും പോക്കോട് ഗവണ്‍മെന്‍റ് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയും കുറക്കോട് വിനോദ് നഗര്‍ നിവാസിയുമായ സിദ്ധാര്‍ത്ഥിന്‍റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യുക എന്നതാണ് അതിലെ കുറിപ്പ്. ഉഷ്ണം ഉഷ്ണേന ശാന്തിയെന്നും, മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നും പറയുന്ന രീതിയിലുള്ള ഒരു അടവാണിത്. തെക്ക് മുഴുവന്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നു പറയുന്നു, വടക്കൊരു നേതാവ് കാലില്‍ എണ്ണയും തേച്ച് അവരെ എങ്ങനെ പുറത്തിറക്കണമെന്ന് ചിന്തിച്ചു നടക്കുന്നു. പുറത്ത് ചുവപ്പു കാണിക്കുന്നെങ്കിലും ഉള്ളില്‍ സകല തന്ത്രങ്ങളുടെയും ഏഴുനിറങ്ങള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ഇലക്ഷനടുത്ത സമയത്ത് ഏതൊക്കെ രീതിയില്‍ അവതരിക്കാമോ, അങ്ങനെയെല്ലാം ആകാമെന്നാണ് പണ്ട് അവതാരങ്ങള്‍ക്കെതിരെ ശബ്ദിച്ച പിണറായിപ്പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാട്. കൊണ്ടു നടന്നതും നീയേചാപ്പാ, കൊണ്ടുനടന്ന് കൊല്ലിച്ചതും നീയേചാപ്പാ എന്നതാണ് ഇപ്പോഴത്തെ സി.പി.എം സ്ഥിതിവിശേഷം.

വാല്‍ക്കഷണം:
മനുഷ്യനെ ചികിത്സിക്കുന്നത് മനുഷ്യരാണ്. മൃഗങ്ങളെ ചികിത്സിക്കുന്നതും മനുഷ്യരാണ്. ഇനി മുതല്‍ മൃഗങ്ങളെ ചികിത്സിക്കുന്നത് മനുഷ്യരൂപത്തിലുള്ള മൃഗമനസ്കരാകണമെന്ന് മന്ത്രി ചിഞ്ചുറാണി ഉത്തരവിട്ടതായി അറിവില്ല. ഏതായാലും മൃഗ ചികിത്സാപഠനകേന്ദ്രത്തിലെ ചില യുവ അപ്പോക്കിത്തിരികള്‍ക്ക് സ്വയം മൃഗമാനസരായി തരംതാഴാന്‍ എസ്എഫ്ഐ നിമിത്തമായിരിക്കുന്നു. അങ്ങനെ മൃഗസംസ്കാരം ഉള്‍ക്കൊണ്ടാല്‍ മൃഗ ചികിത്സ എളുപ്പമായിരിക്കുമെന്നാകും അവരുടെ വിചാരം. സംഗതി എന്തൊക്കെപ്പറഞ്ഞാലും അവിടുത്തെ ഡീനെ വേണം ആദ്യം സമ്മതിക്കാന്‍. പുള്ളി ഇക്കാര്യമൊന്നും അറിഞ്ഞില്ലപോലും. പിന്നെ എന്തോന്ന് ഡീന്‍? ആ സ്ഥാനത്തിരിക്കാന്‍ അയാള്‍ ഒട്ടും യോഗ്യനല്ല. പിന്നെ പ്രതികള്‍ക്കപ്പുറമുള്ള മറ്റ് പഠിതാക്കള്‍ അവരും ഇങ്ങനൊരു സംഭവത്തെക്കുറിച്ച് വായ് തുറന്ന് ഒന്നും പറയുന്നില്ല. ആരെയൊക്കെയോ ഇവര്‍ ഭയപ്പെടുന്നപോലെ തോന്നുന്നു. ഡീന്‍ ഉള്‍പ്പെടെയുള്ള ഇത്തരം നിര്‍ഗുണ ബ്രഹ്മങ്ങള്‍ സമൂഹത്തിന് ആപത്താണ്. അഭിപ്രായം തുറന്നുപറയാന്‍ ഇവര്‍ക്ക് കഴിയില്ലെങ്കില്‍ ക്ഷുരകപ്പണി ചെയ്ത് മാന്യത നേടുന്നതാണ് നല്ലത്.
**

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നത്; വി.ഡി സതീശന്‍

Published

on

പാലക്കാട്: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍
ബാക്കി നില്‍ക്കെ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്വേഷത്തിന്റെ ക്യാമ്പെയിനാണ് ബിജെപി നടത്തുന്നത്. പരാജയഭീതിയിലാണ് ബിജെപി വിദ്വേഷ പ്രചരണം നടത്തുന്നത്. രാജ്യം അപകടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. ഈ വര്‍ഗീയ അജണ്ടക്കെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്. ധനകാര്യവിദഗ്ധനായ ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വര്‍ഗീയവല്‍ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടത്തുകയാണ് വേണ്ടതെന്നാണ് മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടത്. നീതിപുര്‍വ്വമായ വിതരണം നടത്തിയാല്‍ മാത്രമെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായി അക്രമം നടക്കുകയാണ്. അവരുടെ ദേവാലയങ്ങള്‍ തകര്‍ത്തു. വൈദികര്‍ക്ക് നേരെ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. രാജ്യത്ത് 2600 ലേറെ അക്രമസംഭവങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായത്. തിരുവനന്തപുരത്തെത്തി ക്രൈസ്തവര്‍ക്കൊപ്പമാണെന്ന് പറയുകയും ചെയ്യുന്നു. കേരളത്തില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുപോലും നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ പ്രതിപക്ഷം മിണ്ടിയില്ലെന്നാണ് ബിജെപിയുടെ പ്രചരണം. പ്രതിപക്ഷമാണ് പ്രതിഷേധവുമായി തുടക്കം മുതല്‍ രംഗതത്തിറങ്ങിയത്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രസിഡന്റ് തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചതിന്റെ ആറാംദിവസമാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ശക്തമായ സമരമാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷത്തെ പരാജയപ്പെടുത്താനുള്ള അവാസനശ്രമമായാണ് ബിജെപി വര്‍ഗീയത അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് വര്‍ഗീയമായ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ മോദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നതിന്റെ പേരില്‍ ഇപ്പോള്‍ പൊലിസ് കേസെടുത്തിരിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരം മറച്ചുവെക്കാനാണ് ദിവസവും പൗരത്വവിഷയവുമായി സിപിഎം പ്രചരണം നടത്തുന്നത്. പൗരത്വ നിയമത്തിനെതിരായി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിട്ടുണ്ട്. രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള എംപിമാര്‍ വോട്ട് ചെയ്യതതിന്റെ രേഖ ഹാജരാക്കിയിട്ടും പിണറായി വിജയന്‍ നുണ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് എങ്ങനെയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
പത്തുവര്‍ഷം മുന്‍പ് ബിജെപി പയറ്റിയ അതേ അടവുതന്നെയാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാന്‍ മാത്രമാണ് സിപിഎം സമയം കണ്ടെത്തുന്നത്. സത്യത്തില്‍ മോദിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പിണറായി വിജയന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. രാഹുല്‍ഗാന്ധിയെ രാജ്യത്തുടനീളം മോശമായി ചിത്രീകരിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചാല്‍ ബിജെപിക്ക് സന്തോഷമാവും. 35 ദിവസമായി ബിജെപിക്കെതിരെ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി പിണറായി വിജയന്‍ എന്തേ ബിജെപിയെ വിമര്‍ശിക്കുന്നില്ലെന്ന് ചോദിച്ചതാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ കോവിഡ് കാലത്തെ 28000 പേരുടെ മരണമാണ് സര്‍ക്കാര്‍ മറച്ചുവെച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച നാടാണ് കേരളം. ഇതെല്ലാം മറച്ചുവെച്ച് പിആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തുകയായിരുന്നു കെ.കെ. ഷൈജല ടീച്ചര്‍. അശ്ലീല വീഡിയോ എന്നതിനെക്കുറിച്ച് പരാതി കൊടുത്തിട്ട് മൂന്നാഴ്ചയായി. ഇതുവരെയായും നടപടിയായിട്ടില്ല. പിപി കിറ്റിന്റെ കാര്യത്തില്‍ വന്‍ അഴിമതിയാണ് നടത്തിയത്. ഈ ആരോപണമാണ് യുഡിഎഫ് ഷൈലജ ടീച്ചര്‍ക്കെതിരെ ഉന്നയിച്ചതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യുഡിഎഫിന് അനുകൂലായ തരംഗമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ് നേടും. സംസ്ഥാന-കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിരിക്കുകയാണ്. മുസ്ലീംലീഗില്‍ യാതൊരുപ്രശ്‌നവും ഇല്ലെന്നും സംഘടനാരീതിയിലുള്ള ചര്‍ച്ചയിലൂടെ അതെല്ലാം പരിഹരിക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും ഒപ്പമുണ്ടായിരുന്നു.

Continue Reading

Kerala

തൃശൂര്‍പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലത്ത് രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്തെ കാര്യങ്ങളാണ് അവിടെ നടന്നത്. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാത്രി 10.30 മണിക്ക് നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് നേരത്തെ തന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം. സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Kerala

ഏപ്രിൽ 26 വരെ കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. ഏപ്രിൽ 26 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Featured