chennai
രാത്രി പട്രോളിങ്ങിനിടെ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ പുഷ്പ-2 കാണാൻപോയി, കയ്യോടെ പിടികൂടി കമ്മിഷണർ
ചെന്നൈ: രാത്രി പട്രോളിങ്ങിനിടെ അല്ലു അർജുന്റെ പുതിയ ചിത്രം പുഷ്പ-2 കാണാൻപോയ പോലീസ് അസിസ്റ്റന്റ് കമ്മിഷണറെ കമ്മിഷണർ കയ്യോടെ പിടികൂടി. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മിഷണറുടെ താത്കാലിക ചുമതലവഹിക്കുന്ന പി. മൂർത്തിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ കള്ളക്കളി പിടിച്ചത്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വർധിച്ചതോടെയാണ് രാത്രി പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം നാല് വനിതാ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ കഴിഞ്ഞരാത്രിയില്‍ പട്രോളിങ് നടത്താൻ നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി.കമ്മിഷണറെയും നിയോഗിച്ചു.
രാത്രി 11.30-ഓടെ പട്രോളിങ് സംബന്ധിച്ച നടപടികളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷണർ വയർലെസിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അസി.കമ്മിഷണറെ ലൈനില്‍ കിട്ടിയില്ല. ഇതിനിടെ അദ്ദേഹം സിനിമ കാണാൻ പോയെന്ന വിവരം ലഭിച്ചു.കമ്മിഷണർ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നഗരത്തിലൊരു പ്രശ്നം നടന്നുവെന്നും അവിടെ നില്‍ക്കുകയാണെന്നും അറിയിച്ചു. അവിടെത്തന്നെ നില്‍ക്കാനും താൻ നേരിട്ട് വരാമെന്നും കമ്മിഷണർ പറഞ്ഞു. ഇതോടെ അസിസ്റ്റന്റ് കമ്മിഷണർ സത്യം വെളിപ്പെടുത്തുകയായിരുന്നു.
chennai
അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേടി തമിഴ്നാട്; 2024-ല്‍ 1484 അവയവദാനങ്ങൾ
ചെന്നൈ: 2024-ല്‍ അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേട്ടവുമായി തമിഴ്നാട്. ഈ വർഷം സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനത്തിനായി ലഭിച്ചത് 266 ശരീരങ്ങള്‍. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമാണ് അവയവദാനത്തിനായി സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.
അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്ളാന്റ് അതോറിറ്റി ഓഫ് തമിഴ്നാടി(ട്രാന്‍സ്റ്റാന്‍)ന്റെ കണക്കനുസരിച്ച് ഈവര്‍ഷം ഇതുവരെ 853 പ്രധാന അവയവങ്ങളും 631 ചെറിയ അവയവങ്ങളും ശരീരകലകളും മാറ്റിവെച്ചു. വൃക്കദാനമാണ് പട്ടികയില്‍ ഒന്നാമത്. 452 വൃക്കകളാണ് ഈവര്‍ഷം മാറ്റിവെച്ചത്. 94 ഹൃദയവും 208 കരളും 87 ശ്വാസകോശവും മാറ്റിവെച്ചു. സംസ്ഥാനത്ത് മരണാനനന്തര അവയവദാനപദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്കാരം ഔദ്യോഗികബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.
chennai
ജീവനക്കാരുടെ ആസ്തി, ബാധ്യതകള്‍ എന്നിവ രഹസ്യമല്ല; അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരും: മദ്രാസ് ഹൈക്കോടതി
ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും അടങ്ങിയ വിവരങ്ങൾ സ്വകാര്യവിവരമായി കാണാൻ കഴിയില്ലെന്നും അത് വിവരാവകാശത്തിന്റെ പരിധിയിലാണ് ഉള്ളതെന്നും മദ്രാസ് ഹൈക്കോടതി. പൊതുജനങ്ങളുടെ കണ്മുന്നിൽ നിൽക്കുന്നവരാണ് പൊതുജനസേവകരെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് രജിസ്റ്ററില്‍ ചില സ്വകാര്യവിവരങ്ങള്‍ കാണുമെങ്കിലും അവയെ മുഴുവനായി സ്വകാര്യമെന്നു പറഞ്ഞ് മാറ്റിനിർത്താൻ കഴിയില്ലെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ബെഞ്ച് വ്യക്തമാക്കി.
ചില സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുപറയില്ല. എന്നാല്‍, സര്‍വീസ് വിവരങ്ങളും ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. കൃഷ്ണഗിരി ജില്ലയില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിചെയ്യുന്നയാളുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകരായ എം. തമിഴ്സെല്‍വനും ടി. സംഗീതയും നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
chennai
എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എം.ടിക്ക് ആദരമായി തമിഴിനൊപ്പം മലയാളത്തിലും കൂടിയാണ് സ്റ്റാലിൻ അനുശോചനക്കുറിപ്പ് പങ്കുവച്ചത്.
സ്റ്റാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജ്ഞാനപീഠം, പത്മഭൂഷൺ, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്കാരങ്ങൾ നേടിയ മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗവാർത്ത കേട്ടതിൽ ഖേദിക്കുന്നു. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിർമാല്യം, പെരുംതച്ചൻ, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടി. തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തന്റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി. മലയാളസിനിമയിലെ ക്ലാസിക്കുകളായി കണക്കാക്കുന്ന നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ എം.ടി ചില ചിത്രങ്ങൾ സ്വയം സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മാത്രമല്ല, മാതൃഭൂമി മാസികയുടെ എഡിറ്റർ എന്ന നിലയിലും നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത് മലയാള ഭാഷയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും. ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായി മാറിയ എം.ടിയുടെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ വായനക്കാർക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured18 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login