സ്യൂട്ട് റൂം കയ്യേറി ഒരു വർഷത്തോളമായി താമസിക്കുന്ന എൻ.ജി.ഒ യൂണിയൻ നേതാവ്; രണ്ടാം പിണറായി സർക്കാരിലും കേരള ഹൗസ് വിവാദത്തിലേക്ക്

ന്യൂഡൽഹി: ‘കേരള ഹൗസ് ഉടൻ വില്പനയ്ക്ക്’ എന്ന പരസ്യ ബോർഡ് വരും നാളുകളിൽ കാണാൻ സാധ്യമാവും എന്ന് സാക്ഷ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പിണറായി സർക്കാറിൻറെ അടുപ്പക്കാർ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് വ്യാപിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന എൻ.ജി.ഒ യൂണിയൻ കൺവീനർ കഴിഞ്ഞ ഒരു വർഷത്തോളമായി ഡൽഹി കേരള ഹൗസിലെ സ്യൂട്ട് റൂം അനധികൃതമായി കയ്യേറി താമസിക്കുന്നതാണ് പുതിയ വിവാദമായിരിക്കുന്നത്.

കേരള ഹൗസിലെ മെയിൻ ബ്ലോക്കിലെ വി ഐ പി ഫ്ലോറിലെ 308-ആം നമ്പർ മുറി കൈയേറി ആണ് ഫ്രണ്ട് ഓഫീസ് മാനേജറായ എൻ.ജി.ഒ യൂണിയൻ നേതാവ് താമസിച്ചു വരുന്നത്. സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഓൺലൈനായി അപേക്ഷിച്ച് അനുമതി ലഭിച്ചാൽ മാത്രമേ മുറികൾ അനുവദിക്കാറുള്ളൂ. എന്നാൽ യാതൊരു വിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇദ്ദേഹം കോവിഡ് കാലംതൊട്ട് സ്യൂട്ട് റൂം കൈയേറി താമസിക്കുന്നത്. താരിഫ് പ്രകാരം മൂവായിരത്തോളം രൂപ വരുന്നതാണ് മെയിൻ ബ്ലോക്കിലെ സ്യൂട്ട് റൂം.

കേരള ഹൗസിലെ റിസപ്ഷനിസ്റ്റ് അസിസ്റ്റൻറ് എന്ന തസ്തികയിൽ ആണ് ഇദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്. ഉന്നത ഇടപെടലുകൾ നടത്തി ഇദ്ദേഹത്തിനു വേണ്ടി ഫ്രണ്ട് ഓഫീസ് മാനേജർ എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് ജോലി ഇപ്പോൾ തുടർന്നു പോകുന്നത്. അനധികൃതമായി താമസിക്കുന്ന വിഷയം മറ്റുള്ള ജീവനക്കാർക്കിടയിൽ ഇപ്പോൾ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞദിവസം പ്രോട്ടോകോൾ ഓഫീസർമാർ നേതാവിനോട് സ്യൂട്ട് റൂം കൈയ്യേറി താമസിക്കുന്നതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടാവുകയും താൻ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്നും എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി പറഞ്ഞാൽ മതി എന്നും പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിൻറെ ക്യാബിനറ്റ് പദവിയോടെ പ്രത്യേക പ്രതിനിധിയായി മുൻ എം.പി എ. സമ്പത്തിനെ കേരള ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിയോഗിച്ചത് വൻ വിവാദമായിരുന്നു. 2019 ഓഗസ്റ്റിൽ ചുമതലയേറ്റെടുത്ത സമ്പത്ത് സർക്കാർ ഖജനാവിൽ നിന്നും 20 ലക്ഷത്തോളം രൂപ ശമ്പളമായി കൈപ്പറ്റിയത് വിവരാവകാശ രേഖകളിലൂടെ പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ എൻ.ജി.ഒ യൂണിയൻ നേതാവ് കഴിഞ്ഞ ഒരു വർഷമായി അനധികൃതമായി കേരള ഹൗസിൽ താമസിച്ചു വരുന്നത്.

Related posts

Leave a Comment