ഭരണധൂര്‍ത്തിനു കേരളം വേദി, സിപിഎം കോണ്‍ഗ്രസ് കണ്ണൂരില്‍

ന്യൂഡല്‍ഹിഃ കോവിഡ് മഹാമാരി മൂലം കടുത്ത ദുരിതം പേറുന്ന കേരളത്തിലേക്ക് ഭരണധൂര്‍ത്തിനു കേരളം വേദിയാകുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ഇന്നു കൂടിയ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലാണ് അടുത്ത ദേശീയ സമ്മേളനം. മൂന്നാം കോവിഡ് വ്യാപനം പടിക്കലെത്തി നില്‍ക്കുമ്പോഴും അടുത്ത ഒക്റ്റോബര്‍ മുതല്‍ സംസ്ഥാന സമ്മേളനങ്ങള്‍ ആരംഭിക്കും. അതിനു മുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളും നടത്തും. ടിപിആര്‍ കണക്കാക്കി പ്രാദേശിക സമ്മേളനങ്ങള്‍ നടത്താനാണു തീരുമാനം. ടിപിആര്‍ പതിനഞ്ചില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സമ്മേളനം വിര്‍ച്വല്‍ ആയി നടത്തും. അതില്‍ താഴെയുള്ളിടങ്ങളില്‍ നേരിട്ടും. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകങ്ങളെ ചുമതലപ്പെടുത്തി. ഒക്റ്റോബറോടെ മൂന്നാംവ്യാപനം അതിരൂക്ഷമാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പും നിലവിലുണ്ട്.

കോവിഡ് പ്രതിസന്ധിമൂലം വലിയ സാമ്പത്തിക വെല്ലുവിളിയാണ് കേരളം നേരിടുന്നത്. അവിടേക്കാണു പാര്‍ട്ടി കോണ്‍ഗ്രസെന്ന ആഡംബരച്ചെലവുമായി സിപിഎമ്മിന്‍റെ വരവ്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്ട് നടന്ന സമ്മേളനമാണ് ഇതിനു മുന്‍പ് കേരളത്തില്‍ നടന്നത്. സിപിഎം രൂപീകൃതമായ ശേഷം ഏറ്റവും കൂടുതല്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ നടന്നിട്ടുള്ളതും കേരളത്തില്‍ത്തന്നെ. പാര്‍ട്ടിയുടെ അമിതമായ സമ്മര്‍ദമുപയോഗിച്ച് സാധാരണക്കാര്‍ മുതല്‍ കച്ചവടക്കാരും നിക്ഷേപകരുമടക്കമുള്ളവരില്‍ നിന്നു വലിയ തോതില്‍ പണം പിരിച്ചാണു ബ്രാഞ്ച് സമ്മേളനം മുതല്‍ നടത്തുന്നത്. അവസാനം നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസിനു നാലു കോടി രൂപയായിരുന്നു ചെലവ്. ഇക്കുറി അതു പത്തു കോടി രൂപ വരെയാകുമെന്നു സിപിഎം കണക്കാക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന കേരളത്തിലേക്ക് അത്യാഡംബരത്തിന്‍റെ പാര്‍ട്ടി സമ്മേളനം കൂട്ടിക്കൊണ്ടുവരുന്നതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം അനുകൂലിക്കുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ വേറൊരിടത്തും പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനുള്ള സാമ്പത്തിക സാഹചര്യമില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തെ ബോധിപ്പിക്കുന്നത്. ഏതായാലും കേരളത്തില്‍ വച്ചു തന്നെ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താമെന്നു കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉറപ്പ് നല്‍കി.

Related posts

Leave a Comment