സിപിഎം നേതൃത്വത്തിന് എതിരെ പ്രവര്‍ത്തകര്‍; കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധം

കണ്ണൂര്‍ : തളിപ്പറമ്ബിന് പിന്നാലെ സിപിഎം കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിലും നേതൃത്വത്തിന് എതിരെ പ്രതിഷേധം. കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ 5 പ്രതിനിധികള്‍ ഇറങ്ങിപ്പോയി. മുന്‍ ലോക്കല്‍ സെക്രട്ടറി ടിഎം ഇര്‍ഷാദ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി ടികെ ഷംസീര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഇറങ്ങിപ്പോയത്. തായത്തെരു ബ്രാഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി കൊടിക്കൊപ്പം കരിങ്കൊടി ഉയര്‍ത്തിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തായത്തെരുവിലെ പാര്‍ട്ടി സ്തൂപത്തില്‍ ഉള്‍പ്പടെയാണ് കരിങ്കൊട്ടി ഉയര്‍ത്തിയത്. ‘പണ്ടേ ചുവന്നതല്ലീ മണ്ണ് ഞങ്ങള്‍ ചുവപ്പിച്ചതാണ്, അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി ജീവിക്കുന്നതാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും ഉയര്‍ത്തി. തായത്തെരു സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

ഞായറാഴ്‌ച താളിക്കാവില്‍ ആയിരുന്നു ലോക്കല്‍ സമ്മേളനം നടന്നത്.വിവിധ ബ്രാഞ്ചുകളില്‍ നിന്ന് 76 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഉച്ച കഴിഞ്ഞാണ് തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. മുന്‍ ലോക്കല്‍ സെക്രട്ടറി ടിഎം ഇര്‍ഷാദ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി ടികെ ഷംസീര്‍ എന്നിവര്‍ ഉള്‍പ്പടെ 5 പ്രതിനിധികളാണ് ഇറങ്ങിപ്പോയത്.
അഴിമതിക്കാരാണ് ഇപ്പോള്‍ പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. തങ്ങള്‍ക്ക് ഒപ്പം അമ്ബതില്‍ ഏറെ പ്രതിനിധികള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു.

ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച പഴയ പ്രവര്‍ത്തകരെ തഴഞ്ഞ് സ്വാര്‍ത്ഥമതികളായ പുതിയ ആളുകളെ താലോലിക്കുന്നതായി ഇവര്‍ സമ്മേളന വേദിയില്‍ ആരോപണം ഉന്നയിച്ചു. ഇത് രൂക്ഷമായ വാദപ്രതിവാദത്തിന് ഇടയാക്കിയതായാണ് വിവരം. സമ്മേളനം ബഹിഷ്കരിച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പ്രചാരണം നടന്നത്. തളിപ്പറമ്ബിന് പിന്നാലെ കണ്ണൂരിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

Related posts

Leave a Comment