തിരുവനന്തപുരം: ബംഗളുരുവിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും ലഹരിപ്പാർട്ടി നടക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം.
വിഴിഞ്ഞത്ത് കാരക്കാട് റിസോർട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡി ജെ പാർട്ടിയാണ് സംഘടിപ്പിച്ചിരുന്നത്. രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി തുടങ്ങിയെതന്നാണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. റിസോർട്ടിൽ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്.
ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത് ഇയാൾക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തുവെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. ഡിജെ മ്യൂസിക് ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്.കഴിഞ്ഞ ഒരു മാസമായി വാട്സാപ്പിലൂടെയാണ് ലഹരിപാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ ലഭ്യമാക്കിയിരുന്നു. പാർട്ടിയിൽ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇത് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് തടസമാകുന്നുണ്ടെന്നു എക്സ്സൈസ് പറയുന്നു.