‘സംഘപരിവാറിനെ ഇങ്ങനെ ഓരോ ഫ്രെയിമുകളിലും ഔട്ട്‌ ഓഫ് ഫോക്കസ് ആക്കുകയാണല്ലോ പ്രിയപ്പെട്ട പ്രിയങ്കാ’ ; പ്രിയങ്ക ഗാന്ധിയെ പ്രകീർത്തിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി : 25 ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചു ശുചീകരണത്തൊഴിലാളിയായ അരുൺ വാത്മീകി എന്ന യുവാവിനെ യു.പി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വെച്ച് അരുൺ മരണപ്പെട്ടു. കസ്റ്റഡി കൊലപാതകം ആണെന്ന വ്യാപക ആരോപണം നിലനിൽക്കേ ഇന്ന് അരുണിന്റെ കുടുംബാംഗങ്ങളെ കാണാൻ ആഗ്രയിലേക്കു പോയ പ്രിയങ്കാ ഗാന്ധി വാദ്രയെ യു.പി പോലീസ് തടഞ്ഞിരുന്നു.ഇതിനിടയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ പ്രിയങ്കക്കൊപ്പം സെൽഫി ചിത്രം പകർത്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ചാണ് മാധ്യമപ്രവർത്തകനായ ഹരിമോഹൻ ഫേസ്ബുക്കിൽ കുറുപ്പ് എഴുതിയിരിക്കുന്നത്.കാക്കിയിടുമ്പോൾ ശാരീരികമായി ഈ ജോലി ചെയ്യുന്നു എന്നേയുള്ളു, ആ സ്ത്രീകളുടെ ഹൃദയം പ്രിയങ്കയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കണ്ടപ്പോൾ ഷെയർ ചെയ്യാതിരിക്കാൻ കഴിയാതെ പോയ ദൃശ്യമാണ്.

ആഗ്രയിലെ ജഗ്‌ദീഷ്പുരയിൽ വെച്ച് 25 ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചു ശുചീകരണത്തൊഴിലാളിയായ അരുൺ വാത്മീകി എന്ന യുവാവിനെ യു.പി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വെച്ച് അരുൺ മരണപ്പെട്ടു. കസ്റ്റഡി കൊലപാതകം ആണെന്ന വ്യാപക ആരോപണം നിലനിൽക്കേ ഇന്ന് അരുണിന്റെ കുടുംബാംഗങ്ങളെ കാണാൻ ആഗ്രയിലേക്കു പോയ പ്രിയങ്കാ ഗാന്ധി വാദ്രയെ യു.പി പോലീസ് പതിവുപോലെ തടഞ്ഞപ്പോഴാണ് ഈ സംഭവം.

പ്രിയങ്കയോടൊപ്പം ചിത്രങ്ങളെടുക്കുന്നത്, പ്രിയങ്കയുടെ വാഹനവ്യൂഹം തടഞ്ഞ സംഘത്തിലുള്ള അതേ പോലീസുകാർ തന്നെയാണ്.

സെലിബ്രിറ്റിയെ കാണുമ്പോഴുള്ള പതിവു സെൽഫിയാവില്ല ഇത്. അതു മാത്രമായിരുന്നു കാരണമെങ്കിൽ ആദിത്യനാഥിന്റെ പോലീസ് അതിന്റെ ഭവിഷ്യത്തുകൾ കൂടി ആലോചിക്കുമായിരുന്നു. ഹത്രാസിലേക്കു നടന്നുകയറുമ്പോൾ തന്റെ നേർക്കുവന്ന തങ്ങളുടെ സഹപ്രവർത്തകരുടെ ലാത്തികളെ തടഞ്ഞുനിർത്തിയ കൈകളുള്ള, രാത്രിക്കു രാത്രി ലഖിംപുർ ഖീരിയിലേക്കു പതറാതെ ചുവടുവെച്ച കാലുകളുള്ള, തങ്ങളുടെ സംസ്ഥാനത്ത് ഒരു ദേശീയ പാർട്ടി മത്സരിക്കുന്ന സ്ഥാനാർഥികളിൽ 40 ശതമാനവും ഉറപ്പായും സ്ത്രീകളാണെന്നു പ്രഖ്യാപനം നടത്തിയ നിലപാടുള്ള, ഇന്ത്യ ഇന്നു കാണുന്നതിൽ വെച്ചേറ്റവും ശക്തയായ സ്ത്രീയെ കണ്ടപ്പോൾ അവർക്കു തോന്നിയ സന്തോഷവും അഭിമാനവുമായിരിക്കും അവരെടുക്കുന്ന ഓരോ ചിത്രങ്ങളും.

കാക്കിയിടുമ്പോൾ ശാരീരികമായി ഈ ജോലി ചെയ്യുന്നു എന്നേയുള്ളു, ആ സ്ത്രീകളുടെ ഹൃദയം പ്രിയങ്കയ്‌ക്കൊപ്പമാണ്.

സംഘപരിവാറിനെ ഇങ്ങനെ ഓരോ ഫ്രെയിമുകളിലും ഔട്ട്‌ ഓഫ് ഫോക്കസ് ആക്കുകയാണല്ലോ പ്രിയപ്പെട്ട പ്രിയങ്കാ..💖

Related posts

Leave a Comment