അഞ്ചു വര്‍ഷം വരെ തടവ്, ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

കൊച്ചിഃ കേരളത്തിന്‍റെ ചരിത്രത്തിലാദ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്ര രൂക്ഷമായി സുപ്രീം കോടതിയില്‍ വിമര്‍ശിക്കപ്പെടുന്നത്. പൊതുമുതല്‍ നശിപ്പിച്ച് നികുതിദായകരെയും ക്രിമിനല്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുക വഴി പൊതുജനങ്ങളെയും സര്‍ക്കാര്‍ വഞ്ചിച്ചെന്നാണു ജസ്റ്റ് ഡി,വൈ, ചന്ദ്ര ചൂഡ് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടം 321 പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് റദ്ദാക്കുന്നത് എങ്ങനെയെന്നു കോടതി ചോദിച്ചു. കുറഞ്ഞപക്ഷം പബ്ലിക് പ്രോസിക്യൂട്ടറെങ്കിലും ഇക്കാര്യം പരിശോധി‌ക്കണം. സര്‍ക്കാരിനു വേണ്ടി ഹാജരായാല്‍പ്പോലും പ്രോസിക്യൂട്ടര്‍മാര്‍ നിയമത്തിനൊപ്പം നില്‍ക്കണമെന്ന് കോടതി നിരീക്ഷിച്ചു.

വിചാരണക്കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതിയുടെ നിരീക്ഷണങ്ങളും നിയ‌മപരമായ നടപടികളും ചട്ടപ്രകാരമാണ്. അതു റദ്ദാക്കാനാവില്ല. പ്രതികള്‍ വിചാരണക്കോടതിയില്‍ ഹാജരായി വിചാരണ നേരിടണമെന്നും രണ്ടംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. വിചാരണക്കോടതി ശിക്ഷിച്ചാല്‍ പ്രതികള്‍ക്ക് പരമാവധി അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ വകുപ്പ് പ്രകാരം പ്രതികള്‍ക്ക് ആറു വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി ലഭിക്കില്ല. മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ള, മുന്‍എംപി പി.സി. തോമസ് തുടങ്ങിയവര്‍ക്ക് ഇങ്ങനെ വിലക്ക് ഉണ്ടായിട്ടുണ്ട്.

മുന്‍മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി ജലീല്‍, ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ എംഎല്‍എമാരായ കെ. അജിത്ത്, സി,.കെ. സദാശിവന്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍. ഇത്തരമൊരു കോടതി വിധി ഉണ്ടായാലുടന്‍ മന്ത്രി സ്ഥാനമത്തുള്ളവര്‍ രാജിവയ്ക്കുന്നതാണ് കേരളത്തിലെ കീഴ്‌വഴക്കം. എന്നാല്‍ തനിക്കു കമ്യുണിസ്റ്റ് കവചംമുണ്ടെന്ന ന്യായമാണ് ഇന്നു വിധി വന്ന ശേഷം മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയത്.

കമ്യൂണിസ്റ്റ്കാര്‍ സമരം ചെയ്യുകയും അക്രമം നടത്തുകയും ജയിലില്‍ പോവുക.യുമൊക്കെ ചെയ്യും. അതിനു പാര്‍ട്ടി തലത്തില്‍ സംരക്ഷണവും കിട്ടും. കോടതി വിധി കണ്ടിട്ടില്ല. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതകരിക്കാം. ഏതായാലും രാജിയില്ല- ഇന്നു രാവിലെ വീട്ടിലെത്തിയ മാധ്യമങ്ങളോടു മന്ത്രി പറഞ്ഞതിങ്ങനെ.

Related posts

Leave a Comment