പൊലീസിനു കർശന താക്കീത്, പരാതികൾ അവ​ഗണിച്ചാൽ നടപടി, മാന്യമായി പെരുമാറാനും നിർദേശം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുതെന്നു പൊലീസിന് കർശന നിർദേശം. പോലീസ് ആസ്ഥാനത്തു നിന്നു പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. സമീപകാലത്ത് കേരള പൊലീസിനെതിരേ പൊതുജനങ്ങളിൽ നിന്നു വളരെ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പിങ്ക് പൊലീസ് അടക്കമുള്ളവർക്ക് നിർദേശങ്ങൾ ബാധകമാണ്.

പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുതെന്നു വ്യക്തമാക്കിയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ നൽകിയത്. ഇത് സംബന്ധിച്ച സർക്കുലർ പൊലീസ് മേധാവി അനിൽകാന്ത് പുറത്തിറക്കി.
പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം.

എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ചാർജ്ജ് ഷീറ്റ് സബ്ബ് ഡിവിഷണൽ ഓഫീസർമാർ സമയബന്ധിതമായി പരിശോധിച്ച് അംഗീകരിക്കണം. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കാൻ കഴിയാത്തവയുടെ കാര്യത്തിൽ നിയമപരമായ പരിമിതി വ്യക്തമാക്കി പരാതിക്കാർക്ക് മറുപടി നൽകണം.

കേസുകളുടെ അന്വേഷണ പുരോഗതി, എഫ്ഐആർ പകർപ്പടക്കം പരാതിക്കാർക്ക് നൽകാനാവുന്ന രേഖകളെല്ലാം നൽകണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാവണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ ഉറപ്പാക്കണം. ഇത്തരം പരാതികളിൽ കൃത്യമായ നിയമനടപടി സ്വീകരിച്ചുവെന്ന് എസ്എച്ച്ഒമാരും ഉറപ്പാക്കണം.

കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളിൽ അടിയന്തര നടപടി വേണം. കുട്ടികളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കുന്നവരെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത കർശന നടപടി സ്വീകരിക്കണം. സൈബർ കുറ്റകൃത്യങ്ങളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഓൺലൈൻ വഴിയുള്ള പരാതികൾക്ക് രസീത് നൽകണം. സൈബർ നിയമലംഘനം നടത്തുന്നഓൺലൈൻ മാധ്യമങ്ങൾക്കെതിരേയും നടപടി വേണം.
ഇന്റലിജൻസ് വെരിഫിക്കേഷൻ ഇല്ലാതെ സർക്കാരിതര പൊതുപരിപാടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടതില്ല. പരിശോധനയ്ക്ക് ശേഷം അത്തരം പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം. പുരാവസ്തുക്കളുടെ പേരിൽ വൻതട്ടിപ്പ് നടത്തിയ മോൻസണുമായി മുൻ പൊലീസ് മേധാവി ലോക്നാഥ് ബഹറ നടത്തിയ സൗഹൃദ സന്ദർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർ​ഗ നിർദേശം.
ആറ്റിങ്ങലിൽ എട്ടാം‌ക്ലാസുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് നടു റോഡിൽ അപമാനിച്ചതും, നെയ്യാറിൽ പൊലീസ് സ്റ്റേഷനിൽ മകളോടൊപ്പം പരാതി പറയാൻ വന്ന അച്ഛനെ അശ്ലീലം വിളിച്ച് അപമാനിച്ചതും ഉൾപ്പെടെ നിരവധി ആക്ഷേപങ്ങളാണ് പൊലീസിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടത്.

Related posts

Leave a Comment