ഇന്ദിരാഗാന്ധി – ആര്‍ജ്ജവത്തിന്റെ പ്രതീകം ; കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ലേഖനം

ഇന്ദിരാഗാന്ധിയുടെ ഈ ഓര്‍മ്മദിനം നമ്മളെ ഒരു പാടു കാര്യങ്ങളാണ് ഓര്‍മപ്പെടുത്തുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും തുടര്‍ന്നിങ്ങോട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരും ഈ നാടിനെ മുന്നോട്ടു നയിക്കാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടോ അതിന്റെയൊക്കെ വിപരീതമായ അവസ്ഥയില്‍ റിവേഴ്‌സ് ഗിയറില്‍ രാജ്യത്തെ പുറകോട്ട് കൊണ്ടു പോകുന്ന ഒരു കാലത്തെയാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്.
 ഒരു കാലത്ത് രാഷ്ട്രീയമായി ഇന്ദിരാഗാന്ധിയുടെ ചില ശൈലികളോട് വിയോജിപ്പ് പ്രകടിപ്പിച്ചവരില്‍ ഉള്‍പ്പെട്ടൊരാളാണ് ഞാന്‍. കോണ്‍ഗ്രസ് പിളര്‍പ്പിന്റെ കാലത്ത് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നതു കൊണ്ട് ഇന്ദിരാഗാന്ധിയുടെ എതിര്‍ചേരിയില്‍ പ്രവര്‍ത്തിച്ചു. അപ്പോഴും രാഷ്ട്രീയ എതിരാളികള്‍ സമ്മതിക്കുന്നൊരു കാര്യമുണ്ട്, ഇന്ത്യയെ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളില്‍ ഒന്നാക്കി മാറ്റുവാന്‍ ശക്തമായ നേതൃത്വം നല്‍കാന്‍ ഇന്ദിരാ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട് എന്ന വസ്തുത. കാലമെത്ര പിന്നിടുമ്പോഴും ഇന്ദിരാജിയുടെ ഓര്‍മ്മകള്‍ക്ക് പ്രൗഢി വര്‍ധിക്കുന്നതും അതു കൊണ്ടു തന്നെ. ഇന്ന് രാജ്യം തിരിച്ചറിയുന്നത് ഇന്ദിരാജിയെ പോലൊരു നേതാവിന്റെ അഭാവമാണ്.

വിപ്ലവകരമായ മുന്നേറ്റം

ഇന്ദിരാഗാന്ധിയുടെ പേര് എക്കാലവും ഓര്‍മ്മിക്കപ്പെടുക ബാങ്ക് ദേശസാത്കരണമെന്ന വിപ്ലവകരമായ നടപടിയിലൂടെയാണ്. പാവങ്ങളെ പരിഗണിക്കാത്ത സ്വകാര്യ ബാങ്കുകളെ നിലയ്ക്കുനിര്‍ത്തണമെന്ന ഉറച്ച നിലപാടായിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തില്‍ തെളിഞ്ഞത്. അന്ന് കോണ്‍ഗ്രസിനകത്തു പോലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുയര്‍ന്നിട്ടും അതൊന്നും കൂട്ടാക്കാതെ ഇന്ദിരാഗാന്ധി  തന്റെ തീരുമാനവുമായി മുന്നോട്ടു പോയി. നൂറു കണക്കിന് ദേശസാല്‍കരണ  സ്ഥാപനങ്ങളെ സൃഷ്ടിക്കാനും അതിലൂടെ തൊഴിലില്ലായ്മയും, പട്ടിണിയും പരിഹരിക്കുവാനും ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു.
ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ സാഹചര്യം എന്തായിരുന്നു എന്നു കൂടി ഈയവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ ലോകത്ത് ആകമാനം ഒട്ടേറെ ബാങ്കുകള്‍ തകര്‍ന്നു. ഇന്ത്യയിലും സമാന സംഭവങ്ങളുണ്ടായി. ഒട്ടേറെ നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടു. സ്വകാര്യ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ബുദ്ധിമുട്ടി. കാര്‍ഷിക മേഖലയ്ക്കും വ്യവസായങ്ങള്‍ക്കും പണം നല്‍കാന്‍ ബാങ്കുകള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കച്ചവട സ്ഥാപനങ്ങള്‍ക്കു പണം നല്‍കുന്നതിനായിരുന്നു അവര്‍ക്ക് താല്‍പര്യം. ഗ്രാമീണ മേഖലയെ അവര്‍ പൂര്‍ണമായും അവഗണിച്ചു. വമ്പന്‍ വ്യവസായ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്ന ബാങ്കുകള്‍ക്ക് സ്വകാര്യ താല്‍പര്യങ്ങളായിരുന്നു പ്രധാനം. സ്വാതന്ത്ര്യാനന്തര കാലത്ത് മുന്നൂറിലേറെ ബാങ്കുകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 1960ല്‍ പാലാ സെന്‍ട്രല്‍ ബാങ്കും ലക്ഷ്മി കൊമേഴ്‌സ്യല്‍ ബാങ്കും തകര്‍ന്നു. അന്ന് ധനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ നിര്‍ദേശ പ്രകാരം റിസര്‍വ് ബാങ്ക് ചില പരിഷ്‌കരണങ്ങളുമായി രംഗത്തെത്തി. ബാങ്കുകളുടെ ലയനമായിരുന്നു അതില്‍ പ്രധാനം. 1960 ല്‍ 328 ബാങ്കുകള്‍ ഉണ്ടായിരുന്നത് 1965 ആയപ്പോഴേക്കും 94 ആയി കുറഞ്ഞു. ബാങ്കുകള്‍ക്ക് സാമൂഹിക നിയന്ത്രണം എന്ന, കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവച്ച ആശയത്തിനനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡുകളില്‍ മികവിന് പ്രാധാന്യം നല്‍കാനുള്ള ചില ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അറ്റകൈ പ്രയോഗം എന്ന നിലയിലായിരുന്നു 1969 ജൂലൈ 19ന് രാത്രിയില്‍ ഇന്ദിരയുടെ പ്രഖ്യാപനം എത്തിയത്.

കുതിപ്പില്‍ നിന്ന് കിതപ്പിലേക്ക്

ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസിതര സര്‍ക്കാരുകള്‍ നടത്തിയത്. ഇന്ന് മോദി ഭരണത്തില്‍ അതിന്റെ മൂര്‍ധന്യാവസ്ഥ നമ്മള്‍ കാണുകയാണ്. ആദായവില വിളിച്ചു പറഞ്ഞ് വില്‍ക്കുന്ന തെരുവുകച്ചവടക്കാരനെ പോലെ നരേന്ദ്രമോദി പൊതുമേഖല സ്ഥാപങ്ങളെ സ്വകാര്യ മേഖലക്ക് വിറ്റ് നശിപ്പിച്ചു കൊണ്ട്, സാമൂഹ്യ ജീവിതത്തെ താറുമാറാക്കി, ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുക എന്ന തീരുമാനത്തിലാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍. പാവപ്പെട്ടവനു കടം നല്‍കാത്ത, ഗ്രാമങ്ങളില്‍ സേവനം എത്തിക്കാത്ത ബാങ്കുകളെക്കുറിച്ചാണ് ഇന്ദിരാഗാന്ധിയുടെ കാലത്ത് പരിതപിച്ചിരുന്നതെങ്കില്‍ ഇന്ന് അതൊന്നുമല്ല വിഷയം. കിട്ടാക്കടം കുമിഞ്ഞുകൂടുന്ന, കാര്യക്ഷമതയില്ലാത്ത ബാങ്കുകളെ നന്നാക്കിയെടുക്കുന്നതിനു പരിഹാരമായി സ്വകാര്യമേഖലയെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അന്ന് പാവപ്പെട്ടവര്‍ക്കുവേണ്ടി എന്നു പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുത്ത ബാങ്കുകള്‍ കിട്ടാക്കടം കയറി മുടിയാന്‍ കാരണം പാവപ്പെട്ടവനു വാരിക്കോരി വായ്പ നല്‍കിയിട്ടാണെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. സാധാരണക്കാരനു നല്‍കുന്ന ചെറിയ വായ്പയുടെ പോലും തിരിച്ചടവ് മുടങ്ങാതെ നോക്കുന്ന ബാങ്കുകള്‍ സമ്പന്നര്‍ക്കു നല്‍കിയ വായ്പകള്‍ പുനഃസംഘടിപ്പിച്ചു നല്‍കിയും ഇളവുകള്‍ നല്‍കിയും ഒടുവില്‍ കിട്ടാക്കടത്തിന്റെ പട്ടികയില്‍ പെടുത്തിയും ഉപേക്ഷിച്ചു. കിട്ടാക്കടങ്ങളുടെ കണക്കില്‍ ഒരു ശതമാനം പോലുമുണ്ടാകില്ല പാവപ്പെട്ടവന്റെ കാര്‍ഷിക വായ്പകള്‍. നീരവ് മോദിയും വിജയ് മല്ല്യയും ശതകോടികള്‍ കയ്യിട്ടുവാരി നാടുവിട്ടപ്പോഴും ചില ബാങ്കുകള്‍ കണ്ടില്ലെന്നു നടിച്ചു.

ആര്‍ജ്ജവത്തിന്റെ പ്രതീകം

പ്രധാനമന്ത്രിയായിരിക്കേ ആരുടേയും കൈയിലെ കളിപ്പാവയായിരുന്നില്ല ഇന്ദിരാഗാന്ധി. അവര്‍ക്ക് കൃത്യമായ നിലപാടുകളുണ്ടായിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി അവര്‍ ഭരിച്ചു. കോര്‍പറേറ്റുകളെ വളര്‍ത്താനായിരുന്നില്ല അവരുടെ ഭരണനടപടികള്‍. ആര്‍ക്കും വിധേയയാകാതെ ദീര്‍ഘകാലം അവര്‍ ഇന്ത്യയെ നയിച്ചു. പാര്‍ട്ടിക്കകത്ത് എതിര്‍ശബ്ദങ്ങള്‍ ശക്തമാകുന്ന ഒരു സാഹചര്യം ഒരിക്കലും ഇന്ദിരാഗാന്ധി സൃഷ്ടിച്ചില്ല. പാര്‍ട്ടിയുടെ കരുത്തിനെ, കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു നടപടിയും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല.

അടിയന്തരാവസ്ഥ എന്ന അബദ്ധം

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചവരില്‍ ഉള്‍പ്പെടുന്നൊരാളാണ് ഞാനും. വ്യക്തിപരമായി പറയുകയാണെങ്കില്‍ എന്നെ രാഷ്ട്രീയരംഗത്ത് വളര്‍ത്തുന്നതില്‍ ഈ കാലഘട്ടത്തിന് വലിയ പങ്കുണ്ട്. എല്‍എല്‍ബി പഠനം പാതിവഴിക്കു മുടങ്ങി തുടര്‍ന്നങ്ങോട്ട് രാഷ്ട്രീയത്തില്‍ സജീവമായതിനുമൊക്കെ അതൊരു നിമിത്തമായി. അടിയന്തരാവസ്ഥയെ ഇന്ദിരാഗാന്ധി തന്നെ പിന്നീട് തള്ളിപ്പറഞ്ഞിട്ടുണ്ടെന്നോര്‍ക്കുക. 1978ല്‍ മഹാരാഷ്ട്രയില്‍ നടന്ന ഒരു റാലിക്കിടെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ വിഷയത്തില്‍ ജനങ്ങളോട് ക്ഷമ ചോദിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസുവുമായി നടന്ന സംവാദത്തിനിടെ രാഹുല്‍ഗാന്ധിയും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന അഭിപ്രായം പങ്കുവെച്ചതും ഈയവസരത്തില്‍ ഓര്‍ക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യയുടെ ഭരണഘടനാപരമായ അടിത്തറയിളക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

ഇന്ത്യയുടെ ഉരുക്കുവനിത

ഉരുക്കുവനിതയെന്ന വിശേഷണം എന്തു കൊണ്ടും അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ ഓരോ നടപടിയും. ഉരുക്കിന്റെ ദൃഢത അവരുടെ ഒരു സ്വഭാവഗുണം മാത്രമാണ്. മഹാമനസ്‌കതയും മനുഷ്യത്വവുമായിരുന്നു അവരുടെ പ്രധാന സ്വഭാവ വിശേഷങ്ങള്‍. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളേയും സുവര്‍ണക്ഷേത്രത്തിലെ യുദ്ധസമാനമായ അവസ്ഥയേയുമൊക്കെ അവര്‍ കൈകാര്യം ചെയ്ത രീതി തന്നെയാണ് ഇതില്‍ എടുത്തു പറയേണ്ടത്. നമ്മുടെ സൈനികര്‍ക്ക് വലിയ തോതില്‍ ആത്മവിശ്വാസം പകരാന്‍ എപ്പോഴും ഇന്ദിരാഗാന്ധി ബദ്ധശ്രദ്ധയായിരുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരുന്നില്ല ഇന്ദിരാഗാന്ധിയുടെ പോരാട്ടം. പ്രത്യയശാസ്ത്രത്തിനായും ഗൂഢതാത്പര്യങ്ങള്‍ക്കും അജന്‍ഡകള്‍ക്കും എതിരെയുമായിരുന്നു അവരുടെ പോരാട്ടങ്ങള്‍.
ഭയപ്പെടുത്തി സമ്മര്‍ദം ചെലുത്തുന്നതും അനധികൃതമായ ഇടപെടലുകളും ഇന്ദിരാജി ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. അതവരുടെ അടിസ്ഥാന പ്രകൃതമാണ്. എല്ലാത്തരം യുദ്ധങ്ങളിലും പ്രചോദനമായത് ഈ ശൈലിയാണ്. ഇന്ദിരയുടെ വികാരമായിരുന്നു ഇന്ത്യ. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും അവര്‍ ആഴത്തില്‍ സഹായിച്ചു.
പിതാവിന്റെ ഉപദേശങ്ങള്‍ വ്യതിചലിക്കാതെ ഇന്ദിരാജി പിന്തുടര്‍ന്നു. 16 വര്‍ഷം അവര്‍ രാജ്യത്തെ നയിച്ചു. നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ദാരിദ്ര്യം മുതല്‍ ഭീകരവാദവും യുദ്ധവും വരെ അവര്‍ ധൈര്യത്തോടെ നേരിട്ടു.

ഒരൊറ്റ മതം മാത്രം

എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയുടേത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ദിരാജി ഒരിക്കലും ശ്രമിച്ചിട്ടില്ല.
പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അവര്‍ക്കു ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായ എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന വിശുദ്ധ മതം. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ അവര്‍ എതിര്‍ത്തു. മതനിരപേക്ഷതയ്ക്കായി പോരാടി. ഇന്ത്യയുടെ സമ്പന്നമായ നാനാത്വത്തിന് അവര്‍ തിളക്കമേറ്റി. അതിനവര്‍ക്ക് സ്വന്തം ജീവന്‍ ബലി കൊടുക്കേണ്ടി വന്നതും ചരിത്രം.
സുവര്‍ണക്ഷേത്രത്തിലെ പട്ടാളനടപടിക്കു ശേഷം വിവിധ ഏജന്‍സികള്‍ ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടു സുരക്ഷാ സേനയില്‍ നിന്ന് സിഖ് വിഭാഗത്തില്‍ ഉള്ള ആളുകളെ ഒഴിവാക്കണം എന്ന്. ഇതിന് മറുപടിയായി ഇന്ദിരാ ഗാന്ധി പറഞ്ഞത് സിഖ് എന്നോ പാഴ്സി എന്നോ മുസ്ലിം എന്നോ ക്രിസ്ത്യന്‍ എന്നോ ഹിന്ദു എന്നോ എനിക്ക് വ്യത്യാസം ഇല്ല. എനിക്ക് എല്ലാവരെയും വിശ്വാസമാണ്, അവരെല്ലാം എന്റെ മക്കള്‍ ആണെന്നാണ്. അന്ന് മുന്‍കരുതല്‍ എടുത്തിരുന്നു എങ്കില്‍ സ്വന്തം അംഗരക്ഷകനില്‍ നിന്ന് അവര്‍ക്ക് മരണം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കാന്‍ ജീവിതം അര്‍പ്പിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. അവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

Related posts

Leave a Comment