സൈനിക സ്കൂളിൽ പുതുചരിത്രം: പെൺകുട്ടികളുടെ ബാച്ച് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സൈനിക സ്കൂളായ കഴക്കൂട്ടം സൈനിക് സ്കൂളിൽ പെൺകുട്ടികളുടെ ബാച്ച് തുടങ്ങി. 1962-ൽ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായാണ് ഈ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയത്. പ്രവേശന പരീക്ഷ എഴുതി വിജയിച്ച പെൺകുട്ടികളുടെ ആദ്യ ബാച്ച് ഇന്നലെ ആരംഭിച്ചു.
ആദ്യ ബാച്ചിൽ കേരളത്തിൽ നിന്നുള്ള ഏഴ് പെൺകുട്ടികളും ബീഹാറിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പെൺകുട്ടിയുമാണ് പ്രവേശനം നേടിയത്.
സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന സ്‌പെഷ്യൽ അസംബ്ലിയിൽ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാർ പെൺകുട്ടികളെ അഭിസംബോധന ചെയ്തു. സൈനിക് സ്കൂളിന് ഇത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളെ വരവേൽക്കുന്നതിനായി കഴിഞ്ഞ ഒരു വർഷമായി സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പുതിയ വീടിന്റേയും ഡോർമിട്ടറിയുടേയും നിർമ്മാണം ഈ അക്കാദമിക് വർഷത്തിനു മുമ്പു തന്നെ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
2018-19 അക്കാദമിക് വർഷത്തിൽ മിസോറം സൈനിക് സ്‌കൂൾ സൊസൈറ്റി നടത്തിയ വിജയകരമായ പരീക്ഷണമായിരുന്നു സൈനിക് സ്‌കൂളുകളിലെ പെൺകുട്ടികളുടെ പ്രവേശനം. പിന്നീട് രാജ്യത്തെ മറ്റ് സൈനിക് സ്‌കൂളുകളും പെൺകുട്ടികളുടെ പ്രവേശനത്തിന് തുടക്കം കുറിച്ചു. പെൺകുട്ടികളെ സായുധസേനകളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും സ്ത്രീശാക്തീകരണത്തെ ദൃഢീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടികൾ. രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വർഷം മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട്. രാജ്യത്തെ സൈനിക സ്‌കൂളുകളിൽ 10 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Comment