സി.ഐ.ടി.യുവിന് പ്രവർത്തന ഫണ്ട് പിരിക്കാൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഉത്തരവ് ; കെ.എസ്.ഇ.ബിയിൽ പുതിയ വിവാദം

എ.ആർ ആനന്ദ്

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയില്‍ നിന്ന് ഭരണാനുകൂല സംഘടനയ്ക്ക് ഫണ്ട് പിരിക്കുന്നതിന് ഉത്തരവിറക്കിയ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നടപടി വിവാദമാകുന്നു. കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോൾ നടപ്പാക്കുന്ന ശമ്പള പരിഷ്‌കരണത്തിന്റെ കുടിശികയില്‍ നിന്നും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ന് പ്രവര്‍ത്തന ഫണ്ട് പിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇത്തരത്തില്‍ ഒരു അസാധാരണമായ ഉത്തരവ് ഇറക്കിയത്. 67 ജീവനക്കാരില്‍ നിന്നും 8,144,94 രൂപയാണ് അസോസിയേഷനുവേണ്ടി പിരിച്ച് നല്‍കേണ്ടത്. കല്ലാര്‍ക്കുട്ടി കെ.എസ്.ഇ.ബി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി നല്‍കിയ ലിസ്റ്റിന്‍ പ്രകാരമാണ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജനറേഷന്‍ സര്‍ക്കിള്‍ മീന്‍കട്ടിന് കീഴിലുള്ള എല്ലാ അസിന്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കും ഉത്തരവ് നല്‍കിയിരിക്കുന്നത്. ബോർഡിൽ വ്യത്യസ്ത രാഷ്ട്രീയമുള്ള ആറോളം ട്രേഡ് യൂണിയൻ സംഘടനകളും അഞ്ച് ഓഫീസർ സംഘടനകളും ഉണ്ട്.മറ്റൊരു ഡപ്യൂട്ടി ചീഫ് എഞ്ചിനീയർമാരും ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയിട്ടില്ല.ഭരണാനുകൂല സംഘടനയ്ക്ക് വേണ്ടി ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇറക്കിയ ഉത്തരവ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളതാണെന്നും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ജീവനക്കാര്‍ പറയുന്നു.ഇത് സംബന്ധിച്ച് പ്രതിപക്ഷ സംഘടനകൾ വകുപ്പ് മന്ത്രിക്കും ചെയർമാനും പരാതി നൽക്കുന്നുണ്ട്.

Related posts

Leave a Comment