പാര്‍ട്ടിയുടെ നന്ദികേടുകളിലേക്കു വിരല്‍ ചൂണ്ടി ജി. സുധാകരന്‍റെ കവിത

കൊല്ലംഃ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍റെ പുതിയ കവിത സിപിഎമ്മിന്‍റെ നെറികേടുകള്‍ക്കെതിരായ പുതിയ ചാട്ടുളിയാകുന്നു. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത എന്നു സുധാകരന്‍ തന്നെ ആമുഖക്കുറിപ്പെഴുതുന്ന ഈ കവിതയ്ക്ക് ദുര്‍വ്യാഖ്യാനങ്ങള്‍ക്കു പ്രസക്തിയില്ലെന്നും അദ്ദേഹം തുറന്നെഴുതുന്നു. നേട്ടവും കോട്ടവും എന്ന തന്‍റെ കവിത നവാഗതര്‍ക്കു സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ തുടങ്ങുന്നു,

ഒരുതരത്തിലും നന്ദി കാട്ടാത്തൊരാ

പണികളൊക്കെ നടത്തി, ഞാനെന്‍റെയീ

മഹിത ജീവിതം സാമൂഹ്യമായെന്നു

പറയും സ്നേഹിതര്‍ സത്യമതെങ്കിലും… എന്നു നീളുന്നു.

സുതാര്യവും സത്യസന്ധവുമായ തന്‍റെ പ്രവര്‍ത്തനങ്ങളോടു പാര്‍ട്ടി ഒരു തരത്തിലും നന്ദി കാണിച്ചില്ലെന്നാണ് സുധാകരന്‍ കവിതയിലൂടെ പരിതപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചു എന്ന ആരോപണം നേരിടുന്ന മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ സുധാകരന്‍ വലിയ അച്ചടക്ക നടപടി നേരിടാനൊരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ രോഷം കവിതയായി അണപൊട്ടിയത്. ദുര്‍വ്യാഖ്യാനങ്ങള്‍ വേണ്ടെന്നു സുധാകരന്‍ കവിതയില്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കെതിരായ ഒളിയമ്പ് തന്നെയാണ് ഈ കവിതയെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. പുതിയ ലക്കം കലാകൗമുദിയിലാണ് സുധാകരന്‍റെ വിവാദ കവിത. പാര്‍ട്ടി നടത്തുന്ന അന്വേഷണം പൂര്‍ത്തിയായാല്‍ സുധാകരനെ തരംതാഴ്ത്തുമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related posts

Leave a Comment