ജീവനക്കാരെ തിരികെ ഓഫീസിലേക്ക് സ്വാഗതം ചെയ്ത് നെസ്റ്റ് ഡിജിറ്റല്‍; കൂടുതല്‍ സ്ത്രീ സൗഹൃദ നയങ്ങളും ആവിഷ്‌കരിക്കും

കൊച്ചി: ഫ്‌ലെക്‌സിബിള്‍ ബാക്ക്-ടു-ഓഫീസ് പ്ലാനുകളും പുതിയ സ്ത്രീ സൗഹൃദ നയങ്ങളും പ്രഖ്യാപിച്ച് നെസ്റ്റ് ഡിജിറ്റല്‍. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുള്ള ബാക്ക് ടു ഓഫീസ് പദ്ധതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. സ്ത്രീ സംരംഭകയായ നസ്‌നീന്‍ ജഹാഗീറിന്റെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ മാതൃകാപരമായ ചുവടുവയ്പ്പുകള്‍ നടത്തുന്ന നെസ്റ്റ് ഡിജിറ്റല്‍ ഈ പരിവര്‍ത്തന കാലഘട്ടത്തില്‍ അവര്‍ക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിനായി പുതിയ നയങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്.

ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. ഓഫീസില്‍ നേരിട്ടെത്തി ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന എല്ലാവരെയും നെസ്റ്റ് ഡിജിറ്റല്‍ ഓഫീസിലേക്ക് സ്വാഗതം ചെയ്യുന്നു. കൊവിഡ് സാഹചര്യത്തില്‍ ഏറെ ഫലപ്രദമായ ഹൈബ്രിഡ് വര്‍ക്കിംഗ് മാതൃകയാണ് നെസ്റ്റ് ഡിജിറ്റലും സ്വീകരിച്ചിരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം താല്‍പര്യമുള്ളവര്‍ക്ക് അതില്‍ തുടരാം. പ്രോജക്റ്റുകളുടെ ആവശ്യാനുസരണം ഓഫീസില്‍ നിന്നോ വീടുകളില്‍ നിന്നോ ജോലി ചെയ്യുവാനുള്ള തീരുമാനം കൈക്കൊള്ളാവുന്നതാണ്.

ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വര്‍ക്ക് പ്ലേസ് അസ്സസ്‌മെന്റ് ഫോര്‍ സേഫ്റ്റി ആന്‍ഡ് ഹൈജീന്‍ (WASH) കൃത്യമായി നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ വര്‍ക്ക്സ്റ്റേഷനുകളും ഓഫീസ് പരിസരവും അടിക്കടി അണുവിമുക്തമാക്കുന്നുണ്ട്.

മഹാമാരി കാലത്ത് ഏറെ പ്രചാരം നേടിയ തൊഴില്‍ സംസ്‌കാരമാണ് വര്‍ക് ഫ്രം ഹോം. ഒട്ടുമിക്ക കമ്പനികള്‍ക്കും ഈ രീതിയോട് പൊരുത്തപ്പെടാനും ഉയര്‍ന്ന കാര്യക്ഷമതയോടെ നടപ്പാക്കാനും സാധിച്ചിട്ടുണ്ട്. ജോലിയും സ്വകാര്യ ജീവിതവും ഒരുപോലെ കൊണ്ടുപോവുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. തിരക്കേറിയ ജോലിക്കിടയില്‍ ഗാര്‍ഹിക ഉത്തരവാദിത്തങ്ങളും പലപ്പോഴും അവരുടെ ചുമലില്‍ ആകുന്നു. ഓഫീസ് അന്തരീക്ഷത്തില്‍ ലഭ്യമാവുന്ന പരിശീലനവും മാര്‍ഗദര്‍ശനവും പിന്തുണയും പലപ്പോഴും വര്‍ക് ഫ്രം ഹോമിലാകുമ്പോള്‍ കിട്ടണമെന്നില്ല. ഇത് മിക്കപ്പോഴും സ്ത്രീകളെ പ്രൊഫഷണല്‍ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. ‘പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പ്രൊഫഷണല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് കമ്പനിയുടെ പ്രഖ്യാപിത നയമെന്ന് നെസ്റ്റ് സിഇഒ നാസ്‌നീന്‍ ജഹാംഗീര്‍ പറഞ്ഞു.’

നെസ്റ്റ് ഡിജിറ്റലിന്റെ ജീവനക്കാരില്‍ 37 ശതമാനം സ്ത്രീകളാണ്. മികച്ച നയസമീപനങ്ങളിലൂടെയും, രീതികളിലൂടെയും സമീപഭാവിയില്‍ തന്നെ ഈ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നെസ്റ്റ് ഡിജിറ്റല്‍ നടപ്പിലാക്കുന്ന ‘ഫ്‌ലെക്‌സി വര്‍ക്ക് ഹവേഴ്‌സ് പോളിസി’യിലൂടെ വ്യക്തിഗത ആവശ്യങ്ങളുള്ളവര്‍ക്ക് അതനുസരിച്ച് ജോലി സമയം ചിട്ടപ്പെടുത്താന്‍ അവസരവുമുണ്ടാകും. പ്രായോഗികമായ ജോലി സമയം തെരഞ്ഞെടുക്കുന്നവര്‍ക്ക് ആനുപാതികമായ പ്രതിഫലം നല്‍കുന്നതാണ് . ലിംഗഭേതമില്ലാതെയാണ് നടപ്പാക്കുന്നതെങ്കിലും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍ സ്ത്രീകളാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്ത്രീകള്‍ക്കായി ബാക്ക് ടു വര്‍ക്ക് പദ്ധതിയും ആവിഷ്‌കരിക്കും. നെസ്റ്റിന്റെ വരുംകാല തൊഴില്‍ നിയമനങ്ങളില്‍ നിരവധി ആനുകൂല്യങ്ങളാണ് ജീവനക്കാരെ കാത്തിരിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോമില്‍ തുടരാനും, സ്‌പോണ്‍സേഡ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളുടെ ഭാഗമാവാനും അവസരമുണ്ടാകും. ട്രെയിനിങ്, കൗണ്‍സിലിംഗ് തുടങ്ങി ജീവനക്കാരുടെ ആത്മവിശ്വാസവും സ്ഥിരോത്സാഹവും മെച്ചപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും നടത്തും.

ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സേവന മേഖലയില്‍ നെസ്റ്റ് ഡിജിറ്റലിന്റെ പുനപ്രവേശനം നേരത്തേ നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് പ്രഖ്യാപിച്ചിരുന്നു. സോഫ്റ്റ്‌വെയര്‍ ബിസിനസ് വിപുലീകരിക്കുന്നതോടൊപ്പം ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ സേവന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി പരിചയസമ്പന്നരായ കൂടുതല്‍ വിദഗ്ധരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നിരുന്നു. നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നെസ്റ്റ് ഡിജിറ്റലിന്റെ ശൃംഖല വിപുലീകരണഘട്ടത്തിലാണ്. ഇവിടങ്ങളിലേക്ക് ആയിരത്തോളം പ്രൊഫഷണലുകളെ കൂടി നിയമിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു.

Related posts

Leave a Comment