നെല്ലിയമ്പം ഇരട്ടക്കൊലപാതകം: പ്രതി അറസ്റ്റില്‍; കൊലപാതകം മോഷണശ്രമത്തിനിടെ

മാനന്തവാടി: നെല്ലിയമ്പത്ത് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നെല്ലിയമ്പം കായക്കുന്ന് കുറുമകോളനിയിലെ അര്‍ജുനെ(24)യാണ് പനമരം പോലീസ്‌സ്റ്റേഷന്‍ പരിധിയിലെ നെല്ലിയമ്പം കാവടത്തെ റിട്ടയേര്‍ഡ് അധ്യാപകനായ പത്മാലയത്തില്‍ കേശവന്‍നായര്‍ (75) ഭാര്യ പത്മാവതി (68) എന്നിവര്‍ കത്തിക്കുത്തേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി എട്ടരയോടെയാണ് വയോദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കേശവന്‍ നായര്‍ സംഭവസ്ഥലത്ത് വെച്ചും, പത്മാവതി ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. പനമരം പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പര്‍ 192/2021 ഡ/ െ449, 302, 307, ൃ/ം 34 ഐ പി സി ആയി രജിസ്റ്റര്‍ ചെയ്ത കേസ് വയനാട് ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐ പി എസിന്റെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. മൂവായിരത്തോളം മുന്‍കാല കുറ്റവാളികളെ നേരില്‍ കണ്ടും അല്ലാതെയും പൊലീസ് അന്വേഷണം നടത്തി. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍കോളുകളും, പ്രദേശത്തെയും സമീപപ്രദേശങ്ങളിലേയും 150-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും, സമീപപ്രദേശങ്ങളിലെ അറിയുന്നതും അറിയപ്പെടാത്തതുമായ കുറ്റവാളികളുടെ ലിസ്റ്റും പൊലീസ് അന്വേഷണവിധേയമാക്കി. അന്വേഷണത്തില്‍ പരിസരവാസി കൂടിയായ അര്‍ജുനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി പരിശോധിച്ചതില്‍ മൊഴിയില്‍ വൈരുദ്ധ്യം കാണപ്പെടുകയും അത് പരിശോധിക്കുന്നതിനായി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന സമയത്ത് ഓഫീസില്‍ നിന്നും ഇറങ്ങിയോടി കയ്യില്‍ സൂക്ഷിച്ചു വച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ അതിന് ശേഷം വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി മോഷണം നടത്തുന്നതിനായി വീട്ടിനുള്ളില്‍ കയറിയിരുന്ന് കൃത്യം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment