ഗാന്ധിക്ക് പറ്റിയ തെറ്റായിരുന്നു നെഹ്റു’ ; ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മഹാത്മാഗാന്ധി ആർഎസ്എസിൽ പ്രവർത്തിക്കുമായിരുന്നു ; വിവാദ പരാമർശവുമായി ബിജെപി നേതാവ്

തിരുവനന്തപുരം : ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മഹാത്മാഗാന്ധി രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നുവെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വിവാദ പരാമർശം. ഫേസ് ബുക് പോസ്റ്റിലൂടെയാണ് കൃഷ്ണദാസിന്റെ പരാമർശം.

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ ഇതേ രാഷ്ട്രീയ ആശയങ്ങൾ വച്ച് പുലർത്തുന്നവരുടെ കൈകൾ കൊണ്ടാണ് അദ്ദേഹം ചരമമടഞ്ഞത് എന്നിങ്ങനെ കൃഷ്ണദാസിനെ വിമർശിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

ആദർശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്നു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കർമസിദ്ധാന്തവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാർശനിക തലത്തിൽ ഗാന്ധി സ്വയംസേവകനായിരുന്നു.

ഇന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്ന് പ്രവർത്തിക്കുമായിരുന്നു. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയൻ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാൻ നരേന്ദ്രമോദി..

https://www.facebook.com/324826537702516/posts/1797815927070229/

Related posts

Leave a Comment