‘സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രമല്ല, നെഹ്രുവിന്റെ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ’ ; നെഹ്‌റു സ്മരണയിൽ രാജ്യം

യതീൻ എസ് പ്രദീപ്

നെഹ്റുവിനെ പറ്റി വായിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ഒഴിവാക്കാനാവാത്ത വാക്കാണ് ജനാധിപത്യം. ജനാധിപത്യ ആശയങ്ങളെ ഉയർത്തിപ്പിടിച്ച, അവയെ അടിസ്ഥാനപ്പെടുത്തി തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ നേതാവിന്റെ പേരാണ് ജവഹർലാൽ എന്നത്. 2021ലെ ഇന്ത്യയിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ ജവഹർലാലിന്റെ ജീവിതം ഒരു നാടോടിക്കഥപോലെ വിസ്മയം നിറഞ്ഞതാണ് എന്ന് തോന്നിപ്പോകും.

ജവഹർലാൽ പതിനേഴ് വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ആ കാലത്ത് ഇന്ത്യയെ ഏകാധിപത്യത്തിന്റെ പാതയിലേക്ക് കൊണ്ട് പോവുക എന്നത് അദ്ദേഹത്തിന് വളരെ എളുപ്പം സാധിക്കുമായിരുന്ന കാര്യമായിരുന്നു. കാരണം അധികാരവും ജനസ്വീകാര്യതയും ആ അളവിൽ നെഹ്രുവിന്റെ പക്കലുണ്ടായിരുന്നു. പക്ഷേ ജവഹർലാൽ അതിന് മുതിർന്നില്ല എന്ന് മാത്രമല്ല, ജനാധിപത്യത്തിന്റെ ആശയങ്ങൾക്ക് അടിത്തറയിടുന്നതിനായി ആ മനുഷ്യൻ ഓടി നടക്കുകയായിരുന്നു ചെയ്തത്. ഒരിക്കലും യോജിക്കാൻ കഴിയാത്തത്ര വ്യത്യസ്തതകളുള്ള ഈ രാജ്യം ഒരുമയോടെ, ജനാധിപത്യപരമായി 74 വർഷങ്ങൾ അതിജീവിച്ചുവെങ്കിൽ അതിൽ വലിയ ഒരു പങ്ക് ജവഹർലാലിന്റെ ദീർഘവീക്ഷണങ്ങൾക്കും, അദ്ദേഹത്തിൽ നിറഞ്ഞുനിന്ന ജനാധിപത്യബോധത്തിനുമുണ്ട്.

താൻ വിമർശനത്തിന് വിധേയമാകേണ്ടതുണ്ട് എന്ന ജനാധിപത്യ ചിന്ത എപ്പോഴും ജവഹർലാലിനുള്ളിൽ ഉണ്ടായിരുന്നു. ‘നിങ്ങൾ എന്നെ വിമർശിക്കാതെ ഒഴിവാക്കരുത് ശങ്കർ’ എന്ന് പറയുന്നത് അയാൾക്ക് തന്റെ മുന്നിൽ മറഞ്ഞിരിക്കുന്ന ഏകാധിപത്യത്തിന്റെ അപകടത്തെ പറ്റി ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്.വിമർശനങ്ങൾ നിലയ്ക്കുന്നിടത്ത് ജനാധിപത്യം നിശ്ചലമാകുമെന്ന് നെഹ്റു മറ്റേത് ഭരണാധികാരിയേക്കാളും നന്നായി മനസ്സിലാക്കിയിരുന്നു. വിമർശനങ്ങളെ പരിശോധിക്കാനും, മനസ്സിലാക്കാനും അതിൻപ്രകാരം മാറ്റേണ്ടവയെ മാറ്റാനുമെല്ലാം അയാൾ അവസാനം വരെയും ശ്രമിച്ചിരുന്നു.അതുപോലെ നെഹ്രുവിന്റെ ഉൾക്കൊള്ളൽ മനോഭാവവും ചർച്ച ചെയ്യേണ്ട കാര്യമാണ്. ജനാധിപത്യം എന്നത് ഭൂരിപക്ഷം എന്ന ബിന്ദുവിൽ തളച്ചിടേണ്ട ഒന്നല്ലായെന്ന് നെഹ്റു മനസ്സിലാക്കിയിരുന്നു.തന്നോട് എതിർപ്പുകൾ ഉള്ളവർ കൂടി ഉൾക്കൊള്ളുന്നതാണ് ജനാധിപത്യം എന്നദ്ദേഹത്തിന് അറിയാമായിരുന്നു.നെഹ്രുവിന്റെ ഒന്നാം മന്ത്രിസഭ പരിശോധിക്കുമ്പോൾ തന്നെ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവും. തന്റെ മന്ത്രിസഭയിൽ അംഗമാകാൻ ക്ഷണിച്ചുകൊണ്ട് ജയപ്രകാശ് നാരായണന് നെഹ്റു അയച്ച കത്ത് വളരെ പ്രസിദ്ധമാണല്ലോ. ഇത്തരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലായാലും, തന്റെ മന്ത്രിസഭയിലായാലും, കോൺഗ്രസ് പാർട്ടിയിലായാലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ, അവയെ പ്രതിനിധീകരിക്കുന്ന മനുഷ്യരെ ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ എന്നതാണ് നെഹ്‌റുവിന്റെ കാഴ്ചപ്പാട്.

ജനാധിപത്യത്തിനോട് നെഹ്റു പുലർത്തിയ സത്യസന്ധത, വിമർശനങ്ങളോട് അദ്ദേഹം കാട്ടിയ സഹിഷ്ണുത, അദ്ദേഹം ഉയർത്തിപ്പിടിച്ച ഉൾക്കൊള്ളൽ മനോഭാവം ഇവയെല്ലാം ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിൽ ബാക്കിയുണ്ടോ എന്നത് ഒരു വലിയ ചോദ്യമാണ്. നെഹ്രുവിയൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നവർ പോലും ഇവയെപ്പറ്റി ഓർക്കുന്നുണ്ടോ എന്നും അറിയില്ല. ഈ ജനാധിപത്യമൂല്യങ്ങൾ ഒന്നുമില്ലാതെ നമ്മൾ പറയുന്ന നെഹ്റു, അതേത് നെഹ്രുവാണ് എന്ന് ചോദിക്കേണ്ടിവരും.

കോൺഗ്രസ് അപാകതകൾ പരിഹരിച്ച്, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോൾ നമ്മൾ നോക്കേണ്ടത് പിന്നിലേക്കാണ്. കോൺഗ്രസിന്റെ അടിസ്ഥാന സ്വഭാവങ്ങൾ ഗാന്ധിയിലും നെഹ്രുവിലും ആസാദിലുമെല്ലാം പരന്ന് കിടക്കുകയാണ്. അവയെ മുൻനിർത്തി മാത്രമേ കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കാൻ സാധിക്കുകയുള്ളൂ. ഹിന്ദുത്വ ഫാസിസത്തെ തോൽപ്പിച്ച് മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ, വിമർശനങ്ങൾക്ക് സഹിഷ്ണുതയോടെ കാതോർക്കുന്ന , രാഷ്ട്രീയമായ കലഹങ്ങൾക്ക് ആരോഗ്യപരമായ ഇടമുള്ള, വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരെ ഒന്നിച്ച് ചേർത്ത് നിർത്തുന്ന, അധികാരം ജനാധിപത്യത്തിനോട് തോൾചേർന്ന് നിൽക്കുന്ന ഒരു കോൺഗ്രസിനെയാണ് നമ്മൾ സൃഷ്ടിക്കേണ്ടത്. നെഹ്‌റുവിനെ തുടച്ചുനീക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് നെഹ്‌റുവിനെ ഉയത്തിപ്പിടിച്ചാവണം നമ്മൾ മറുപടി നൽകേണ്ടത്. സംഘപരിവാറിനെ പ്രതിരോധിക്കാനുള്ള മരുന്ന് – അത് കോൺഗ്രസിലുണ്ട്; കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കാനുള്ള കരുത്ത് കോൺഗ്രസിന്റെ തന്നെ ചരിത്രത്തിലുണ്ട്.

സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രമല്ല,
നെഹ്രുവിന്റെ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ.

Related posts

Leave a Comment