നെഹ്റുവും പട്ടേലും രാജ്യത്തിന്‍റെ വഴികാട്ടികള്‍ഃ മോദി

ന്യൂഡല്‍ഹിഃ ആധുനിക ഭാരതത്തിനു ദിശാബോധം നല്‍കിയ ദേശീയ നേതാക്കളാണു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ വല്ലഭ് ബായി പട്ടേലുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമര പോരാളികളുടെ സ്മരണയിലാണ് രാജ്യം സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യം നൂറ് ലക്ഷം കോടിയുടെ സുസ്ഥിര വികസന പദ്ധതികള്‍ നടപ്പാക്കും. അതിനുള്ളില്‍ രാജ്യം ആത്മനിര്‍ഭര രാഷ്‌ട്രമായി മാറുമെന്നും മോദി പ്രഖ്യാപിച്ചു.

രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിർമാണങ്ങൾ, പുതുതലമുറ ടെക്നോളജി എന്നിവയ്ക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

വരും വർഷങ്ങളിൽ രാജ്യത്തെ ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്. നമ്മൾ അവർക്ക് പുതിയ സൗകര്യങ്ങൾ നൽകണം. അവർ രാജ്യത്തിന്റെ അഭിമാനമായി മാറണം. ‘ഛോട്ട കിസാൻ ബനേ ദേശ് കി ഷാൻ’ (ചെറുകിട കർഷകർ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ) എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണ്. രാജ്യത്തെ 70ൽ അധികം റൂട്ടുകളിൽ ‘കിസാൻ റെയിൽ’ ഓടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഗ്രാമങ്ങൾ അതിവേഗം മാറുന്നത് ഇന്ന് നാം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ എത്തിയിട്ടുണ്ട്. ഇന്ന്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് ഗ്രാമങ്ങൾക്ക് ഡാറ്റയുടെ ശക്തി നൽകുന്നു, ഇന്റർനെറ്റ് അവിടെ എത്തുന്നു. ഗ്രാമങ്ങളിലും ഡിജിറ്റൽ സംരംഭകർ തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോക്കിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങളെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ടോക്കിയോയില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയ കായികതാരങ്ങള്‍ ഇവിടെ സന്നിഹിതരാണ്. അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കണമെന്ന് രാഷ്‌ട്രത്തോട് അഭ്യര്‍ഥിക്കുകയാണ്. നമ്മുടെ ഹൃദയം കീഴടക്കുക മാത്രമല്ല, ഭാവി തലമുറയെ പ്രചോദിപ്പിക്കുക കൂടിയാണ് അവ‍ര്‍ ചെയ്‌തത്’ എന്നും പ്രധാനമന്ത്രി പറഞ്ഞു.

Related posts

Leave a Comment