നീറ്റ് പരീക്ഷ കഴിഞ്ഞു, സൗദിയിലെ വിദ്യാർത്ഥികളിൽ ഏറെയും നിരാശയിൽ. എംപിയുടെ ഉറപ്പും പാഴ്വാക്കായി

നാദിർ ഷാ റഹിമാൻ

റിയാദ് : സൗദിയിൽ പരീക്ഷാകേന്ദ്രം ലഭിക്കുമെന്ന വിശ്വാസത്തിൽ കാത്തിരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നിരാശരാക്കി ഇന്നലെ നീറ്റ് പരിക്ഷ നടന്നു. ഇന്ത്യയ്ക്ക് പുറത്തു പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച കുവൈത്തിലും ദുബൈയിലും അടക്കം 16.1ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

കോവിഡിന്റേയും യാത്ര നിരോധനത്തിന്റെയും പശ്ചാത്തലത്തിൽ സൗദിയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അപേക്ഷ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ കഴിയാഞ്ഞത്.

ആലപ്പുഴ എംപി എ എം ആരിഫ് നൽകിയ ഉറപ്പും പാഴായി. ഓഗസ്റ്റ് ആറിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആയിരിക്കേ ആണ് ഓഗസ്റ്റ് ഏഴിന് സൗദിയിൽ പരീക്ഷ കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പു ലഭിച്ചു എന്ന് എംപി എ എം ആരിഫിന്റെ പ്രസ്താവന വരുന്നത്. സോഷ്യൽ മീഡിയ ആഘോഷിച്ചെങ്കിലും പതിവ് പോലും അതും പുലരാതെ പോയി .

കഴിഞ്ഞ വര്ഷം എഴുതാൻ കഴിയാതെ പോയ വിദ്യാർഥികളടക്കം ഏതാണ്ട് ആയിരത്തിലേറെ പേരാണ് നീറ്റ് എക്സാം സെന്ററിനായി കാത്തിരുന്നത്.അനിശ്ചതത്വം തുടർക്കഥയായപ്പോൾ മിക്കവാറും കുട്ടികൾ കേരളത്തിലാണ് സെന്റര് നിശ്ചയിച്ചിരുന്നത്. കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതും നിപ പുതിയ ഭീഷണി ഉയർത്തുമ്പോഴും ആശങ്കയോടെയാണ് കുട്ടികളെ പരീക്ഷയ്ക്കായി കേരളത്തിലേക്ക് അയച്ചത്.

വിദ്യാർഥികൾ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചു ഒറ്റക്കാണ് യാത്ര ചെയ്തത്. ചിലർക്ക് പോകാനും കഴിഞ്ഞില്ല . നാട്ടിലെത്തിയ വിദ്യാർത്ഥികൾക്കാകട്ടെ, മൂന്നു ദിവസം മുമ്പ് മാത്രം കിട്ടിയ ഹാൾ ടിക്കറ്റിൽ രക്ഷിതാക്കളുടെ ഒപ്പു വേണമെന്ന നിർദ്ദേശം മറ്റൊരു ദുരിതം കൂടി സമ്മാനിച്ചു. ഒപ്പിട്ടു നൽകാൻ പെട്ടെന്ന് നാട്ടിലേക്കെത്താൻ കഴിയാതെ പോയ രക്ഷിതാക്കളും നിരാശയിലാണ്.

85000 സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്, അതിൽ നാൽപ്പതു ശതമാനം മാത്രമേ ഗെവേണ്മെന്റ് മേഖലയിൽ ഉള്ളു. ബാക്കി സീറ്റുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കണം. അല്ലെങ്കിൽ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിച്ചു ബിരുദം കരസ്ഥമാക്കണം . എന്നാൽ വിദേശ ബിരുദം നേടിയവർക്ക് 2018 ൽ നിലവിൽ വന്ന പുതിയ നിയമം അനുസരിച്ചു നീറ്റ്‌ പരീക്ഷ പാസ്സാകാതെ ഇന്ത്യയിൽ ഡോക്ടറായി ജോലി ചെയ്യാൻ കഴിയില്ല എന്നതും രക്ഷിതാക്കളിൽ ആശങ്ക പടർത്തുന്നു.

Related posts

Leave a Comment