നീലഗിരിയെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ ജീവനോടെ പിടികൂടണം; കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ മേഖലയെ ഭീതിയിലാഴ്ത്തി നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.ഇന്ത്യയിൽ കടുവകളുടെ എണ്ണം കുറവായതിനാൽ ജീവനോടെ പിടികൂടണമെന്ന്‌ ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി ഉത്തരവിട്ടു. കടുവയെ കൊല്ലാനുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിനെതിരെ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

കടുവ മുതുമല വന്യജീവി സങ്കേതത്തിന് അകത്തായതിനാൽ പിടികൂടാൻ ചുരുങ്ങിയ ആളുകൾ അടങ്ങിയ സംഘത്തെ നിയോഗിക്കണം. കൂടുതൽ ആളുകൾ വനത്തിൽ പ്രവേശിച്ചാൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടാകുമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ നാല് പേരെയാണ് കടുവ കൊന്ന് തിന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് കടുവയെ വെടിവെച്ച്‌ കൊല്ലാൻ വനം വകുപ്പ് ഉത്തരവിട്ടത്.
ഇതിനിടെ കടുവയെ പിടികൂടാനുള്ള തെരച്ചിൽ തുടരുകയാണ്.

വന്യ ജീവി സാങ്കേതത്തിനകത്തുള്ള കടുവയെ ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച നായകൾ, കുങ്കിയാനകൾ ഡ്രോൺ, ക്യാമറ എന്നിവയടക്കം ഉപയോഗിച്ചാണ് തിരച്ചിൽ. അന്വേഷണ സംഘത്തിൽ കേരളത്തിൽ നിന്നടക്കമുള്ള 160 പേരുണ്ട്.

Related posts

Leave a Comment