വൈപ്പിൻ: തകർന്നു കിടക്കുന്ന നെടുങ്ങാട് – നായരമ്പലം റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തം. നെടുങ്ങാട് പള്ളിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രഹികളുമായുള്ള ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിച്ചതുമൂലമായിട്ടാണ് റോഡ് തകർന്നത്. പാലം നിർമ്മാണം അഞ്ച് വർഷമെടുത്ത് പൂർത്തിയാക്കിയെങ്കിലും തകർന്ന റോഡിൽ ഒന്നും ചെയ്തിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിലെത്തിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായി.
ഒരു വർഷത്തിലധികമായി നായരമ്പലം ഗ്രാമപഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ട്. നെടുങ്ങാട് മുതൽ നായരമ്പലം വരെ ബി.എം.ബി.സി. നിലവാരത്തിൽ റോഡ് പുനർ നിർമ്മിക്കാമെന്ന് മുൻ എം.എൽ.എ. എസ് ശർമ്മ പലപ്പോഴായി വാഗ്ദാനം നൽകിയിരുന്നു. ഇതിനിടെ തിരക്കിട്ട് നിയമസഭാ ഇലക്ഷനു തൊട്ട് മുൻപ് പാലം ഉദ്ഘാടനം ചെയ്തു. നെടുങ്ങാട് ജംഗ്ഷൻ മുതൽ പാലം വരെയും പാലത്തിന് ശേഷം നൂറ് മീറ്റർ ദൂരത്തിൽ മടവേസ്റ്റ് ഉപയോഗിച്ച് റോഡ് ഉയർത്തുകയുമാണുണ്ടായത്. പക്ഷേ പിന്നീട് റോഡ് നിർമ്മാണം പൂർത്തീകരിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കോൺട്രാക്ടറിനോടും ഉദ്യോഗസ്ഥരോടും അന്വേഷിച്ചപ്പോൾ റോഡ് പണി ഉടൻ തുടങ്ങില്ല എന്ന മറുപടിയാണ് ലഭിച്ചത്.ഇപ്പോഴത്തെ എം.എൽ.എ.യും ഇക്കാര്യത്തിൽ കടുത്ത അലംഭാവമാണ് പുലർത്തുന്നത്. റോഡ് നിർമ്മാണം തുടങ്ങാത്തതിനെതിരെ നിരവധി പരാതികൾ കൊടുത്തിട്ടും റോഡിലെ കുഴികൾ അടക്കുന്നതു പോലുള്ള താത്കാലിക പരിഹാരം നടപ്പിലാക്കാൻ പോലും തയ്യാറാവുന്നില്ല. ഇത് നായരമ്പലം പഞ്ചായത്തിലെ നാല് വാർഡുകളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ കടുത്ത അവഗണനക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചൻ അറിയിച്ചു.