പകർന്നാട്ടം ഇനിയില്ല; അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ അതുല്യ പ്രതിഭ

സേതുരാജ് കടയ്ക്കൽ

അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച നടനായിരുന്നു നെടുമുടി വേണു. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാൾ. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്.

തുടക്കം

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവ പിള്ളയുടെയും പി. കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകൻ. കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു. കലാകാരൻ ആകാൻ ജനിച്ച ആളായിരുന്നു വേണു. കവിതയും സംഗീത നാടകങ്ങളും എഴുതി അവതരിപ്പിക്കുന്ന കേശവപിള്ള മക്കളെ പാട്ടും വാദ്യങ്ങളും പഠിപ്പിച്ചു.

നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് നെടുമുടി വേണു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

പുതിയ ചുവടുവെപ്പ്

ആലപ്പുഴ എസ്. ഡി കോളേജില്‍ ബിരുദ പഠന സമയമാണ് വേണുവിന് പുതിയ അരങ്ങുകൾ തുറന്നുകൊടുക്കുന്നത്. അതേസമയത്ത് സഹപാഠിയായിരുന്ന ഫാസിലിനെ ( സംവിധായകൻ) പരിചയപ്പെടുന്നതും, നാടക താല്പര്യം ആയിരുന്നു, പിന്നീട് അവരെ കൂടുതൽ അടുപ്പിച്ചതും. ഇരുവരും ചേർന്ന് നാടകങ്ങളും ചെറിയതോതിൽ മിമിക്രിയും അവതരിപ്പിച്ച് കലാരംഗത്ത് പതിയെ സജീവമായി. പ്രൊഫഷണന്‍ നാടകങ്ങളിലും അമെച്വര്‍ നാടകങ്ങളിലും പ്രവര്‍ത്തിച്ചു. പിന്നീട് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിൻറെ നാടകസംഘത്തിൽ സജീവമായി. അവിടത്തെ കളരി വേണുവിന്റെ അഭിനയത്തിനും പാട്ടിനും മൂർച്ചയേകി. അവിടെ നിന്നാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പത്തിൽ ആവുന്നത്. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ‘അവനവൻ കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും അക്കാലയളവിൽ ജോലിചെയ്തു.

വെള്ളിത്തിര

അരവിന്ദൻ, പത്മരാജൻ, ഭരതൻ തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് വന്ന ഭരതന്റെ ആരവ’വും ‘തകര’യും വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. സക്കറിയ എഴുതി വേണു സംവിധാനം ചെയ്ത ‘കൈരളീവിലാസം ലോഡ്ജ്’ എന്ന പരമ്പര വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി .

പത്മരാജന്റെ ‘ഒരിടത്തൊരു ഫയല്‍വാന്‍’ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. തനത് നാടകപ്പാട്ടുകളും മൃദംഗവും നാടന്‍ശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടിവേണു എന്ന പ്രതിഭ. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും കരസ്ഥമാക്കി.

അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍,വിടപറയുംമുമ്പേ,മംഗളം നേരുന്നു, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഒരിടത്ത്, പെരുന്തച്ചൻ, ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം,
അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഫടികം , ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ, ശ്രുതി, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.ഇന്ത്യന്‍, അന്യന്‍, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളില്‍ വേഷമിട്ടു.

ഒരു കലാകാരൻ എന്ന നിലയിൽ തൻറെ കലയോട് പുലർത്തിയ സമർപ്പണവും അർപ്പണമനോഭാവവുമാണ് നെടുമുടി വേണുവിനെ മലയാളത്തിലെ മഹാനടന്മാരിൽ ഒരാൾ ആക്കി മാറ്റിയത്. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്നത് തീര്‍ച്ച. പുറത്തിറങ്ങാൻ ഇരിക്കുന്ന മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ‘ആറാട്ട്’ മമ്മൂട്ടി ചിത്രം ‘പുഴു’ എന്നീ ചിത്രങ്ങളിലൂടെ ഈ അതുല്യ പ്രതിഭയുടെ അസാമാന്യ അഭിനയത്തിന് അവസാനമായി ഒരിക്കൽ കൂടി നമുക്കു സാക്ഷ്യം വഹിക്കാം.

Related posts

Leave a Comment