സംസ്ഥാനത്ത് ആയിരത്തോളം കള്ളക്വാറികൾ, കണ്ണടച്ച് സർക്കാർ, കണ്ണീർ കുടിച്ചു ജനങ്ങൾ


സി.പി. രാജശേഖരൻ

കൊച്ചി: കേരളം പ്രളയക്കെടുതിയിലും ഉരുൾ ഭീതിയിലും വിർപ്പുമുട്ടുമ്പോൾ മരണവിത്തെറിഞ്ഞ് ആയിരത്തോളം കള്ള ക്വാറികൾ ഒരു തടസവുമില്ലാതെ പ്രവർത്തിക്കുന്നു. ഇതിനു പുറമേ സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്ന ആറായിരത്തോളം അം​ഗീകൃത ക്വാറികൾ വേറെയും. ഇതിൽ നിന്നെല്ലാം കൂടി അഞ്ചുകോടിയിൽപ്പരം മെട്രിക് ടൺ പാറ പുറത്തേക്കു പായുമ്പോൾ സഹ്യനപ്പാടെ കുലുങ്ങി വിറയ്ക്കുന്നു. അവനു താങ്ങിനിർത്താൻ കഴിയാതെ കൈവിട്ടു പോകുന്ന മണ്ണിനടിയിൽ നൂറുകണക്കിനു ജീവനും ലക്ഷക്കണക്കിനു ജീവിതങ്ങളും പൊലിഞ്ഞില്ലാതാകുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിലു‌മായി ഏഴായിരത്തിലധികം ക്വാറികളാണു പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിമിർത്തു പെയ്യുന്ന പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലുമായി 45 പേർ ഇല്ലാതായിട്ടും ക്വാറികൾക്ക് അധികൃതർ സ്റ്റോപ് മെമ്മോ കൊടുത്തിട്ടില്ല.

  • ഇടതു സർക്കാർ അനുമതി നൽകിയത് മുന്നൂറോളം ക്വാറികൾക്ക്

ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതുതായി അനുമതി നൽകിയത് മുന്നോറോളം പാറമടകൾക്ക്. 2019 ജനുവരി ഒന്നുമുതൽ ഒക്റ്റോബർ വരെമാത്രം നൽകിയത് 223 പാറമടകൾക്കുള്ള ലൈസൻസ്. അനുമതി കാത്ത് 750 അപേക്ഷകൾ മൈനിം​ഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പക്കലുണ്ട്. അനുമതി കൊടുത്തിട്ടില്ലെങ്കിലും ഇതിൽ നല്ല പങ്കും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 586 ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നു സർക്കാരിനു തന്നെ അറിയാം. വൻകിട ഇടപാടുകാരുടെ ബിനാമികളും സബ് കോൺട്രാക്റ്റർമാരുമാണ് ഇവിടെ ഖനനം ചെയ്യുന്നത്. അതു തടയാൻ അധികൃതർക്കാവുന്നില്ല. പാറയെക്കാൾ കട്ടിയുള്ള കൈക്കൂലിയാണു കാരണം. ഹരിത ട്രൈബ്യൂണലിന്റെ ശക്തമായ ഇടപെടലുകൾ മൂലം 436 ക്വാറികൾക്ക് പ്രവർത്തനാനുമതി നിഷേധിച്ചിട്ടുണ്ട്.
2018-19 ൽ മാത്രം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി 223 പാറമടകൾക്കാണ് അനുമതി നൽകിയത്. ഏറ്റവും കൂടുതൽ എറണാകുളത്ത് കുറവ് വയനാട്ടിലും. കണക്കിങ്ങനെഃ എറണാകുളം 47, പാലക്കാട് 35, മലപ്പുറം 32, കോഴിക്കോട്, കണ്ണൂർ 23 വീതം, പത്തനംതിട്ട 16, തിരുവനന്തപുരം 15, കൊല്ലം 12, കോട്ടയം 9, തൃശൂർ 6, ഇടുക്കി, കാസര്​ഗോഡ് 2 വീതം, വയനാട് 1.

  • കവളപ്പാറയും പാഠമാക്കുന്നില്ല

2019 ഓ​ഗസ്റ്റ് എട്ടിന് 59 പേരുടെ ജീവനെടുത്ത മലപ്പുറം ജില്ലയിലെ കവളപ്പാറ ഉരുൾപൊട്ടലാണ് കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തം. ഒരൊറ്റ ദിവസം കൊണ്ട് ഒരു മലഞ്ചരിവ് അപ്പാടെ ഭൂമുഖത്തുനിന്നു മാഞ്ഞു പോയി. അന്നു കാണാതായ ഏതാനും ചിലരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. പശ്ചിമ ഘട്ട സംരക്ഷണ പദ്ധതിയുടെ ഭാ​ഗമായി കേന്ദ്ര സർ‌ക്കാർ നിയോ​ഗിച്ച മാധവ് ​ഗാഡ​ഗിൽ കമ്മിഷൻ കണ്ടെത്തിയ അതിതീവ്ര ലോല മേഖലയിൽപ്പെട്ട പ്രദേശമായിരുന്നു കവളപ്പാറ. എന്നാൽ ഈ മുന്നറിയിപ്പ് ആരും ചെവിക്കൊണ്ടില്ല. അപകടമുണ്ടായ സ്ഥലത്തിനു പത്തു കിലോമീറ്റർ ചുറ്റളവിൽ 33 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ പ്രകമ്പനമാണ് കവളപ്പാറയിലെ ഭൂമി പിളർത്തിയതെന്നു കണ്ടെത്തിയെങ്കിലും പാറമടകളെല്ലാം പാറപോലെ ഉറച്ചു നിൽക്കുന്നു., ഇപ്പോഴും.

  • 140 മലയിടിച്ചിൽ, ആയിരത്തിലധികം ജീവഹാനി

1983 മുതൽ 2020 വരെ സംസ്ഥാനത്ത് 140ൽപ്പരം മേജർ ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ടെന്നാണു കണക്ക്. അവിടെയെല്ലാം കൂടി 1200ൽപ്പരം ആളുകൾ കൊല്ലപ്പെട്ടു എന്നും രേഖകൾ പറയുന്നു. മഴയും പ്രളയവും തീർത്തതിന്റെ കണക്ക് ഇതിൽപ്പെടില്ല. 1980 മുതൽ 2000 വരെയുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അക്കാലത്തെ യുപിഎ സർക്കാർ നിയോ​ഗിച്ച പ്രൊഫ. മാധവ് ​ഗാഡ്​ഗിൽ കമ്മിഷന്റെ കണ്ടെത്തൽ പ്രകാരം കേരളത്തിൽ അന്നുണ്ടായിരുന്ന ക്വാറികൾ പോലും അപകടാവസ്ഥയിലായിരുന്നു. ഇതിനു പുറമേ 40ൽപ്പരം അണക്കെട്ടുകളും പശ്ചിമഘട്ടത്തിന്റെ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടിക്കുന്നതാണെന്നും കണ്ടെ‌ത്തി.
​ഗുജറാത്തിലെ സം​ഗോത് മുതൽ തമിഴ്നാട്ടിലെ മരുതുവാഴ്‌മലൈ വരെയുള്ള 1600 കിലോമീറ്റർ നീണ്ട പശ്ചിമ ഘട്ടത്തിൽ ഏറ്റവും കൂടുൽ പ്രകൃതി ലോല പ്രദേശം കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ക്വാറികൾ നിയന്ത്രിക്കണമെന്ന് അന്നു കമ്മീഷൻ ശുപാർശ ചെയ്തത്. എന്നാൽ ​ഗാഡ്​ഗിൽ കമ്മിഷനെതിരേ ഏറ്റവും ശക്തമായി സമരം ചെയ്യുകയും ബിനാമികൾക്കു വേണ്ടി ഏറ്റവും കൂടുതൽ ക്വാറികൾക്ക് അനുമതി നൽകുകയും ചെയ്ത സിപിഎം ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. സംസ്ഥാനത്തെ പാറ ലോബക്ക് ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ച മറ്റൊരു സാഹചര്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന മന്ത്രിസഭയിലുള്ള ചിലരുടെ ഉറ്റബന്ധുക്കൾക്കു പോലും വലിയ തോതിൽ ക്വാറികളുണ്ട്. പിന്നെങ്ങനെ, ആരു പൂച്ചയ്ക്കു മണികെട്ടും?

Related posts

Leave a Comment